ഫറണ്ടം നടത്തി സ്പെയിനിൽ നിന്നും സ്വതന്ത്രമായി പുതിയൊരു രാജ്യമായിത്തീരുന്നതിനുള്ള കാറ്റലോണിയ പ്രവിശ്യയുടെ നീക്കം കടുത്ത രാഷ്ട്രീയ പ്രതിസന്ധിക്ക് വഴിമരുന്നിടുകയും ആക്രമണങ്ങൾക്കും അനിശ്ചിതത്വത്തിനും വഴിമാറുന്നുവെന്നും ഏറ്റവും പുതിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. കാറ്റലോണിയൻ സ്വാതന്ത്ര്യത്തിന് വേണ്ടി എന്തിനും തയ്യാറായി തെരുവിലിറങ്ങിയവരുടെ പ്രക്ഷോഭം അടിച്ചമർത്തുന്നതിനായി മറ്റിടങ്ങളിൽ നിന്നും സ്പാനിഷ് ദേശീവാദികളെ ഇറക്കിയുള്ള പ്രതിരോധതന്ത്രം പയറ്റുകയാണ് സ്പാനിഷ് സർക്കാർ. ഇതിന്റെ ഭാഗമായി സ്പാനിഷ് പതാക ഏന്തിയ ലക്ഷക്കണക്കിന് നിയോ നാസികൾ സ്വാതന്ത്ര്യവാദികൾക്ക് നേരെ ആക്രമണം അഴിച്ച് വിട്ടുവെന്നും റിപ്പോർട്ടുണ്ട്. ഈ ഒരു പശ്ചാത്തലത്തിൽ ഏത് നിമിഷവും താൻ അറസ്റ്റിലായേക്കുമെന്ന ഭയത്താൽ മുറിയിൽ അടച്ച് കഴിയുകയാണ് കാറ്റലോണിയൻ പ്രസിഡന്റ് ചാൾസ് പുയിഗ്ഡെമോണ്ട്.

സ്പെയിനിന്റെ ഐക്യം ഉറക്കെ പ്രഖ്യാപിച്ച് സ്പാനിഷ് അധികൃതർ ഇന്നലെ സെൻട്രൽ ബാർസലോണയിലൂടെ ഒരു മാർച്ച് നടത്തിയിരുന്നു. ഈ നീക്കത്തിൽ ഏതാണ്ട് പത്ത് ലക്ഷത്തോളം പേർ ഏകീകൃത സ്പെയിനിനോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് എത്തിയിരുന്നുവെന്നാണ് സ്പാനിഷ് ഒഫീഷ്യലുകൾ അവകാശപ്പെടുന്നത്. കാറ്റലോണിയയെ ഒരു സ്വതന്ത്ര രാജ്യമാക്കാൻ അനുവദിക്കില്ലെന്ന ശക്തമായ മുദ്രാവാക്യങ്ങളായിരുന്നു മാർച്ചിൽ പങ്കെടുത്തവർ ഉയർത്തിയിരുന്നത്. മാർച്ചിൽ പങ്കെടുത്ത ചിലർ പ്രകോപനം ഉയർത്തുകയും ആക്രമണത്തിന് ശ്രമിക്കുകയും ചെയ്തപ്പോൾ അവരെ നിയന്ത്രിക്കാൻ പൊലീസുകാർ ലാത്തിയുമായി മുന്നോട്ട് വരുകയും ചെയ്തിരുന്നു.

മാഡ്രിഡിൽ മാർച്ചിൽ പങ്കെടുത്ത് ഡസൻ കണക്കിന് പേർ നാസി സല്യൂട്ട് നടത്തുക വരെ ചെയ്തിരുന്നുവെന്ന് ഇവിടെ നിന്നുമുള്ള വീഡിയോ വെളിപ്പെടുത്തുന്നു. കാറ്റലോണിയയെ സ്വതന്ത്രരാജ്യമായി പ്രഖ്യാപിച്ച കാറ്റലൻ നേതാവായ ചാൾസ് പുയിഗ്ഡെമോണ്ടിനെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയക്കണമെന്ന് മാർച്ചിൽ പങ്കെടുത്തവർ ശക്തമായി ആവശ്യപ്പെട്ടിരുന്നു. വിമതനീക്കം നടത്തിയ ചാൾസിന് മേൽ അതിനനുസരിച്ചുള്ള ചാർജുകൾ ചുമത്തി 30 വർഷം തടവിലിടുന്ന കാര്യം ഒരു ജഡ്ജ് പരിഗണിക്കണമെന്നും അവർ ആവശ്യപ്പെട്ടിരുുന്നു. വസ്തുതകൾ വളച്ചൊടിച്ച് കാറ്റലോണിയൻ സ്വാതന്ത്ര്യത്തിന് അനുകൂലമായി വാർത്തകൾ എഴുതുന്ന കാറ്റലൻ ജേർണലിസ്റ്റുകൾക്കെതിരെയും പ്രതിഷേധക്കാർ ശക്തമായ മുദ്രാവാക്യങ്ങൾ വിളിച്ചിരുന്നു.

തന്നെ സ്ഥാനഭ്രഷ്ടമാക്കിയ സ്പെയിനിന്റെ നടപടിയെ തള്ളിക്കളഞ്ഞ ചാൾസ് തന്റെ ദൗത്യവുമായി ഇന്ന് ബാർസലോണയിലേക്ക് പോകുമെന്നും റിപ്പോർട്ടുണ്ട്. തനിക്കെതിരെയുള്ള അറസ്റ്റ് സാധ്യത അദ്ദേഹത്തെ അലട്ടുന്നുമുണ്ട്. നാളെ എന്താണ് സംഭവിക്കുകയെന്ന് അറിയാത്തതിനാൽ കാറ്റലോണിയൻ പ്രസിഡന്റ് ആശങ്കയിലാണെന്നാണ് അദ്ദേഹത്തിന്റെ ഒരു ബോഡിഗാർഡുമാരിൽ ഒരാൾ ഡെയിലി മെയിലിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. നാളെ അദ്ദേഹം ബാർസലോണയിലേക്ക് പോകുമെന്നും ഇയാൾ പറയുന്നു. എന്നാൽ അതേ സമയം ഡിസംബറിലെ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കാറ്റലോണിയയിലെ ഇന്റിപെന്റന്റ് പാർട്ടികൾക്ക് അവരുടെ പാർലിമെന്ററി ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്നും സൂചനയുണ്ട്.

ഇന്നലെ രാവിലെ പ്രസിദ്ധീകരിച്ച ഒരു പോളാണ് ഇക്കാര്യം വെളിപ്പെടുത്തുന്നത്. അതിനിടെ കാറ്റലോണിയയുടെ ഭരണം സ്പെയിനിലെ കേന്ദ്രഗവൺമെന്റ് ഏറ്റെടുക്കാനൊരുങ്ങുന്നുവെന്നും സൂചനയുണ്ട്. ഈ മാസം ഒന്നിന് നടന്ന റഫറണ്ടത്തിൽ കാറ്റലോണിയയിലെ ഭൂരിഭാഗം പേരും സ്പെയിനിൽ നിന്നും വേർപെട്ട് സ്വതന്ത്രരാജ്യമാകുന്നതിനെ അനുകൂലിച്ചിരുന്നു. റഫറണ്ടത്തെ അടിച്ചമർത്താൻ സ്പാനിഷ് സർക്കാർ ശ്രമിച്ചിരുന്നുവെങ്കിലും ദശലക്ഷക്കണക്കിനാളുകളാണ് വോട്ട് ചെയ്യാനെത്തിയിരുന്നത്.