തിരുവനന്തപുരം: ലോക കേരള സഭയിൽ പങ്കെടുക്കുന്ന പ്രവാസികൾക്കായി നൽകുന്ന ഭക്ഷണത്തിന്റെ കണക്കുപോലും ചിലർ നിരത്തുന്നതായി സ്പീക്കർ എം ബി രാജേഷ് പറഞ്ഞു. ഈ പറച്ചിൽ എത്രത്തോളം ഉചിതമാണെന്നും, കേരളത്തിന്റെ സംസ്‌കാരത്തിന് നിരക്കുന്നതാണോയെന്നും എല്ലാവരും ചിന്തിക്കണം.

ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ളവർ സ്വന്തം കൈയിൽനിന്ന് പണം മുടക്കിയാണ് സഭ സമ്മേളനത്തിന് എത്തുന്നത്. ഇവർ രണ്ടുദിവസം ഭക്ഷണം കഴിക്കാനായി ഇവിടെ വരുന്നവരാണെന്ന നിലയിലുള്ള അധിക്ഷേപമാണ് നടത്തുന്നത്. നിർഭാഗ്യകരമായ ഇത്തരം പ്രചാരണം ഇനിയെങ്കിലും അവസാനിപ്പിക്കണം. ലോക കേരള സഭയിൽ പങ്കെടുക്കുന്നവരിൽ പലരും പ്രളയത്തിന്റെയും കോവിഡിന്റെയുമൊക്കെ പശ്ചാത്തലത്തിൽ വലിയ സഹായം ചെയതവരാണ്. ഇവരിൽ ഒരോരുത്തരും വ്യക്തിപരമായി സഹായിച്ച തുക പോലുംവരില്ല ലോക കേരള സഭയുടെ ആകെ സംഘാടനച്ചെലവ് എന്നത് ഓർമ്മിക്കാനാകണം. നിർഭാഗ്യകരവും നിഷേധാത്മകവുമായ പ്രചാരണങ്ങൾ ചില കേന്ദ്രങ്ങളിൽനിന്ന് ആവർത്തിക്കുന്നതിനാലാണ് ഇത് പറയേണ്ടിവരുന്നതെന്നും ലോക കേരള സഭ സമ്മേളനത്തിന്റെ ആമുഖ പ്രഭാഷണത്തിൽ സ്പീക്കർ പറഞ്ഞു.

ലോക കേരള സഭയെക്കുറിച്ച് ആസൂത്രിതമായി അടിസ്ഥാന രഹിത ആക്ഷേപങ്ങൾ ഉയർത്തുന്നു. പാഴ്‌ച്ചെലവും ധൂർത്തും ആർഭാടവുമാണെന്നൊക്കെയാണ് ചിലർ നിരന്തരം പ്രചരിപ്പിക്കുന്നത്. അവരുടെ മനോഭാവമാണ് വ്യക്തമാകുന്നത്. പ്രവാസികളിൽ നിന്ന് ഇങ്ങോട്ടെന്ത് പ്രയോജനം എന്നതിൽ മാത്രമൊതുങ്ങുന്നതാണീ മനോഭാവം.

കേരളത്തിന്റെ സമ്പദ്ഘടനയ്ക്കും സാമൂഹിക-സാംസ്‌കാരിക മുന്നേറ്റത്തിനും വിലമതിക്കാനാകാത്ത സംഭാവനകൾ നൽകിയിട്ടുള്ള പ്രവാസി സമൂഹത്തെ കേൾക്കാനും പരിഗണിക്കാനും അവരുടെ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനും ചരിത്രത്തിൽ ആദ്യമായി രൂപീകരിക്കപ്പെട്ട വേദിയാണ് ലോക കേരള സഭ. അവരെകൊണ്ട് കേരളത്തിന് എന്ത് സാമ്പത്തിക പ്രയോജനം എന്നതുമാത്രം ചിന്തിച്ചിരുന്നതിലാണ് മാറ്റമുണ്ടാകുന്നത്. അവരുടെ പണമാത്രമല്ല, ആശയങ്ങളും അഭിപ്രായങ്ങളും അനുഭവസമ്പത്തുമൊക്കെ ആവശ്യമാണെന്ന് കാഴ്ചപ്പാടാണ് ലോക കേരള സഭയിലൂടെ മുന്നോട്ടുവച്ചത്. കേരളത്തിന്റെ നയരൂപീകരണത്തിൽ പ്രവാസി സമൂഹത്തിന് ഇഥംപ്രദമായി അവസരം സൃഷ്ടിക്കാനാകുന്നു. എല്ലാവരെയും കൈനീട്ടി സ്വീകരിക്കുന്ന പ്രവാസി സമൂഹത്തെ അംഗീകരിക്കാനും പരിഗണിക്കാനുള്ള കേരള സമൂഹത്തിന്റെ ഉത്തരവാദിത്തമാണ് ലോക കേരള സഭ നിർവഹിക്കുന്നത്. ഒരു നിക്ഷേപക സംഗമം എന്ന നിലയിലല്ല സഭയെ വിഭാവനം ചെയ്തിട്ടുള്ളത്.

പ്രവാസി സമൂഹത്തിലെ എല്ലാവിഭാഗം ആളുകളും മുന്നാം ലോക കേരള സഭയിൽ പങ്കെടുക്കുന്നു. ഇതിന് വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായങ്ങളോ ഭിന്നതകളോ പ്രശ്നമായി. ഇത് കേരളത്തിന് ശുഭോദർക്കമായ കാര്യമാണ്. വലിയ പ്രതീക്ഷ നൽകുന്നു. മുന്നോട്ടുപോക്കിനും വികസനത്തിനും കക്ഷി രാഷ്ട്രീയ ആശയ വൈരുദ്ധ്യങ്ങൾ തടസമാകില്ലെന്ന സന്ദേശവും നൽകുന്നതായും സ്പീക്കർ പറഞ്ഞു.

കോവിഡ് സാഹചര്യത്തിനുശേഷം മടങ്ങിവരുന്ന പ്രവാസികളുടെ എണ്ണത്തിൽ വർധനയുണ്ടായി. നോർക്ക പോർട്ടലിൽ രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം 17 ലക്ഷം പ്രവാസികളാണ് തിരികെയെത്തിയത്. ഓരോ വർഷവും മടങ്ങിവരുന്നവരുടെ എണ്ണം കൂടിവരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

പ്രവാസി പങ്കാളിത്തം കൂടി ഉറപ്പുവരുത്തികൊണ്ടുള്ള കേരളത്തിന്റെ സമഗ്ര വികസനത്തിനു ലോക കേരള സഭയ്ക്ക് വലിയ പങ്കാണുള്ളതെന്നും സ്പീക്കർ പറഞ്ഞു