- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദ സിം തന്റെ പഴ്സനൽ നമ്പറിന്റേതെന്ന് സ്പീക്കർ; ആ സമയത്ത് കയ്യിൽ ഐഡി പ്രൂഫ് ഇല്ലാത്തതു കൊണ്ടാണു വേറൊരാളുടെ പേരിൽ സിം എടുക്കേണ്ടിവന്നതെന്നും വിശദീകരണം; ആയിരം ഡോളർ താൻ ഒന്നിച്ചു കണ്ടിട്ടില്ല; ഈ സിം കാർഡിന്റെ പേരിൽ അന്വേഷണ ഏജൻസികൾക്കു തന്നെ ചോദ്യം ചെയ്യേണ്ട കാര്യമില്ലെന്നും ശ്രീരാമകൃഷ്ണൻ
കൊച്ചി: ഡോളർ കടത്തു കേസിൽ ആരോപണ വിധേയനായ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വിവാദ സിം വിഷയത്തിൽ വിശദീകരണവുമായി രംഗത്തെത്തി. ആ സിം വിവാദമാക്കേണ്ട കാര്യമില്ലെന്നാണ് സ്പീക്കറുടെ അഭിപ്രായം. പാർട്ടി പ്രവർത്തകൻ എടുത്തു തന്നതാണ് ഇപ്പോൾ വിവാദമാകുന്ന സിമ്മെന്നും അദ്ദേഹം പറഞ്ഞു. താൻ ഉപയോഗിക്കുന്ന പഴ്സനൽ നമ്പറാണ് അതെന്നാണഅ അദ്ദേഹത്തിന്റെ പക്ഷം. അതു രഹസ്യമല്ലെന്നും ആരും പരിശോധിച്ചോട്ടെ എന്നും സ്പീക്കർ മനോരമ ന്യൂസ് ചാനലിനോട് പറഞ്ഞു.
'വ്യക്തിപരമായ ആവശ്യങ്ങൾക്കാണ് ഈ സിം എടുത്തത്. ആ സമയത്ത് കയ്യിൽ ഐഡി പ്രൂഫ് ഇല്ലാത്തതു കൊണ്ടാണു വേറൊരാളുടെ പേരിൽ സിം എടുക്കേണ്ടിവന്നത്'. ഈ നമ്പറിൽനിന്നു സ്വപ്ന സുരേഷിനെ വിളിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന്, 'വിളിച്ചിട്ടുണ്ടാകും' എന്നായിരുന്നു സ്പീക്കറുടെ മറുപടി. 'മലബാറിൽ നിന്നു പല ആവശ്യങ്ങൾക്കായി എത്തുന്നവർക്കു വേണ്ടി സ്വപ്നയെ വിളിച്ചിട്ടുണ്ട്. പക്ഷേ, അവിഹിതമായി ഒന്നും ചെയ്തിട്ടില്ല. ആയിരം ഡോളർ താൻ ഒന്നിച്ചു കണ്ടിട്ടില്ല. ഈ സിം കാർഡിന്റെ പേരിൽ അന്വേഷണ ഏജൻസികൾക്കു തന്നെ ചോദ്യം ചെയ്യേണ്ട കാര്യമില്ല. അവർ വിളിച്ചാൽ പ്രോട്ടോക്കോൾ പാലിച്ചു തീരുമാനമെടുക്കും' സ്പീക്കർ പറഞ്ഞു.
തന്റെ ശരീരഭാഷയിൽ പ്രകടമാകുന്നത് ശരീരത്തിന്റെ ചില പ്രശ്നങ്ങളാണെന്നും അതു മനസ്സിന്റെ ഭാഷയായി കാണേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. വെറും ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ സ്പീക്കർക്കെതിരെ പ്രമേയം കൊണ്ടുവന്ന പ്രതിപക്ഷം തോന്ന്യാസം തന്നെയാണു കാട്ടിയത്. രമേശ് ചെന്നിത്തലയെക്കുറിച്ച് ആക്ഷേപം ഉന്നയിക്കണമെന്നു കരുതിയതല്ല. അദ്ദേഹം തന്നെക്കൊണ്ടു പറയിച്ചതാണ്. അത്ര മാരകമായ ആക്ഷേപങ്ങളാണ് ആരോ പറയുന്നതു കേട്ടു തനിക്കെതിരെ ഉന്നയിച്ചത്. തിരഞ്ഞെടുപ്പിൽ ഇക്കുറി മത്സരിക്കുന്നുണ്ടെങ്കിൽ അതു പൊന്നാനിയിൽ തന്നെ ആയിരിക്കണം എന്നാണ് ആഗ്രഹമെന്നും പാർട്ടിയാണു തീരുമാനിക്കേണ്ടതെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.
അതേസമയം സ്പീക്കറെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാണ് കസ്റ്റംസ് അടക്കം നടത്തുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് ശിവശങ്കറിന്റെ അറസ്റ്റു രേഖപ്പെടുത്തിയത്. ഇതിനൊപ്പം ശ്രീരാമകൃഷ്ണന്റെ ഇടപെടലുകളും സസൂക്ഷ്മ പരിശോധിക്കുകയാണ്. കേസിലെ പ്രതികളായ സ്വപ്നാ സുരേഷിന്റേയും സരിത്തിന്റേയും മൊഴി സ്പീക്കർക്ക് എതിരാണ്. ഇതിനൊപ്പം ആക്സിസ് ബാങ്ക് മാനേജരായിരുന്ന ശേഷാന്ദ്രിയും സ്പീക്കർക്കെതിരെ മൊഴി കൊടുത്തുവെന്നാണ് സൂചന.
അഴിമതികളിലൂടെ കിട്ടിയ പണം ഡോളറിലേക്ക് മാറ്റി കൊടുത്തത് ശേഷാന്ദ്രിയാണ്. ഇതിന് വേണ്ടി സ്പീക്കറും സമ്മർദ്ദം ചെലുത്തിയോ എന്നാണ് കസ്റ്റംസ് പരിശോധിക്കുന്നത്. മറ്റരൊളുടെ ഫോണിൽ നിന്ന് ഒരു ഉന്നതനും തന്നെ വിളിച്ചിരുന്നതായി ശേഷാന്ദ്രി മൊഴി നൽകിയിട്ടുണ്ട്. ഈ ഫോണിന്റെ ഉടമയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഫോൺ വിളിയെ കുറിച്ച് അറിയില്ല, ഓർമ്മയില്ല തുടങ്ങിയ മറുപടിയാണ് ഇയാൾ നൽകിയത്. ഈ സാഹചര്യത്തിലാണ് വിശദമായ അന്വേഷണം നടത്തുന്നത്. ശ്രീരാമകൃഷ്ണന്റെ മൊഴി എടുക്കൽ നിർണ്ണായകമാണ്. അതിന് ശേഷമേ കേസിൽ അന്തിമ നിലപാടുകളിൽ കസ്റ്റംസ് എത്തൂ.
യുഎഇ കോൺസുലേറ്റിലെ അക്കൗണ്ടന്റായിരുന്ന ഖാലിദും സ്വപ്നയും അക്സിസ് ബാങ്കിൽ അക്കൗണ്ട് തുടങ്ങിയിരുന്നു. കോൺസുലേറ്റിന്റെ പേരിൽ തുടങ്ങിയ ഈ അക്കൗണ്ടിലൂടെയാണ് കള്ളക്കളികൾ നടന്നത്. ശേഷാന്ദ്രി ഡോളാറാക്കി നൽകിയ 1.90 ലക്ഷം ഡോളറുമായാണ് ഖാലിദ് ഇന്ത്യ വിട്ടത്. ഇത് മസ്കറ്റിൽ മറ്റൊരാൾക്ക് കൈമാറിയിരുന്നു. ഇത് സ്പീക്കറുമായി അടുപ്പമുള്ളവർക്കാണെന്നാണ് ആരോപണം. ഇത് തെളിയിക്കാനാണ് ഡോ കിരൺ, നാസിൽ അബ്ദുള്ള, ലാഫീർ എന്നിവരെ ചോദ്യം ചെയ്തത്. ഇതിനിടെ സ്പീക്കർ ഉപയോഗിച്ചുവെന്ന് സംശയിക്കുന്ന മൊബൈൽ ഫോൺ നമ്പരും പുറത്തു വന്നു. ഇതിൽ വ്യക്തത വരണമെങ്കിൽ സ്പീക്കറുടെ മൊഴിയും വേണം.
ഒരു രാഷ്ട്രീയ ഉന്നതനും ഡോളർ മാറ്റി നൽകാനായി വിളിച്ചുവെന്ന ശേഷാന്ദ്രിയുടെ മൊഴി അതിനിർണ്ണായകമാണ്. ഇതിൽ വ്യക്തത വരുത്താനാണ് സ്പീക്കറുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ അയ്യപ്പന്റെ മൊഴി എടുക്കലും നടന്നത്. അതിന് ശേഷമാണ് കൂടുതൽ പേരെ മൊഴി എടുക്കാൻ വിളിച്ചത്. ഇതെല്ലാം പരമരഹസ്യമാക്കി വയ്ക്കുകയാണ് കസ്റ്റംസ്. ഇനി ഉടൻ സ്പീക്കറേയും ചോദ്യം ചെയ്യാൻ വിളിപ്പിക്കും, ഇതിന് മുന്നോടിയായാണ് ഡോളർ കടത്തിൽ അന്വേഷണം ശക്തമാക്കിയതും ശിവശങ്കറിനെ അറസ്റ്റ് ചെയ്തതും.
കാക്കനാട് ജയിലിലെത്തിയാണ് കസ്റ്റംസ് സംഘം അറസ്റ്റിന്റെ നടപടിക്രമങ്ങൾ പൂർത്തീകരിച്ചത്. ഡോളർ കടത്ത് കേസിൽ നാലാം പ്രതിയാണ് ശിവശങ്കർ. കേസിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നേരത്തെ അനുമതി തേടിയിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് കോടതി അറസ്റ്റിന് അനുമതി നൽകിയത്. സ്വപ്ന സുരേഷ്, സരിത്ത്, യുഎഇ കോൺസുലേറ്റിലെ അക്കൗണ്ടന്റായിരുന്ന ഈജിപ്ഷ്യൻ പൗരൻ ഖാലിദ് എന്നിവരാണ് കേസിലെ മറ്റുപ്രതികൾ.
1.90 ലക്ഷം ഡോളർ വിദേശത്തേക്ക് കടത്തുന്നതിൽ സ്വപ്ന അടക്കമുള്ളവർക്ക് സഹായം നൽകിയവരിൽ പ്രധാനിയാണ് ശിവശങ്കറെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തൽ. ബാങ്ക് ഉദ്യോഗസ്ഥനടക്കം ശിവശങ്കറിനെതിരേ മൊഴി നൽകിയിരുന്നു. ഡോളർ കടത്തുമായി ബന്ധപ്പെട്ട് അന്വേഷണം വിപുലപ്പെടുത്താനാണ് കസ്റ്റംസിന്റെ നീക്കം. നിരവധി പേരെ ഇനിയും ചോദ്യംചെയ്യേണ്ടതുണ്ടെന്നാണ് കസ്റ്റംസ് നൽകുന്ന സൂചന. അറസ്റ്റ് രേഖപ്പെടുത്തിയതോടെ ശിവശങ്കറിനെ ഇനി കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യും. സ്വപ്നയെയും സരിത്തിനെയും ജയിലിലെത്തിയും കസ്റ്റംസ് സംഘം ചോദ്യംചെയ്യും.
സ്വർണക്കടത്തു കേസിലെ പ്രതികളുടെ സഹായത്തോടെ യു.എ.ഇ. കോൺസുലേറ്റിലെ നയതന്ത്ര ബാഗിൽ വിദേശത്തേക്കു ഡോളർ കടത്തിയതിനു പിന്നിൽ നടന്നത് കള്ളപ്പണം വെളുപ്പിക്കലെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും കണ്ടെത്തിയിട്ടുണ്ട്. ഡോളർ കടത്തിൽ കസ്റ്റംസിനു പിന്നാലെ അന്വേഷണം തുടങ്ങിയ ഇ.ഡി, ഹാജരാകാൻ പൊന്നാനി സ്വദേശി ലഫീർ മുഹമ്മദിനു നോട്ടീസ് നൽകി. മസ്കറ്റിൽ സ്വാശ്രയ കോളജ് നടത്തുന്ന ലഫീർ മുഹമ്മദിനു സ്പീക്കർ പി. ശ്രീരാമകൃഷ്ണനുമായും മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറുമായും അടുത്ത ബന്ധമുണ്ടെന്നു കണ്ടെത്തിയിരുന്നു.
മസ്കറ്റ് മിഡിൽ ഈസ്റ്റ് കോളജിന്റെ ഡീൻ ഡോ. കിരൺ തോമസിനെ കഴിഞ്ഞയാഴ്ച കസ്റ്റംസ് ചോദ്യംചെയ്തിരുന്നു. ഇവർ അബുദാബിയിൽ പുതിയ ശാഖ ആരംഭിക്കാനിരിക്കെ നടത്തിയ അഭിമുഖത്തിൽ സ്വപ്ന സുരേഷും പങ്കെടുത്തിരുന്നു. 2018- ൽ നടന്ന അഭിമുഖത്തിനായി ശിവശങ്കറിനൊപ്പമാണു സ്വപ്ന ചെന്നത്. സ്വപ്നയ്ക്കായി ശിവശങ്കർ ശിപാർശ ചെയ്തിരുന്നു. ഡോ. കിരണിനെയും ഇ.ഡി. വിളിച്ചുവരുത്തും. കോളജിൽ മുതൽ മുടക്കിയിട്ടുണ്ടോ എന്നാണു കിരണിനോടു കസ്റ്റംസ് ആരാഞ്ഞത്. ഡീനിനു മുതൽമുടക്കാൻ കഴിയില്ലെന്നാണു മസ്കറ്റിലെ ചട്ടമെന്നായിരുന്നു മറുപടി. ഉന്നതരായ പലരും കോളജിൽ ബിനാമിപേരിൽ പണം നിക്ഷേപിച്ചിട്ടുണ്ടെന്നാണു കരുതുന്നത്.
കഴിഞ്ഞ വർഷം ഓഗസ്റ്റ് ഏഴിന് തിരുവനന്തപുരം വിമാനത്താവളം വഴി 1.90 ലക്ഷം യു.എസ്. ഡോളർ ഹാൻഡ് ബാഗിൽ ഒളിപ്പിച്ചു ദുബായിലേക്കു കടത്തിയെന്നു സ്വപ്ന വെളിപ്പെടുത്തിയിരുന്നു. ഇത് എന്തിനു വേണ്ടിയായിരുന്നു എന്നും ആർക്കെല്ലാം പങ്കുണ്ടെന്നും സ്വപ്നയും സരിത്തും കസ്റ്റംസിനോടു പറഞ്ഞു. ഇതു കോടതിയിൽ രഹസ്യമൊഴിയായും രേഖപ്പെടുത്തി. ഇതിന്റെ പകർപ്പ് ലഭിച്ചതിനു ശേഷം സ്പീക്കർ, ശിവശങ്കർ ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്യാനാണ് ഇ.ഡിയുടെ നീക്കം. ലൈഫ്മിഷൻ ഇടപാടിൽ കമ്മീഷനായി ലഭിച്ച നാലരക്കോടിയിൽ 3.8 കോടി രൂപ ഡോളറാക്കി കടത്തിയെന്നു സ്വപ്ന മൊഴി നൽകിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ