മാഡ്രിഡ്: സാമ്പത്തിക പ്രതിസന്ധികളെ മറന്നു കൊണ്ട് രാജ്യം കൂടുതൽ അഭയാർത്ഥികളെ ഏറ്റെടുക്കണമെന്ന നിലാപാടിലാണ് സ്‌പെയ്‌നിലെ ജനങ്ങൾ.  തങ്ങളുടെ വീടുകളടക്കം അഭയാർത്ഥികൾക്കായി തുറന്നു കൊടുക്കുകയാണ് സ്‌പെയ്ൻ ജനത.  മാഡ്രിഡ് പോലുള്ള നഗരങ്ങൾ വൻ സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്യുന്നുണ്ട്.  സിറിയയിൽ നിന്നും ജീവൻ പണയം വച്ച് യൂറോപ്പിലേക്കെത്താൻ ശ്രമിക്കുന്ന ആൾക്കാർക്ക് അഭയം നൽകണമെന്നാണ് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയും മറ്റും ജനങ്ങൾ ആവശ്യപ്പെടുന്നത്.  

ജനങ്ങൾ പ്രകടിപ്പിക്കുന്ന ഈ മനോഭാവത്തിൽ തനിക്ക് അഭിമാനമുണ്ടെന്ന് പ്രധാനമന്ത്രി മരിയാനോ റസോയ് വ്യക്തമാക്കി. .യൂറോപ്യൻ കമ്മീഷൻ ആവശ്യപ്പെടുന്നത് പോലെ 15000 അഭയാർത്ഥികളെ ഏറ്റെടുക്കാൻ ഗവൺമെന്റ് തീരുമാനിച്ചിരിക്കുകയാണ്. മാഡ്രിഡ്, വാലെൻസിയ, സറഗോസ തുടങ്ങിയ നഗരങ്ങിലാണ് പൊതുവായി അഭയാർത്ഥികളോടുള്ള സഹതാപ തരംഗങ്ങൾ മുഴങ്ങുന്നത്. എണ്ണമറ്റ നഗരവാസികളാണ് ഇവരെ പിന്തുണച്ചു കൊണ്ട് മുന്നോട്ട്  വന്നിരിക്കുന്നത്.  

യൂറോപ്യൻ യൂണിയണിൽ ആകമാനമായി 120000 അഭയാർത്ഥികളെ പുനരധിവസിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.  2739 അഭയാർതഥികളെ മാത്രമോ ഏറ്റെടുക്കുകയുള്ളുവെന്നാണ് രസോയ് മുൻപ് പറഞ്ഞിരുന്നത്. എന്നാൽ സ്‌പെയ്‌നിന്റെ വാതിലുകൾ അഭയാർത്ഥികൾക്കായി തുറക്കുക എന്നപേരിൽ 245000 പേർ ചേർന്ന് ഒരു വെബ്‌സൈറ്റിൽ പെറ്റീഷൻ പ്രസിദ്ധീകരിച്ചു. ഇതേ തുടർന്നാണ് കൂടുതൽ അഭയാർത്ഥികളെ ഏറ്റെടുക്കുമെന്ന് ഗവൺമെന്റ് പ്രഖ്യാപിക്കുന്നത്.