ബഹ്‌റൈനിലെ കടൽ വിഭവങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി സ്പാനിഷ് അയലയെ പിടികൂടുന്നതിനും വിൽപന നടത്തുന്നതിനും നിരോധനം ഏർപ്പെടുത്തി. വർക്‌സ്, മുനിസിപ്പാലിറ്റി, അർബൻ പ്ലാനിങ് മന്ത്രാലയമാണ് നിരോധിച്ചത്. രണ്ടു മാസത്തേക്കാണ് നിരോധനം. ഈമാസം 15ന് ആരംഭിക്കുന്ന നിരോധനം ഒക്ടോബർ 15വരെയാണ് നിലനിൽക്കുക.

നിരോധനത്തിലൂടെ സ്പാനിഷ് അയലയുടെ നശീകരണത്തെ തടയുവാനും കടലിലെ ജീവശാസ്ത്രപരമായ സംതുലനം നിലനിർത്തുവാനുമാണ് ലക്ഷ്യം. ഈ വിഭാഗം മത്സ്യങ്ങളുടെ വംശനാശം കടലിലെ സംതുലനത്തെ ഏറെ പ്രതികൂലമായി ബാധിക്കും. ഇതു കണക്കിലെടുത്താണ് സംരക്ഷണ പ്രവർത്തനങ്ങളുമായി മന്ത്രാലയമെത്തിയത്.

നിരോധനം സംബന്ധിച്ച അറിയിപ്പ് എല്ലാ ജെട്ടികളിലും പ്രദർശിപ്പിക്കുന്നതായിരിക്കും. നിരോധനം ലംഘിച്ച് മത്സ്യബന്ധനം നടത്തിയാൽ കർശന ശിക്ഷയായിരിക്കും ലഭിക്കുകയെന്ന് അധികൃതർ വ്യക്തമാക്കി.