റോയൽറ്റി നല്കാതെ തന്റെ പാട്ടുകൾ വേദികളിൽ പാടരുതെന്ന ഇടയരാജയുടെ നിർദ്ദേശം തള്ളി ഗായകൻ എസ്‌പി ബാലസുബ്രഹ്മണ്യം. ഇളയരാജയുടെ പാട്ടുകൾ ഇനിയും വേദികളിൽ പാടുമെന്നാണ് എസ്‌പിബി പറയുന്നത്. അദ്ദേഹത്തിന്റെ പാട്ടുകളിൽ താനും ഒട്ടേറെ സംഭാവനകൾ നല്കിയിട്ടുണ്ടെന്നും ഗാനങ്ങൾ പൊതുവേദിയിൽ പാടുന്നതിൽ തെറ്റില്ലെന്നുമാണ് എസ്‌പിബി തന്റെ നിലപാട് വ്യക്തമാക്കിയത്.

ഇളയരാജ അയച്ച നോട്ടിസിൽ തന്റെ മകന്റെ കമ്പനിയും ഇളയരാജയും തമ്മിലാണു കേസ് നടക്കുന്നതെന്നും തനിക്ക് അതുമായി ബന്ധമില്ലെന്നും ബാലസുബ്രഹ്മണ്യം വ്യക്തമാക്കി. ആയിരത്തിലധികം ഹിറ്റ് ഗാനങ്ങളാണ് ഇളയരാജ-എസ്‌പി.ബി കൂട്ടുകെട്ടിൽ പിറന്നിട്ടുള്ളത്.

കഴിഞ്ഞ മാർച്ചിലാണ് താൻ ചിട്ടപ്പെടുത്തിയ ഗാനങ്ങൾ പൊതുവേദിയിൽ ആലപിക്കരുതെന്ന് കാണിച്ച് ഇളയരാജ ബാലസുബ്രഹ്മണ്യത്തിനും ചിത്രയ്ക്കും നോട്ടീസ് അയച്ചത്. പാട്ടുകൾ തന്റെ അനുവാദമില്ലാതെ പൊതുസമക്ഷം പാടുന്നത് പകർപ്പവകാശലംഘനമാണെന്നും നിയമനടപടികൾ നേരിടേണ്ടി വരുമെന്നുമായിരുന്നു നോട്ടീസിൽ.

എന്നാൽ അന്ന് തനിക്ക് പകർപ്പവകാശ നിയമത്തെക്കുറിച്ച് വലിയ അറിവില്ലെന്നും അത്തരത്തിലൊരു നിയമമുണ്ടെങ്കിൽ തീർച്ചയായും താൻ അനുസരിക്കുമെന്നുമായിരുന്നു ബാലസുബ്രഹ്മണ്യത്തിന്റെ പ്രതികരണം. ഇനി മേലിൽ ഇളയ രാജയുടെ ഗാനങ്ങൾ ആലപിക്കില്ലെന്നും എസ് പി ബി വ്യക്തമാക്കിയിരുന്നു.എന്നാൽ ഇപ്പോൾ ഇതിനെ വെല്ലുവിളിച്ച് രംഗത്തെത്തിയിരിക്കുകയാണ് എസ്‌പിബി.

പാട്ടുകൾ തന്റെ അനുമതിയില്ലാതെ പാടുന്നത് പകർപ്പവകാശ നിയമത്തിന്റെ ലംഘനമാണെന്നും നിയമ നടപടികൾ നേരിടേണ്ടി വരുമെന്നും കനത്ത തുക നഷ്ടപരിഹാരം നൽകേണ്ടി വരുമെന്നാണ് ഇളയരാജ അറിയിച്ചിരുന്നത് ഇതിനെതിരെ ഗായകരുൾപ്പെടെ നിരവധിപ്പേർ രംഗത്തെത്തിയിരുന്നു