മാഡ്രിഡ്: സ്‌പെയിനിൽ തൊഴിലില്ലായ്മ നിരക്കിൽ ഇടിവുണ്ടാകുന്നതായി റിപ്പോർട്ട്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 20 ശതമാനത്തിലെത്തിയെങ്കിലും യൂറോസോണിൽ ഇത് രണ്ടാമത്തെ ഉയർന്ന നിരക്കാണെന്നും റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നു. തൊഴിലില്ലായ്മയുടെ കാര്യത്തിൽ ഏറ്റവും മുന്നിൽ ഗ്രീസാണ്.

തൊഴിലില്ലായ്മ രൂക്ഷമായതിനെ തുടർന്ന് 2011-ൽ ഒട്ടേറെ യുവാക്കൾ രാജ്യം വിട്ട് വിദേശങ്ങളിൽ തൊഴിൽ തേടി പോയിരുന്നു. എന്നാൽ വർഷങ്ങൾക്കു ശേഷം സ്വദേശത്തേക്ക് തിരികെയെത്താൻ രാജ്യത്തെ ഉയർന്ന തൊഴിലില്ലായ്മ നിരക്ക് തടസം നിൽക്കുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ആഗോള സാമ്പത്തിക മാന്ദ്യം രൂക്ഷമായ 2008 മുതൽ 2015 വരെയുള്ള കാലഘട്ടത്തിൽ 473,000 യുവാക്കളാണ് തൊഴിൽ തേടി മറ്റു രാജ്യങ്ങളിലേക്ക് ചേക്കേറിയത്.

അഭ്യസ്തവിദ്യരായ ചെറുപ്പക്കാർ തൊഴിൽ തേടി വിദേശത്തേക്ക് പോയത് രാജ്യത്തെ സ്‌കിൽഡ് വർക്കർമാരുടെ അഭാവം സൃഷ്ടിക്കുകയാണെന്നും അത് രാജ്യത്തെ സാരമായി ബാധിക്കുമെന്നും സ്‌പെയിൽ ആശങ്കപ്പെട്ടിരുന്നു. എന്നാൽ രാജ്യം കടക്കെണിയിൽ നിന്ന് ഇപ്പോൾ ഉയർത്തെഴുന്നേൽക്കുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ വർഷം സ്പാനിഷ് ഇക്കോണമി 3.2 ശതമാനം വളർച്ചയാണ് നേടിയെടുത്തത്. യൂറോ സോണിൽ തന്നെ ഏറ്റവും ഉയർന്ന വളർച്ചാ നിരക്കാണിത്.

രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ വളർന്നതോടെ വിദേശത്തു പോയ മിക്കവരും തിരിച്ചെത്താൻ താത്പര്യം പ്രകടിപ്പിക്കുന്നുമുണ്ട്. കൂടുതൽ പേരും ജർമനിയിലേക്കായിരുന്നു ചേക്കേറിയിരുന്നത്. ജർമനിയിലെ ഫെഡറൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കനുസരിച്ച് 2014-മുതൽ ജർമനിയിലേക്ക് ചേക്കേറുന്ന സ്പാനിയാർഡ്‌സിന്റെ എണ്ണത്തിൽ ഇടിവാണുണ്ടായിരിക്കുന്നത് എന്നാണ്. സമ്പദ് ഘടന മെച്ചപ്പെടുന്ന സാഹചര്യത്തിൽ സ്വദേശത്തേക്ക് തിരിച്ചെത്താനാണ് ഇവർ താത്പര്യം പ്രകടിപ്പിക്കുന്നത്. സ്പാനിഷ് സമ്പദ് ഘടന ജർമനിയേക്കാളും ഫ്രാൻസിനേക്കാളും വേഗത്തിൽ വളർച്ച പ്രാപിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ ചൂണ്ടിക്കാണിക്കുന്നു.