- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രക്കാരി ചാടിയെണീറ്റ് കോക്ക്പിറ്റിന്റെ വാതിലിൽ തുടരെ ഇടിച്ചു; വിമാനം ഇറങ്ങുന്ന നേരമായതിനാൽ പെട്ടെന്നുള്ള ശബ്ദം പൈലറ്റിനെ പരിഭ്രാന്തിയിലാക്കി; പരാതി പൊലീസിൽ എത്തിയതിനാൽ വിമാനത്തിനുള്ളിൽ പരിശോധന; സ്പൈസ് ജെറ്റ് വിമാനത്തിൽ ശ്രേയ സിങ് അന്ന് കാട്ടികൂട്ടിയതിൽ അന്വേഷണം തുടരുമ്പോൾ
തിരുവനന്തപുരം: വിമാനം റൺവേയിലിറങ്ങുമ്പോൾ സീറ്റ്ബെൽറ്റ് അഴിച്ച് യാത്രക്കാരി കോക്ക്പിറ്റിലിടിച്ച് ബഹളംവച്ച സംഭവത്തിൽ വിമാനത്തിനുള്ളിൽ തെളിവെടുപ്പുമായി പൊലീസ്. വലിയതുറ പൊലീസാണ് വിമാനത്താവള അധികൃതരുടെ അനുമതിയോടെ വിമാനത്തിനുള്ളിൽ കയറി തെളിവെടുപ്പു നടത്തിയത്. വലിയതുറ എസ്ഐ. അഭിലാഷ് എം., വനിതാ എസ്ഐ. അലീനാ സൈറസ് എന്നിവരാണ് തെളിവെടുത്തത്. വളരെ അപൂർവമായാണ് സംസ്ഥാന പൊലീസ് വിമാനത്തിനുള്ളിൽ കയറി ഇത്തരത്തിലുള്ള തെളിവെടുപ്പു നടത്തുന്നത്.
2021 ഓഗസ്റ്റ് 31-ന് രാത്രിയായിരുന്നു സംഭവം. അന്ന് രാത്രി ഒൻപതിന് തിരുവനന്തപുരത്തിറങ്ങിയ സ്പൈസ് ജെറ്റ് വിമാനത്തിൽ ലഖ്നൗ സ്വദേശിനിയായ ശ്രേയ സിങ് എന്ന യാത്രക്കാരി ചാടിയെണീറ്റ് കോക്ക്പിറ്റിന്റെ വാതിലിൽ തുടരെ ഇടിക്കുകയായിരുന്നു. വിമാനത്തിന്റെ പൈലറ്റ് സന്ദീപ് വി എസ്. തിരുവനന്തപുരം വിമാനത്താവളത്തിലെ സുരക്ഷാസേനയ്ക്കു നൽകിയ പരാതി പിന്നീട് വലിയതുറ പൊലീസിനു കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച രാത്രി വിമാനത്തിനുള്ളിൽ കയറി പരിശോധന നടത്തിയത്.
യാത്രക്കാരി ഇരുന്ന സീറ്റ്, കോക്ക്പിറ്റിൽ ഇടിച്ച് ബഹളമുണ്ടാക്കിയ സ്ഥലം എന്നിവ പൊലീസ് തെളിവെടുപ്പിന്റെ ഭാഗമായി പരിശോധിച്ചു. വിമാനം ഇറങ്ങുന്ന നേരമായതിനാൽ പെട്ടെന്നുള്ള ശബ്ദം പൈലറ്റിനെ പരിഭ്രാന്തിയിലാക്കിയിരുന്നു. വിമാനം നിർത്തിയ ശേഷം പൈലറ്റ് എയർട്രാഫിക് കൺട്രോളിൽ തനിക്കുണ്ടായ ബുദ്ധിമുട്ടറിയിച്ചു. ഇവിടെനിന്ന് ടെർമിനൽ മാനേജരെയും അറിയിച്ചു.
ഇതേത്തുടർന്ന് സിഐ.എസ്.എഫ്. കമാൻഡോകളടക്കമുള്ള ഉദ്യോഗസ്ഥരെത്തി യുവതിയെ തടഞ്ഞുവച്ചു. പരിശോധനയ്ക്കു ശേഷം വലിയതുറ പൊലീസിനു കൈമാറുകയായിരുന്നു. മാനസികവിഭ്രാന്തിയെ തുടർന്നാണ് യുവതി ഇപ്രകാരം ചെയ്തതെന്നാണ് പൊലീസിനു നൽകിയ മൊഴി. തുടർന്ന് യുവതിയുടെ ഭർത്താവിനെ വിളിച്ചുവരുത്തി ജാമ്യത്തിൽ വിട്ടയയ്ക്കുകയായിരുന്നു.
വിമാന ജീവനക്കാരുടെയും പൈലറ്റിന്റെയും ജോലിക്കു തടസ്സം വരുത്തിയതിനും വിമാനത്തിനുള്ളിൽ അപകടമാരായ രീതിയിൽ നടത്തിയ പ്രവർത്തനങ്ങൾക്കുമാണ് എയർക്രാഫ്റ്റ് നിയമപ്രകാരം വലിയതുറ പൊലീസ് കേസെടുത്തത്. കേസെടുത്ത സാഹചര്യത്തിലായിരുന്നു പരിശോധന.
മറുനാടന് മലയാളി ബ്യൂറോ