മാഡ്രിഡ്: പതിനായിരം യൂറോയ്ക്ക് ഒരു വിമാനത്താവളം സ്വന്തമാക്കുന്നതിനെകുറിച്ച് ആലോചിക്കാൻ സാധിക്കുമോ? എന്നാൽ സ്‌പെയിനിലെ ഒരു വിമാനത്താവളം ലേലത്തിൽ പോയത് വെറും 10,000 യൂറോയ്ക്കാണ്. സ്‌പെയിനിലെ ഗോസ്റ്റ്  എയർപോർട്ട് എന്നറിയപ്പെടുന്ന സിയുദാദ് റിയൽ എന്ന വിമാനത്താവളമാണ് ഒരു ചൈനീസ് കമ്പനി 10,000 യൂറോയ്ക്ക് വാങ്ങിയിരിക്കുന്നത്.

2008-ൽ വിമാനത്താവളം പണി പൂർത്തിയാക്കി ഗതാഗതത്തിനായി തുറന്നപ്പോൾ 1,000 മില്യൺ യൂറോയായിരുന്നു നിർമ്മാണ ചെലവായി കണക്കാക്കിയിരുന്നത്. എന്നാൽ വെറും മൂന്നു വർഷം പ്രവർത്തിച്ച ശേഷം സാമ്പത്തിക ബാധ്യതയെ തുടർന്ന് വിമാനത്താവളം അടയ്ക്കുകയായിരുന്നു. സൗത്ത് മാഡ്രിഡിന് 200 കിലോമീറ്റർ അകലെയാണ് ഈ വിമാനത്താവളം. വിമാനത്താവളത്തിന്റെ റൺവേ, എയർ ട്രാഫിക് കൺട്രോൾ ടവർ, ഹംഗാഴ്‌സ് തുടങ്ങിയ ഉൾപ്പെടെയാണ് ചൈനീസ് കമ്പനി ലേലം കൊണ്ടിരിക്കുന്നത്. അതേസമയം ടെർമിനൽ ബിൽഡിംഗും കാർ പാർക്കിങ് സൗകര്യങ്ങളൊന്നും ലേലത്തിന്റെ ഭാഗമായിരുന്നില്ല.

വിമാനത്താവളം പുനരുദ്ധരിച്ച് ചൈനീസ് കമ്പനികൾക്ക് യൂറോപ്പിലേക്കുള്ള പ്രവേശന കവാടമാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നതെന്ന് ഇപ്പോൾ ലേലം കൊണ്ടിരിക്കുന്ന സാനീൻ ഇന്റർനാഷണൽ വ്യക്തമാക്കുന്നു.