- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സംഘാടകർ വേണ്ടെന്ന് പറഞ്ഞിട്ടും സ്പീക്കർ പറന്നെത്തി; എല്ലാ സൗകര്യവും ഒരുക്കിയത് തട്ടിപ്പ് കേസിൽ കുടുങ്ങിയ ഗുഡ് വിൻ ജ്യൂലറി ഉടമ; 15 മിനിറ്റ് മാത്രം യുകെയിലെ മലയാളികൾ കണ്ട ശ്രീരാമകൃഷ്ണന്റെ വിവാദ യാത്രയും കേന്ദ്ര ഏജൻസിയുടെ അന്വേഷണ പരിധിയിൽ; ബിബിസിയുടെ പേരിൽ ഇടനിലക്കാരനാകുന്ന പ്രവാസിയും സംശയ നിഴലിൽ; 2018ലെ സ്പീക്കറുടെ ലണ്ടൻ യാത്ര ദുരൂഹമാകുമ്പോൾ
പത്തനംതിട്ട: സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ലണ്ടൻ യാത്രയും അന്വേഷണത്തിൽ. ലണ്ടൻ യാത്രയും വിവാദ വ്യവസായികളുമായുള്ള ബന്ധവും കേന്ദ്ര ഏജൻസികളുടെ അന്വേഷണ വലയത്തിൽ എത്തികഴിഞ്ഞു. ഇന്നലെ മറുനാടനാണ് ഇതിന്റെ വിശദാംശങ്ങൾ പുറത്തു വിട്ടത്.സ്വർണക്കടത്തു കേസ് അന്വേഷിക്കുന്ന കസ്റ്റംസ് പ്രിവന്റീവ് കമ്മിഷർ സുമിത് കുമാറിനെ കഴിഞ്ഞ ദിവസം ഡൽഹിയിൽ കസ്റ്റംസ് ആസ്ഥാനത്തേക്കു വിളിച്ചിരുന്നു. അന്വേഷണം ഉന്നതരിലേക്ക് നീളുന്ന സാഹചര്യത്തിലായിരുന്നു ഇത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ നടത്തിയ ഒമ്പതു വിദേശയാത്രകൾക്കു പുറമേയാണ് 2018-ൽ നടത്തിയ ലണ്ടൻ സന്ദർശനവും പരിശോധിക്കുന്നത്. അവിടെ ആതിഥേയനായെന്നു സംശയിക്കുന്ന മലയാളിയായ സ്വർണവ്യാപാരിയുമായുള്ള ബന്ധവും അന്വേഷിക്കും. യു.കെയിലെ മലയാളികളുടെ സംഘടനയായ യുക്മ സംഘടിപ്പിച്ച വള്ളംകളിയിൽ പങ്കെടുക്കാനാണ് സ്പീക്കർ ലണ്ടനിലേക്കു പോയതെന്നാണ് വിവരം. ഇദ്ദേഹത്തെ ഔദ്യോഗികമായി ക്ഷണിച്ചിരുന്നില്ല. വിമാനക്കൂലിയും ലണ്ടനിലെ സംഘടന സ്പീക്കർക്ക് നൽകിയിട്ടില്ല.
ധനമന്ത്രി തോമസ് ഐസക്കിനെ പങ്കെടുപ്പിക്കാനായിരുന്നു സംഘാടകരുടെ ലക്ഷ്യം. അദ്ദേഹത്തിന് അസൗകര്യമുള്ളതിനാൽ ശശി തരൂർ എംപി, എംഎൽഎമാരായ റോഷി അഗസ്റ്റിൻ, വി.ടി. ബൽറാം എന്നിവരെ ക്ഷണിക്കാൻ തീരുമാനിച്ചു. സ്പീക്കറുടെ പേര് ഭാരവാഹികളിലൊരാൾ നിർദ്ദേശിച്ചെങ്കിലും ഭൂരിപക്ഷംപേരും വിയോജിച്ചു. എന്നാൽ മുംബൈയിലെ സ്വർണവ്യാപാരിയായ മലയാളിയുടെ പ്രത്യേക താൽപ്പര്യപ്രകാരം അദ്ദേഹം ലണ്ടനിലേക്കു പറന്നു. ഗുഡ്വിൻ ജ്യൂലറി ഉടമ സുനിൽകുമാറിന്റെ ആളായാണ് സ്പീക്കർ എത്തിയതെന്നാണ് സൂചന. ഈ ഗ്രൂപ്പ് മുംബൈയിൽ തട്ടിപ്പ് കേസിൽ പെടുകയും ചെയ്തു.
ലണ്ടൻ വിമാനത്താവളത്തിൽ യുക്മ ഭാരവാഹികളിലൊരാൾ സ്വീകരിച്ച് യോഗസ്ഥലത്തേക്കു കൂട്ടിക്കൊണ്ടുപോയെങ്കിലും 15 മിനിറ്റിനു ശേഷം അദ്ദേഹം സ്ഥലംവിട്ടുവെന്നാണ് റിപ്പോർട്ട്. പിന്നീട് നാലു ദിവസം കഴിഞ്ഞാണു ഭാരവാഹികൾ അദ്ദേഹത്തെ കണ്ടത്. വിമാന ടിക്കറ്റ് അടക്കമുള്ള ചെലവുകൾ സ്വർണവ്യാപാരിയാണു വഹിച്ചതെന്നും സൂചനയുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം. ബിബിസിയിൽ മാധ്യമ പ്രവർത്തകനെന്ന് പറയുന്ന ഇടനിലക്കാരനും സംശയ നിഴലിലാണ്.
അടുത്തിടെ മുെബെയിൽ ഗുഡ്വിൻ ജൂവലറിയുടെ പേരിൽ പലരിൽനിന്നായി 25 കോടിയിൽപ്പരം രൂപ തട്ടിയശേഷം ഒളിവിൽ പോവുകയും പിന്നീട് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്യുകയും ചെയ്ത സുനിൽകുമാറാണ് ഇദ്ദേഹത്തെ ലണ്ടനിലെത്തിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർക്കു ലഭിച്ച വിവരം. മഹാരാഷ്ട്രയിലെയും തൃശൂരിലെയും വിവിധ ജൂവലറികളിൽ നടന്ന തട്ടിപ്പിൽ ഇയാളുടെ പേരിൽ വേറെയും കേസുണ്ട്. ഇയാളുമായി സ്പീക്കറുടെ ബന്ധത്തെപ്പറ്റി ഇ.ഡിയും അന്വേഷണം തുടങ്ങി.
ലണ്ടനിലെത്തിച്ചതിൽ ലണ്ടനിൽ കഴിയുന്ന മധ്യതിരുവിതാംകൂറുകാരനായ ഒരാൾക്കും പങ്കുണ്ടെന്നാണ് അറിവ്. ഇയാൾക്കൊപ്പമായിരുന്നു ഉന്നതന്റെ യു.കെയിലെ താമസം. ബി.ബി.സി. ലേഖകനെന്ന പേരിൽ വിലസുന്ന ഇയാൾക്കു പത്രപ്രവർത്തനവുമായി യാതൊരു ബന്ധവുമില്ലെന്നാണു സൂചന. നാട്ടിലെത്തിയാൽ ഇയാൾ ബി.ബി.സി ലേഖകനായാണ് അറിയപ്പെടുന്നത്. സിപിഎമ്മുമായി അടുത്ത ബന്ധമുള്ള ഇയാൾക്കൊപ്പം നേതാവ് നഗരം ചുറ്റിക്കാണാൻ പോയതായും സൂചനയുണ്ട്.
മറുനാടന് മലയാളി ബ്യൂറോ