വാഷിങ്ടൺ: ചൊവ്വയിൽ ജീവന്റെ തുടിപ്പിന് നില നിൽക്കാൻ സാധിക്കുമോ എന്ന ഗവേഷണത്തിലാണ് ഇപ്പോൾ ശാസ്ത്ര ലോകം. ഇതിനിടയിലാണ് നാം ബഹിരാകാശ കമ്പനിയായ സ്‌പെയ്‌സ് എക്‌സിനെ കുറിച്ചും അതിന്റെ പ്രവർത്തനങ്ങളെ കുറിച്ചും അറിഞ്ഞത്. എന്നാലിപ്പോൾ എന്ത് വന്നാലും ചൊവ്വയിലേക്ക് പോകുമെന്ന് ഉറപ്പ് പറയുകയാണ് ബഹിരാകശ കമ്പനിയുടെ സിഇഒ ഇലോൺ മസ്‌ക്.

ചൊവ്വയിലെത്തുന്ന ഒരാൾക്ക് മരിക്കാനുള്ള നല്ല സാധ്യതയുണ്ടെങ്കിലും ചൊവ്വയിലേക്ക് പോകാൻ തയ്യാറാണെന്നാണ് ഇപ്പോൾ ഇദ്ദേഹം അറിയിച്ചിരിക്കുന്നത്. എച്ച്.ബി.ഒ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മസ്‌ക് ഇക്കാര്യം വെളിപ്പെടുത്തിയത്.

അഭിമുഖത്തിൽ മസ്‌കിന്റെ വാക്കുകളിങ്ങനെ. 'ഞാൻ അവിടെ ചെല്ലുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്, എവറസ്റ്റ് കീഴടക്കാൻ പുറപ്പെടുന്ന പർവതാരോഹകരിൽ പലരും അവിടെ മരിച്ചുവീഴുന്നുണ്ട്. എന്നുകരുതി ആഗ്രഹമുള്ളവരാരും അവിടെ പോകാതിരിക്കുന്നില്ല. വെല്ലുവിളി സ്വീകരിച്ചുകൊണ്ട് ഇപ്പോഴും ആളുകൾ അവിടെയെത്തുന്നു. ഇതിന് സമാനമാണ് ചൊവ്വയിൽ കാലുകുത്തുകയെന്ന എന്റെ ആഗ്രഹം '.

ചുവന്ന ഗ്രഹത്തിലേക്ക് പോകാൻ താൽപര്യമുള്ളവർ ഇപ്പോൾത്തന്നെ സമ്പാദിച്ചു തുടങ്ങണമെന്നും ഇതിന് കോടികൾ ചെലവ് വരുമെന്നും സ്പേസ് എക്സ് സ്ഥാപകൻ മുന്നറിയിപ്പ് നൽകുന്നു. അന്യ ഗ്രഹങ്ങളിലേക്ക് യാത്ര ചെയ്യാനുള്ള വാഹനം 'സ്റ്റാർഷിപ്പ്' ചൊവ്വാ യാത്രയ്ക്ക് സജ്ജമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.