- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പീക്കറുടെ ചേമ്പർ തകർത്തവർക്കെതിരെ കേസ്; മാണിയുടെ ഇരിപ്പിടം മാറ്റിയത് മുഖ്യമന്ത്രി പറഞ്ഞതിനെ തുടർന്ന്; ആംഗ്യത്തിലൂടെ മാത്രമല്ല ശബ്ദത്തിലൂടെയും അനുമതി നൽകി: ബജറ്റിന് സാധുത പ്രഖ്യാപിച്ച് സ്പീക്കർ
തിരുവനന്തപുരം: എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് ധനമന്ത്രിയുടെ ബജറ്റ് അവതരണം നടന്നതെന്ന് വിശദീകരിച്ച് സ്പീക്കർ എൻ ശക്തൻ. സഭയിൽ പൊതുമുതൽ നശിപ്പിച്ചിതന് എതിരെ പൊലീസിന് നിയമസഭാ സെക്രട്ടറിയേറ്റ് പരാതി നൽകിയിട്ടുണ്ടെന്നും സംഭവിച്ചതെല്ലാം മോശം കാര്യങ്ങളാണെന്നും സ്പീക്കർ വിശദീകരിച്ചു. സംഘർഷത്തിനിടെയിൽ പരിമിതിക്കുള്ളിൽ നിന്ന് എല
തിരുവനന്തപുരം: എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണ് ധനമന്ത്രിയുടെ ബജറ്റ് അവതരണം നടന്നതെന്ന് വിശദീകരിച്ച് സ്പീക്കർ എൻ ശക്തൻ. സഭയിൽ പൊതുമുതൽ നശിപ്പിച്ചിതന് എതിരെ പൊലീസിന് നിയമസഭാ സെക്രട്ടറിയേറ്റ് പരാതി നൽകിയിട്ടുണ്ടെന്നും സംഭവിച്ചതെല്ലാം മോശം കാര്യങ്ങളാണെന്നും സ്പീക്കർ വിശദീകരിച്ചു. സംഘർഷത്തിനിടെയിൽ പരിമിതിക്കുള്ളിൽ നിന്ന് എല്ലാ നടപടി ക്രമവും താൻ ചെയ്‌തെന്നും സ്പീക്കർ വ്യക്തമാക്കി.
നിയമസഭയിൽ ഇന്നുവരെ നടന്നിട്ടില്ലാത്ത സംഭവങ്ങളാണ് ഇന്നു നടന്നത്. ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കുകയെന്നത് ഭരണഘടനാപരമായ ബാധ്യതയാണ്. ഗവൺമെന്റിനെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കുകയെന്നതു സ്പീക്കറുടെ ഉത്തരവാദിത്വമാണ്. പ്രതിപക്ഷം ഇന്നലെ രാത്രി മുഴുവൻ നിയമസഭയിൽത്തന്നെ ഉണ്ടായിരുന്നു. ഇന്നു രാവിലെ 8.30നു പ്രതിപക്ഷ കക്ഷി നേതാക്കന്മാരുമായി ചർച്ച നടത്തി. ബജറ്റ് അനുവദിക്കാൻ അനുവദിക്കേണ്ടതു തന്റെ ഉത്തരവാദിത്വമാണെന്ന് അവരെ അറിയിച്ചു. നിയമസഭയ്ക്കകത്ത് വാച്ച് ആൻഡ് വാർഡിനെ വിളിക്കുന്നതു ശരിയല്ലെന്നും, അതിന് തനിക്ക് ഉദ്ദേശമില്ലെന്നും അവരെ അറിയിച്ചു. പ്രതിപക്ഷ നേതാവ് അടക്കം യോഗത്തിൽ പങ്കെടുത്തിരുന്നു. എന്നാൽ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്നു പ്രഖ്യാപിച്ചെന്നും അതിന് ഏതെല്ലാം ശ്രമം നടത്താമോ അതു ചെയ്യുമെന്നും പറഞ്ഞു. അതിനു ശേഷമാണ് വാച്ച് ആൻഡ് വാർഡിനെ കവാടങ്ങളിൽ നിൽക്കാൻ അനുവദിച്ചത്-സ്പീക്കർ വ്യക്തമാക്കി
8.55നു ഫസ്റ്റ് ബെൽ കൊടുത്തു. അതിനു മുൻപുതന്നെ സ്പീക്കറുടെ ഡയസിൽ പ്രതിപക്ഷ എംഎൽഎമാർ കയറിയിരുന്നു. സ്പീക്കർക്കു ഡയസിൽ കയറാൻ പറ്റാത്ത സാഹചര്യം സൃഷ്ടിച്ചു. വളരെ പ്രയാസപ്പെട്ടു ഞാൻ ഡയസിലേക്കു പോകാൻ ശ്രമിച്ചു. സ്പീക്കറുടെ കസേര അവർ തല്ലിപ്പൊട്ടിച്ചു. എന്റെ മൈക്ക് അവർ തകർത്തു. കംപ്യൂട്ടർ തകർത്തു. ഉണ്ടായിരുന്ന ഉപകരണങ്ങൾ മുഴുവൻ തകർത്തു. സ്പീക്കർ വരുന്നു എന്നു ചീഫ് മാർഷൽ പ്രഖ്യാപിച്ച ഉടൻ ഡോറിനരികിൽവന്ന് ഞാൻ അകത്തു കടക്കാതിരിക്കാൻ ശ്രമിച്ചു. വാച്ച് ആൻഡ് വാർഡിന്റെ സഹായത്തോടെ ഞാൻ മുന്നിലെത്തി. മറ്റൊരു കസേര വാച്ച് ആൻഡ് വാർഡ് കൊണ്ടുവന്നു.
സ്പീക്കറുടെ ഡയസിൽ രണ്ടു കസേരയുണ്ടാകും. അഡീഷണൽ കസേരയിലാണു ഞാൻ നിയമസഭയിൽ ആദ്യം ഇരുന്നത്. ഒമ്പത് ആയപ്പോൾ എഴുന്നേറ്റു നിന്നു. എന്റെ ഫ്രണ്ടിലുള്ള മേശയിൽ നിറയെ എംഎൽഎമാർ ഇരിക്കുകയായിരുന്നു. മൈക്ക് ഇല്ലാതിരുന്നതുകൊണ്ട് കാണാനും കേൾക്കാനുമാകാത്തതുകൊണ്ട് എഴുന്നേറ്റുനിന്ന് ധനമന്ത്രിയെ ബജറ്റ് അവതരിപ്പിക്കാൻ ശ്രമിച്ചു. കൈകൊണ്ട് ബജറ്റ് അവതരിപ്പിക്കാൻ ആംഗ്യം കാണിക്കുന്നത് എല്ലാ ചാനലുകളും കാണിച്ചത്. കേട്ടില്ലെങ്കിലോ എന്ന സംശയം കൊണ്ടാണു പറഞ്ഞതിനൊപ്പം കൈകാണിച്ചത്. ബജറ്റ് അവതരിപ്പിച്ചു തീരുന്നതുവരെ താൻ കസേരയിലിരുന്നു.
ധനമന്ത്രി ബജറ്റ് പ്രസംഗം അവതരിപ്പിച്ചതിനുശേഷം ബജറ്റ് പ്രസംഗവും ഡോക്യുമെന്റും എംഎൽഎമാരുടെ മുറികളിൽ എത്തിക്കുന്നതാണെന്നു താൻ പറഞ്ഞു. സഭ ഇപ്പോൾ പിരിയുന്നതായും തിങ്കളാഴ്ച രാവിലെ 8.30നു വീണ്ടും സമ്മേളിക്കുമെന്നും പറഞ്ഞ ശേഷമാണു ഞാൻ അവിടുന്നു പോയത്. എന്റെ മുറിയിരുന്നു ബജറ്റ് അവതരിപ്പിക്കാൻ നിർദ്ദേശം കൊടുത്തെന്നാണ് ആദ്യം പ്രതിപക്ഷം പറഞ്ഞത്. മൈക്ക് അവർ തല്ലിപ്പൊട്ടിച്ചു. അതിനാൽ ശബ്ദം കേൾക്കാനാവില്ലെന്നു കരുതിയാണ് പറഞ്ഞതിനൊപ്പം ആംഗ്യവും കാണിച്ചത്. നടപടികൾ നിയമസഭാ സെക്രട്ടേറിയറ്റ് രേഖപ്പെടുത്തിയിട്ടുണ്ടാകും. അക്കാര്യം താൻ ഇപ്പോൾ പരിശോധിച്ചിട്ടില്ലെന്നും സ്പീക്കർ വിശദീകരിച്ചു.
സഭയിൽ എംഎൽഎമാരുടെ സീറ്റ് തീരുമാനിക്കുന്നത് സ്പീക്കറാണ്. മുഖ്യമന്ത്രി തന്നോട് ആവശ്യപ്പെട്ടതുപ്രകാരം സി.എൻ. ബാലകൃഷ്ണന്റെയും കെ.എം. മാണിയുടേയും സീറ്റുകൾ പരസ്പരം മാറ്റാൻ താൻ നിർദ്ദേശം നൽകുകയായിരുന്നു. എംഎൽഎമാരെപ്പോലെ ചീഫ് മാർഷൽ അടക്കം 12 വാച്ച് ആൻഡ് വാർഡുകൾക്കും പരുക്കേറ്റിട്ടുണ്ട്. എംഎൽഎമാർ ആരും തനിക്കു പരാതി നൽകിയിട്ടില്ല. മാദ്ധ്യമങ്ങളിലൂടെയുള്ള അറിവേയുള്ളൂ. സഭയിൽ എന്താണു സംഭവിച്ചതെന്നകാര്യങ്ങൾ വിഡിയോ ദൃശ്യങ്ങളിൽ പരിശോധിക്കാവുന്നതാണെന്നും സ്പീക്കർ പറഞ്ഞു.
125 വർഷം പാരമ്പര്യമുള്ള കേരള നിയമസഭയിൽ സ്പീക്കറുടെ ഡയസും ഫർണിച്ചറും അടിച്ചു പൊട്ടിക്കുന്ന സംഭവം ഇതിനു മുൻപ് ഉണ്ടായിട്ടുണ്ടോ? പ്രതിഷേധം വരാം. സ്പീക്കർ ചെയറിൽ വരാൻ അനുവദിക്കാതെ തടയുന്ന സംഭവം ഇതിനു മുൻപ് ഉണ്ടായിട്ടുണ്ടോ? ഇത്രയും പാരമ്പര്യമുള്ളതും ഉന്നത നിലവാരത്തിലുള്ളതുമായ ഒരു നിയമസഭയ്ക്ക് ഇത്രയും താഴേയ്ക്ക് ഇറങ്ങാനാവുമോ? വളരെ മോശമായിപ്പോയി. വളരെ നിർഭാഗ്യകരമായിപ്പോയി. ഇത്രയേ പറയുന്നുള്ളൂ.
മന്ത്രിമാർ ഏതു വാതിലിലൂടെ കയറണമെന്നതു മന്ത്രിമാരായണു തീരുമാനിക്കേണ്ടത്. അതു സ്പീക്കർ നൽകുന്ന നിർദേശത്തിന്റെ അടിസ്ഥാനത്തിലല്ല. എന്നാൽ സ്പീക്കറുടെ വഴി തടയുന്നത് നിയമസഭയുടെ ചരിത്രത്തിൽ ആദ്യമാണ്. നിയമസഭയിലെ ഉപകരണങ്ങൾ നശിപ്പിച്ചവർക്കെതിരെ നടപടി വേണമെന്നു നിയമസഭാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. ആരുടേയും പേര് നിയമസഭാ സെക്രട്ടേറിയറ്റ് പറഞ്ഞിട്ടില്ല. നിയമസഭാ ടിവിയുടേയും മറ്റു ചാനലുകളുടേയും ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു നടപടിയെടുക്കട്ടെ-സ്പീക്കർ വിശദീകരിച്ചു.