- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
60,000 കോടി മാത്രം വാർഷിക വിറ്റുവരവുള്ള എംപി; തിരഞ്ഞെടുപ്പിൽ ചെലവായത് 30 കോടി; പാർലമെന്റിൽ ഐപിഎൽ എംപിമാരും ബിപിഎൽ എംപിമാരും ഉണ്ട്; ആദ്യമായി ലോക്‌സഭയിൽ എത്തിയപ്പോൾ ശതകോടീശ്വരന്മാരെ കണ്ട് അന്ധാളിച്ചെന്ന് സ്പീക്കർ എം ബി രാജേഷ്
തിരുവനന്തപുരം: താൻ ആദ്യമായി ലോക്‌സഭയിൽ എത്തിയപ്പോൾ, ശതകോടീശ്വരന്മാരായ എംപിമാരെ കണ്ട് അന്ധാളിച്ചുവെന്ന് നിയമസഭാ സ്പീക്കർ എം.ബി.രാജേഷ്. ഇന്ത്യൻ പാർലമെന്റിൽ ഐ.പി.എൽ എംപിമാരും ബി.പി.എൽ എംപിമാരുമുണ്ടെന്ന് അന്നാണ് മനസ്സിലായത്. തിരുവനന്തപുരത്ത് നിയമസഭാ മുൻ സാമാജികർ സംഘടിപ്പിച്ച സമ്മേളനത്തിലാണ് അദ്ദേഹം പാർലമെന്റ് അനുഭവങ്ങൾ ഓർത്തെടുത്തത്.
ഞാൻ ആദ്യമായി പാർലമെന്റിലേക്ക് ജയിച്ചുപോയപ്പോൾ ആദ്യത്തെ പ്രസംഗം കഴിഞ്ഞ ശേഷം ഒരു എംപി വന്ന് എന്നെ അഭിനന്ദിച്ചു. പരിചയപ്പെടലും കുശലാന്വേഷണവുമെല്ലാം കഴിഞ്ഞ് തെരഞ്ഞെടുപ്പിന് എന്തു ചെലവായെന്നു ചോദിച്ചു അദ്ദേഹം. അങ്ങനെ ചെലവൊന്നും വന്നിട്ടില്ലെന്ന് ഞാൻ പ്രതികരിച്ചപ്പോൾ തനിക്ക് 30 കോടിയാണ് ചെലവായതെന്നാണ് അദ്ദേഹം പറഞ്ഞത്, രാജേഷ് ഓർത്തെടുത്തു.
ഇത്രയും പൈസ എങ്ങനെയാണ് പോക്കറ്റിൽ നിന്ന് ചെലവാക്കുന്നതെന്ന് ഞാൻ ചോദിച്ചു. 60,000 കോടി രൂപ മാത്രം വാർഷിക വിറ്റുവരവുള്ള എംപിയാണ് താനെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഞങ്ങൾ സാധാരണ പറയും, ഞങ്ങളെല്ലാവരും ഐ.പി.എൽ എംപിമാരും മറ്റെല്ലാവരും ബി.പി.എൽ എംപിമാരുമാണെന്ന്. അവർ പ്രീമിയർ ലീഗിൽപെട്ടവരും ഞങ്ങൾ ദാരിദ്യരേഖയ്ക്കു താഴെയുള്ളവരും, സ്പീക്കർ പറഞ്ഞു.
സാധാരണക്കാരായ ആളുകൾക്ക് നിയമസഭയിൽ ജനപ്രതിനിധികളായി എത്താൻ കഴിയുന്ന സംവിധാനം ഏറ്റവും പൂർണമായിരിക്കുന്നത് കേരളത്തിലാണെന്നും സ്പീക്കർ പറഞ്ഞു. ഉയർന്ന ജനാധിപത്യബോധവും ജാഗ്രതയും കേരളം പുലർത്തുന്നതു മൂലമാണിത്. ശതകോടീശ്വരന്മാരും കോടീശ്വരന്മാരുമാണ് പാർലമെന്റിലും മറ്റും ജനപ്രതിനിധികളായി എത്തുന്നത്. അയൽ സംസ്ഥാനത്തു ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ ഇതിന് ഉദാഹരണമാണ്. അത്തരം അപമാനകരമായ സംഭവങ്ങൾ ഇവിടെ നടക്കുന്നില്ല.
കേരളത്തിൽ എംഎൽഎമാർ ഒരു കാലത്തും വിൽപ്പനച്ചരക്ക് ആയിട്ടില്ല. ജനാധിപത്യ പാരമ്പര്യം ഉയർത്തിപ്പിടിച്ച് എല്ലാക്കാലത്തും ശരിയായ അർഥത്തിൽ കാര്യക്ഷമമായി പ്രവർത്തിച്ചവരായിരുന്നു ഒന്നു മുതൽ 15 വരെയുള്ള കേരള നിയമസഭകളിലെ അംഗങ്ങളെന്നും സ്പീക്കർ പറഞ്ഞു. നിയമസഭയിൽ 'ഫോർമർ എംഎൽഎ ഫോറം' (എഫ്എംഎഫ്) സംഘടിപ്പിച്ച മുൻ നിയമസഭാ സാജാജികരുടെ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഫ്എംഎഫ് ചെയർമാനും മുൻ സ്പീക്കറുമായ എം.വിജയകുമാർ അധ്യക്ഷനായി.
മുൻ സ്പീക്കർമാരും ഡെപ്യൂട്ടി സ്പീക്കർമാരുമായ വി എം.സുധീരൻ, എൻ.ശക്തൻ, എം.വിജയകുമാർ, ഭാർഗവി തങ്കപ്പൻ, ജോസ് ബേബി, പാലോട് രവി എന്നിവരെ ആദരിച്ചു. മുൻ മുഖ്യമന്ത്രി വി എസ്.അച്യുതാനന്ദനു വേണ്ടി മകൻ അരുൺകുമാർ അനുമോദന ഫലകം സ്വീകരിച്ചു. എ.കെ.ആന്റണി, ഉമ്മൻ ചാണ്ടി എന്നിവർക്കായി അവരുടെ പ്രതിനിധികൾ ആദരം ഏറ്റുവാങ്ങി. മുൻ മന്ത്രി പാലൊളി മുഹമ്മദ് കുട്ടിയായിരുന്നു ചടങ്ങിൽ പങ്കെടുത്ത പ്രായം കൂടിയ അംഗം. ജോസ് ബേബി പ്രായം കുറഞ്ഞ ആളും. മുൻ എംഎൽഎമാരുടെ ജീവിത പങ്കാളികളും മക്കളും ചടങ്ങിനെത്തി. 1957 ലെ ഇഎംഎസ് മന്ത്രിസഭയിൽ പറളിയിൽ നിന്നും വിജയിച്ച് നിയമസഭാംഗമായ നാരായണൻകുട്ടിയുടെ ഭാര്യ ശാന്തകുമാരിയും ചടങ്ങിൽ പങ്കെടുത്തു.
മറുനാടന് മലയാളി ബ്യൂറോ