കൊച്ചി: ഹലോ എന്ന സിനിമ ചെയ്യുന്നത് വരെ പരിചയപ്പെടാൻ ആളുകൾ അങ്ങനെയൊന്നും വരാറില്ലായിരുന്നുവെന്ന് സ്ഥടികം ജോർജ് പക്ഷേ ഹലോയിൽ അൽപ്പം കോമഡി ചെയ്തപ്പോൾ പ്രേക്ഷകർക്ക് അത് ഇഷ്ടപ്പെട്ടെന്നും താരം പറയുന്നു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

പുതിയ ചിത്രമായ കാർബണിലെ വേഷത്തെക്കുറിച്ചും താരം മനസ്സ് തുറക്കുന്നു. കിട്ടുന്ന കഥാപാത്രങ്ങൾ ചെയ്യുക എന്നതാണ് എന്റെ മോട്ടോ. എന്നാലും വില്ലൻ വേഷങ്ങൾ ഒരുപാട് ചെയ്തപ്പോൾ ഒരു മാറ്റം ആഗ്രഹിച്ചിരുന്നു. കാർബണിലെ അച്ഛന്റെ കഥാപാത്രം പരമാവധി നന്നാക്കാൻ നോക്കിയിട്ടുണ്ട്. മകന് നല്ലത് വരാൻ വേണ്ടിമാത്രം പ്രാർത്ഥിക്കുന്ന, വീട്ടിലെ പ്രശ്‌നങ്ങൾ ഒറ്റയ്ക്ക് നേരിടുന്ന സാധുവായ ഒരച്ഛനാണ് കാർബണിലേത്. ഒരുപാട് പേർ വിളിക്കുകയും അഭിനന്ദിക്കുകയുമൊക്കെ ചെയ്തു. എല്ലാവർക്കും ഒരു പുതുമ തോന്നിയിട്ടുണ്ടെന്നും സ്ഫടികം ജോർജ് പറയുന്നു.

മോഹൻലാൽ തനിക്ക് പ്രചോദനം ആയിരുന്നെന്നും താരം പറയുന്നു. സ്ഫടികമാണല്ലോ എനിക്ക് ബ്രേക്ക് തന്നത്. ഒരു നടൻ എന്ന നിലയിൽ എനിക്ക് വളരാൻ മോഹൻലാൽ വലിയ പ്രചോദനമായിട്ടുണ്ട്. അദ്ദേഹം പോലും അറിയാതെ. എങ്ങനെ പ്രൊഫഷണലാകാം എന്നത് പഠിപ്പിച്ചു തന്നതും മോഹൻലാലാണ്. അതുവരെ ഞാനൊരു അമച്വർ ആർട്ടിസ്റ്റായിരുന്നു. കഥാപാത്രം ഭദ്രൻ സാർ എന്നെ വിശ്വസിച്ച് ഏൽപിച്ചു. പിന്നീട് മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം എന്നിവർക്കൊപ്പം അഭിനയിക്കാനുള്ള ഭാഗ്യമുണ്ടായി. നല്ല സംവിധായകർക്കൊപ്പം ജോലി ചെയ്യാൻ കഴിഞ്ഞു. ഇപ്പോൾ ന്യൂജെനറേഷനൊപ്പം അഭിനയിക്കാൻ ഭാഗ്യമുണ്ടായെന്നും താരം പറയുന്നു.