മാഡ്രിഡ്: കൊടും ചൂടിൽ വെന്തുരുകകയാണ് സ്‌പെയിൻ ഇപ്പോൾ. താപനില 44 ഡിഗ്രി സെൽഷ്യസ് എത്തിയതോടെ ചുടുകാറ്റിന്റെ ആക്രമണവും രാജ്യത്ത് വർധിച്ചിരിക്കുകയാണ്. കൊടുംവേനലിനെ നേരിടാൻ മതിയായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

രാജ്യത്തെ 50 പ്രൊവിൻസുകളിൽ 43 എണ്ണത്തിനും സ്‌പെയിൻ കാലാവസ്ഥാ ഏജൻസി ചുടുകാറ്റ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. രാജ്യത്തിന്റെ തെക്കൻ മേഖലകളിലാണ് കൊടുംചൂടിന്റെ ആക്രമണം ഏറെയുള്ളത്. ചിലയിടങ്ങളിൽ താപനില 43 ഡിഗ്രി വരെ ഉയരുമെന്നാണ് മുന്നറിയിപ്പുള്ളത്. തലസ്ഥാനമായ മാഡ്രിഡിലും താപനില 41 ഡിഗ്രി വരെ ഉയരും. Jaén, Badajoz, Cáceres, Ciudad Real എന്നിവിടങ്ങളിലും താപനില 41 ഡിഗ്രിയായിരിക്കും അനുഭവപ്പെടുക. Cuenca, Guadalajara എന്നിവിടങ്ങളിലാകട്ടെ 40 ഡിഗ്രിയായിരിക്കും ചൂട്.

ഹോളിഡേ ആഘോഷിക്കാൻ മല്ലോർക്കയിലേക്കും ഇബിസയിലെക്കും കാനറി ദ്വീപുകളിലേക്കും പോകുന്നവർക്കും ചൂടിൽ നിന്നു രക്ഷനേടാൻ സാധിക്കുകയില്ല. മല്ലോർക്കയിൽ 36 ഡിഗ്രിയും ഇബിസ, കാനറി ദ്വീപുകളിൽ 34 ഡിഗ്രിയുമായിരിക്കും ചൂട്. വടക്കൻ മേഖലകളിൽ ചൊവ്വാഴ്ച മുതൽ മേഘാവൃതമായ ആകാശമായിരിക്കും കാണപ്പെടുക. ചിലയിടങ്ങളിൽ നേരിയ തോതിൽ മഴ പെയ്‌തേക്കാമെന്നും പ്രവചനമുണ്ട്.

ടൂറിസത്തിന്റെ സീസൺ ആരംഭിച്ചതോടെ സ്‌പെയിനിലെ തെക്കൻ മേഖലകളിലുള്ള ബീച്ചുകളെല്ലാം നിറഞ്ഞിരിക്കുകയാണ്. രാജ്യത്ത് ചുടുകാറ്റിന്റെ ശല്യം കൂടി ആരംഭിച്ചതിനാൽ ബീച്ചുകളിൽ വൻ തിരക്കാണ് ഇപ്പോൾ അനുഭവപ്പെടുന്നത്. രാജ്യത്തെ വനമേഖലകളിൽ കാട്ടുതീ പിടിക്കാനുള്ള സാധ്യത ഏറെയാണെന്നും കാലാവസ്ഥാ കേന്ദ്രം പറയുന്നുണ്ട്. വൃക്ഷങ്ങൾ തിങ്ങിനിറഞ്ഞിരിക്കുന്ന മേഖലകളിൽ പടക്കങ്ങളും മറ്റും പൊട്ടിക്കുന്നത് അധികൃതർ തടഞ്ഞിരിക്കുകയാണ്. കൂടാതെ അലക്ഷ്യമായി സിഗരറ്റ് കുറ്റികൾ എവിടേയും വലിച്ചെറിയരുതെന്നും കർശനം നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്.