ബാർസിലോണ: വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഏവർക്കും അറിയാം. ഫോണിൽ സംസാരിക്കുന്നതിന് മാത്രമല്ല, ടെക്‌സ്റ്റിങ് നടത്തുന്നതിനും മിക്ക രാജ്യങ്ങളിലും വിലക്കുണ്ട്. ഇത്തരം വിലക്കു നിലനിൽക്കുന്ന സ്‌പെയിനിലാണ് ടെക്സ്റ്റിങ് നടത്തിയതിന് ബസ് ഡ്രൈവർ അച്ചടക്ക നടപടി നേരിടുന്നത്.

ബാർസിലോണ എയർപോർട്ടിനും സിറ്റി സെന്ററിനും മധ്യേ ഷട്ടിൽ സർവീസ് നടത്തുന്ന ബസ് ഡ്രൈവറെയാണ് യാത്രക്കാരിലൊരാൾ കുടുക്കിയത്. ബസ് ഓടിക്കുന്നതിനിടെ ബസ് ഡ്രൈവർ തന്റെ മൊബൈൽ ഫോണിലെ വാട്ട്‌സ് അപ്പിൽ മെസേജ് അയയ്ക്കുന്നതിന്റെ വീഡിയോയാണ് യാത്രക്കാരിലൊരാൾ തന്റെ മൊബൈൽ ഫോണിൽ പകർത്തിയത്. ബസ് നിറയെ യാത്രക്കാരുണ്ടായിരുന്നുവെങ്കിലും ഡ്രൈവർ അശ്രദ്ധയോടെ വാഹനമോടിക്കുകയും ഇടയ്ക്ക് തന്റെ മൊബൈലിൽ ടെക്‌സ്റ്റിങ് നടത്തുകയുമായിരുന്നുവെന്ന് വീഡിയോ വെളിപ്പെടുത്തുന്നു.

ബസ് ബാർസിലോണ എയർപോർട്ടിൽ നിന്നു വിടുമ്പോൾ മുതൽ ഡ്രൈവർ അലക്ഷ്യമായാണ് വാഹനമോടിച്ചതെന്ന് സാക്ഷികൾ പറയുന്നു. ആദ്യം പണം എണ്ണിക്കൊണ്ടാണ് ഇയാൽ ഡ്രൈവിങ് ആരംഭിച്ചത്. പിന്നീട് മൊബൈലിൽ ടെക്സ്റ്റിങ് തുടങ്ങുകയായിരുന്നു. ടെക്സ്റ്റിംഗിൽ നിന്ന് പിന്തിരിയണമെന്ന് യാത്രക്കാരിൽ ചിലർ ആവശ്യപ്പെട്ടെങ്കിലും ഇയാൾ അത് അവഗണിച്ച് വീണ്ടും മെസേജ് അയയ്ക്കുന്നത് തുടർന്നുകൊണ്ടിരുന്നു.

എന്നാൽ റിയർവ്യൂ മിററിലൂടെ തന്റെ ടെക്‌സ്റ്റിങ് റെക്കോർഡ് ചെയ്യുകയാണെന്നു മനസിലാക്കിയ ഡ്രൈവർ മൊബൈൽ ഫോൺ താഴെ വച്ച് പിന്നീട് വാഹനം നിയന്ത്രിക്കുന്നതിൽ മാത്രം ശ്രദ്ധ പതിപ്പിക്കുകയായിരുന്നു. സംഭവം അധികൃതരുടെ ശ്രദ്ധയില്പെട്ടതോടെ ഡ്രൈവർക്കെതിരേ അച്ചടക്ക നടപടികൾ ആരംഭിച്ചിട്ടുണ്ട്.