ശങ്കരനാരായണൻ തമ്പി ഹാൾ പുതുക്കിപ്പണിതത് ലോകകേരള സഭയുടെ അന്തസ് ഉറപ്പാക്കാൻ; ഇതിനെ പ്രതിപക്ഷ അംഗങ്ങളും പ്രശംസിച്ചിരുന്നു; ഊരാളുങ്കൽ ഇവിധാൻ സഭ നടപ്പാകുമ്പോൾ 40 കോടി രൂപ പ്രതിവർഷം ലാഭം; ഭരണഘടനാ സ്ഥാപനങ്ങളെ വിമർശിക്കാം; ഊഹാപോഹങ്ങൾ വച്ചുള്ള പരാമർശം പാടില്ല; ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് സ്പീക്കറുടെ മറുപടി
- Share
- Tweet
- Telegram
- LinkedIniiiii
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്ക് സ്പീക്കറുടെ
മറുപടി. മുമ്പെങ്ങും ഇല്ലാത്ത ആരോപണങ്ങൾ ഇപ്പോൾ ഉന്നയിക്കുന്നതിനു പിന്നിൽ ഗൂഢമായ രാഷ്ട്രീയ ലക്ഷ്യം. കെട്ടിച്ചമച്ച ആരോപണങ്ങൾക്ക് ആയുസുണ്ടാവില്ലെന്ന് രേഖകൾ ഉദ്ധരിച്ച് സ്പീക്കർ പറഞ്ഞു.
കടലാസ് രഹിത പദ്ധതിയിൽ ഏകപക്ഷീയമായി സ്പീക്കർ തീരുമാനമെടുത്തതല്ല. ഓരോ പ്രവർത്തിയിലും എഞ്ചീനീയറിംങ് വിഭാഗത്തിന്റെ നിരീക്ഷണമുണ്ട്. പ്രതിപക്ഷനേതാവിന്റെ ആവശ്യപ്രകാരം ഉന്നതസമിതിയുണ്ടാക്കിയിരുന്നു.
ശങ്കരനാരാണയൻ തമ്പി ഹാൾ പുതുക്കിപ്പണിതത് ലോകകേരള സഭയുടെ അന്തസ് ഉറപ്പാക്കാൻ വേണ്ടിയാണ്. ഇതിനെ പ്രതിപക്ഷ അംഗങ്ങളും പ്രശംസിച്ചിരുന്നു. 9 കോടി 17 ലക്ഷത്തിന് പണി പൂർത്തിയാക്കി.16.50 കോടിക്കായിരുന്നു ഭരണാനുമതി. സഭാ ടിവി മാതൃകാപരമാണ്. ധൂർത്തല്ല ലക്ഷ്യം.സഭ ടിവിയിൽ ആർക്കും സ്ഥിരം നിയമനമില്ലെന്നും സ്പീക്കർ പറഞ്ഞു.
ഭരണഘടനാ സ്ഥാപനങ്ങളെ വിമർശിക്കാം. ഊഹാപോഹങ്ങൾ വച്ചുള്ള പരാമർശം പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. സഭയിലെ എല്ലാ പ്രവൃത്തികളും സഭാസമിതികളുടെ നേതൃത്വത്തിലാണ്. എന്തടിസ്ഥാനത്തിലാണ് ചെന്നിത്തലയുടെ ആരോപണമെന്ന് മനസ്സിലാകുന്നില്ല. ഏകപക്ഷീയമായി തീരുമാനമെടുത്തിട്ടില്ല. ഊരാളുങ്കലിന് കരാർ നൽകിയത് ഇവിധാൻ സഭ ഒരുക്കുന്നതിനാണ്. ഇവിധാൻ സഭ നടപ്പാകുമ്പോൾ 40 കോടി രൂപ പ്രതിവർഷം ലാഭമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭ സെക്രട്ടേറിയറ്റോ സ്പീക്കറോ മറ്റേതെങ്കിലും ഭരണഘടന പദവികളോ വിമർശനത്തിന് വിധേയമാകാൻ പാടില്ലാത്ത വിശുദ്ധ പശുക്കളാണെന്ന അഭിപ്രായമൊന്നും തനിക്കില്ല. സമൂഹത്തിന്റെയും വ്യത്യസ്ത തരത്തിലുള്ള സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും വിമർശനത്തിനും സ്ക്രൂട്ടിനിക്കും സ്പീക്കറും നിയമസഭയും വിധേയമാകുന്നതിൽ ഒരു അസഹിഷ്ണുതയുമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള നിയമസഭയെ രാജ്യത്തെ ഏറ്റവും മികച്ച നിയമസഭയാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങൾക്കായിരുന്നു കഴിഞ്ഞ നാലരവർഷവും നേതൃത്വം കൊടുത്തിരുന്നതെന്നും ശ്രീരാമകൃഷ്ണൻ പറഞ്ഞു.
ഒന്നാം ലോക കേരള സഭയുടെ ഭാഗമായി ലോഞ്ചിൽ നടന്ന പ്രവൃത്തികൾ നിയമ സഭ സെക്രട്ടേറിയേറ്റിന്റെ നേതൃത്വത്തിലല്ല നടന്നത്. നിയമസഭ സെക്രട്ടേറിയേറ്റിനോട് അതിന് അനുവാദം ചോദിക്കുകയായിരുന്നു. നോർക്കയുടെ നേതൃത്വത്തിൽ സമ്മേളനം നടത്തുന്നതിന് അനുവാദം ചോദിച്ചു. അതിന് അനുവാദം കൊടുക്കുകയായിരുന്നു. അവിടേക്ക് ആവശ്യമായ കസേരകൾ നമ്മുടേതാണ്. അത് വാങ്ങിച്ചു. ആ കസേരകൾ വീണ്ടും അത് പുതുക്കിയപ്പോൾ നമ്മൾ ഉപയോഗിക്കുകയും ചെയ്തു. മറ്റ് പ്രവൃത്തികൾ നോർക്കയുടെ ഭാഗത്തുനിന്നാണുണ്ടായത്.
മെമ്പേഴ്സ് ലോഞ്ചിലെ സിവിൽ,മെക്കാനിക്കൽ, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് തുടങ്ങിയ പ്രവൃത്തികൾക്ക് 16 കോടി 65 ലക്ഷം രൂപയ്ക്കാണ് ഭരണാനുമതി നൽകിയത്. ഭരണാനുമതിയുടെ ഭാഗമായി വന്നിട്ടുള്ള ചെലവുകൾ ആവശ്യമുള്ളതാണോ എന്നതിന് സ്ക്രൂട്ടിനി നടത്താൻ വിദഗ്ധ സമിതിയുണ്ട്. 9 കോടി 17 ലക്ഷത്തിനാണ് പണി പൂർത്തീകരിച്ചതെന്നും സ്പീക്കർ വ്യക്തമാക്കി. ഊരാളുങ്കലിന് കരാർ നൽകിയത് അവരുടെ മെച്ചപ്പെട്ട ട്രാക്ക് റെക്കോഡ് പരിഗണിച്ചാണ്. പ്രവൃത്തി അവർ നിശ്ചയിച്ച സമയത്ത് പൂർത്തീകരിച്ചു. ഇതിന് നിയമസഭ സമിതി മേൽനോട്ടം വഹിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾ
1. ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് നിയമസഭ. അവിടെ ഉണ്ടാകുന്ന ഏത് കളങ്കവും ജനാധിപത്യത്തെ ദുർബലപ്പെടുത്തും. നിയമസഭയിൽ സ്പീക്കർ പദവി ഉന്നതമായ ഭരണഘടനാ സ്ഥാനങ്ങളിലൊന്നാണ്. പക്വത എത്തിയ രാഷ്ട്രീയ പ്രവർത്തകരാണ് സ്പീക്കർമാരായി തിരഞ്ഞെടുക്കപ്പെടാറുള്ളത്. അവർ സജീവ രാഷ്ട്രീയ പ്രവർത്തകരാണെങ്കിലും സ്പീക്കർമാരായി തിരഞ്ഞെടുക്കപ്പെടുന്നതോടെ നിക്ഷപക്ഷരായി മാറുന്നു എന്നതാണ് ജനാധിപത്യത്തിലെ മനോഹരമായ സങ്കല്പം. കക്ഷിരാഷ്ട്രീയം പാടെ മാറ്റി വച്ച് ജനാധിപത്യ പ്രക്രിയയുടെ കാവലാളായി വർത്തിക്കുന്നു എന്നതാണ് സ്പീക്കറുടെ പദവിയെ ഉദാത്തമക്കുന്നത്. നേരിയ ഒരു സംശയത്തിന്റെ നിഴൽ പോലും സ്പീക്കർക്ക് മേൽ വീഴാൻ പാടില്ല. അങ്ങനെ സംഭവിച്ചാൽ അതും ജനാധിപത്യത്തെ കളങ്കപ്പെടുത്തും.
2. പക്ഷേ ഈ അടുത്ത കാലത്തായി നമ്മുടെ സ്പീക്കറെക്കുറിച്ച് മോശപ്പെട്ട സൂചനകളടങ്ങിയ വർത്തകളും പരാമർശങ്ങളുമാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. തികച്ചും ദൗർഭാഗ്യകരവും ദുഃഖകരവുമാണ് ഈ അവസ്ഥ. ഇക്കാര്യത്തിൽ സത്യം അതിവേഗം പുറത്തു വരേണ്ടത് അത്യന്താപേക്ഷിതമാണ്. അതിനാലാണ് സ്പ്നാ സുരേഷ് കോടതിക്ക് മുൻപാകെ പറഞ്ഞ ഉന്നതൻ ആരാണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണമെന്ന് ഞാൻ ആവശ്യപ്പെട്ടത്.
3. ഇതോടൊപ്പം സ്പീക്കറുടെ പക്ഷപാതപരമായ പ്രവർത്തനത്തെക്കുറിച്ചും നിയമസഭയിലെ ലക്കും ലഗാനുമില്ലാത്ത ധൂർത്തിനെക്കുറിച്ചും അഴിമതിയെക്കുറിച്ചും കുറെ വിവരങ്ങൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നു. കേരളത്തിലെ എല്ലാ മേഖലകളെയും അഴിമതിയുടെ കൂത്തരങ്ങായി മാറ്റിയ ഇടതു സർക്കാർ പരിപാവനമായ നിയമസഭയെയും വെറുതെ വിട്ടില്ലെന്നാണ് തെളിയുന്നത്. വിവരാവകാശപ്രകാരവും അല്ലാതെയും ലഭിച്ച വിവരങ്ങൾ അമ്പരപ്പിക്കുന്നതാണ്.
4. സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് സംസ്ഥാനം നട്ടം തിരിയുമ്പോൾ യാതൊരു തത്വ ദീക്ഷയുമില്ലാതെ കോടികൾ ധൂർത്തടിക്കുകയും നിർലജ്ജം അഴിമതി നടത്തുകയും ചെയ്യുന്ന നടപടികളാണ് നിയമസഭയിലുണ്ടായത്. ചില ഉദാഹരണങ്ങൾ പരിശോധിക്കാം.
5. പ്രവാസികളായ മലയാളികളുടെ ക്ഷേമത്തിനും അവരുടെ വൈദഗ്ധ്യം കേരളത്തിന് പ്രയോജനപ്പെടുത്തിനുമായി ഒരു പൊതുവേദി എന്ന നിലയിൽ രൂപീകരിച്ച ലോക കേരള സഭയെ ധൂർത്തിന്റെയും അഴിമതിയുടെയും പര്യായമായാണ് മാറ്റിയത്. (ഇക്കാര്യം നിയമസഭയിലും ഞാൻ ഉന്നയിച്ചിരുന്നു.)
6. ലോക കേരളസഭ ചേരുന്നതിനായി നിയമസഭയിലെ പ്രൗഢഗംഭീരമായ ശങ്കരനാരായണൻ തമ്പി ഹാൾ പൊളിച്ചു പണിത കഥ കേട്ടാൽ ആരും ഞെട്ടും.
7. 2018 ൽ ആദ്യ ലോക കേരളസഭ നടന്നപ്പോൾ ശങ്കരനാരായണൻ തമ്പി ഹാളിലെ ഇരിപ്പിടങ്ങൾ നവീകരിക്കുന്നതിന് മാത്രമായി ചെലവാക്കിയത് 1.84 കോടി രൂപയാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്ക് ടെണ്ടറൊന്നും ഇല്ലാതെ കരാർ നൽകുകയായിരുന്നു. ആകെ രണ്ടേ രണ്ട് ദിവസം മാത്രമാണ് ഈ ഹാളിൽ സമ്മേളനം ചേർന്നത്.
8. 2020 രണ്ടാം ലോക കേരള സഭ നടന്നപ്പോൾ 1.84 കോടി രൂപ മുടക്കി നവീകരിച്ച ഈ ഇരിപ്പിടങ്ങൾ പൊളിച്ചു മാറ്റി. മാത്രമല്ല ഹാൾ മൊത്തമായി 16.65 കോടി രൂപ എസ്റ്റിമേറ്റിട്ട് നവീകരിച്ചു. ശങ്കരനാരായണൻ തമ്പി ഹാളിൽ വിദേശത്ത് നിന്ന് കൊണ്ടുവന്ന് തൂക്കിയിരുന്ന കമനീയമായ ശരറാന്തൽ വിളക്കുകളും മറ്റ് അലങ്കാരങ്ങളും ചുമന്നു മാറ്റിയായിരുന്നു നവീകരണം. ഊരാളുങ്കൽ സൊസൈറ്റിക്ക് തന്നെയാണ് വീണ്ടും കരാർ നൽകിയത്. ടെണ്ടർ ഇല്ല.
ആകെ ഒന്നര ദിവസം മാത്രമാണ് ഈ നവീകരിച്ച ഹാളിൽ സമ്മേളനം നടന്നത്. അത് കഴിഞ്ഞ് ഹാൾ ഇപ്പോൾ അച്ചിട്ടിരിക്കുന്നു. എന്തിന് വേണ്ടിയായിരുന്നു ഈ ധൂർത്ത്? എസ്റ്റിമേറ്റിന്റെ അത്രയും തുക വേണ്ടി വന്നിട്ടില്ലെന്നും പകുതിയേ ചെലവായിട്ടിള്ളൂ എന്നുമാണ് അന്ന് സ്പീക്കർ വിശദീകരിച്ചത്. എന്നാൽ ഇതിന്റെ ബില്ലിൽ ഇതിനകം 12 കോടി രൂപ ഊരാളുങ്കലിന് നൽകി കഴിഞ്ഞു. കോവിഡിന്റെ പശ്ചാലത്തിൽ പ്രഖ്യാപിച്ച സാമ്പത്തിക നിയന്ത്രണത്തിന് പ്രത്യേക ഇളവ് നൽകിയാണ് ഈ തുക ഊരാളുങ്കലിന് നൽകിയത്.
ഇ നിയമസഭ
-----------
9. നിയമസഭ കടലാസ് രഹിതമാക്കുന്നതിനുള്ള ഇ-നിയമസഭ എന്ന പദ്ധതിയിയുടെ പേരിലും വൻ ധൂർത്താണ് നടന്നത്. 52.31 കോടി രൂപയുടെ പടുകൂറ്റൻ പദ്ധതിയാണിത് ഇത്. ഇതിനും ടെണ്ടർ ഇല്ല. ഊരാളുങ്കൽ സൊസൈറ്റിക്കാണ് ഈ പണിയും നൽകിയത്.
10. ഈ പദ്ധതിയിൽ ഊരാളുങ്കലിന് 13.59 കോടിരൂപ മൊബിലൈസേഷൻ അഡ്വാൻസ് ആയി നൽകി. 13-6-19 ന് ഇത് സംബന്ധിച്ച് ഉത്തരവിറങ്ങി. ഊരാളുങ്കൽ ആവശ്യപ്പെട്ടത് അനുസരിച്ചാണ് അഡ് വാൻസ് തുകയായി 13.53 കോടി രൂപ നൽകാൻ സ്പീക്കർ പ്രത്യേക ഉത്തരവ് നൽകിയത്. മുപ്പത് ശതമാനത്തോളം വരും ഈ അഡ്വാൻസ്. (പാലാരിവട്ടത്ത് മന്മന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ ചുമത്തപ്പെട്ട കുറ്റവും ഇതേ പോലുള്ള മൊബൈലേസേഷൻ അഡ്വാൻസാണ്.)
ഫെസ്റ്റിവൽ ഓൺ ഡെമോക്രസി
11. ജനാധിപത്യത്തിന്റെ ഉത്സവമായാണ് ഫെസ്റ്റിവൽ ഓൺ ഡെമോക്രസി എന്ന പേരിൽ നിയമസഭ ആഘോഷം നടത്തിയത്. ഏന്നാൽ ശരിക്കും ധൂർത്തിന്റെയും അഴിമതിയുടെയും ഉത്സവമായാണ് അത് മാറിയത്.
12. ഫെസ്റ്റിവൽ ഓൺ ഡെമോക്രസിയിൽ പരമ്പരയായി ആറ് പ്രോഗ്രാമുകളാണ് നടത്താൻ നിശ്ചയിച്ചത്. കോവിഡ് കാരണം രണ്ടെണ്ണമേ നടത്താൻ കഴിഞ്ഞുള്ളു. ധൂർത്തിന്റെ കേളീരംഗമായി അവ മാറി. രണ്ടെണ്ണത്തിന് മാത്രം ചെലവ് രണ്ടേകാൽ കോടി രൂപ. ആറെണ്ണം നടത്തിയിരുന്നെങ്കിൽ എത്ര രൂപയാകുമായിരുന്നു?
13. ഫെസ്റ്റിവൽ ഓൺ ഡെമോക്രസിക്ക് ഭക്ഷണചെലവ് മാത്രം 68 ലക്ഷം രൂപ എന്നാണ് വിവരാവകാശം വഴി ലഭിച്ച കണക്ക്. യാത്രാചെലവ് 42 ലക്ഷം രൂപ. മറ്റു ചെലവ് 1.21 കോടി രൂപ. പരസ്യം 31 ലക്ഷം രൂപ. ഒരു നിയന്ത്രണവുമില്ലാതെ പൊതുപണം വെള്ളം പോലെ ഒഴുക്കിക്കളയുകയായിരുന്നു. എന്താണ് അതുകൊണ്ട് ഉണ്ടായ നേട്ടം?
14. തമാശ അതല്ല, നിയമസഭയിൽ 1,100 ലേറെ സ്ഥിരം ജീവനക്കാരുണ്ട്. എന്നിട്ടും ഫെസ്റ്റിവൽ ഓൺ ഡെമോക്രസിക്കായി അഞ്ച് പേരെ കരാറടിസ്ഥാനത്തിൽ പുറത്തു നിന്ന് നിയമിച്ചു. പരിപാടി അവസാനിപ്പിച്ചിട്ട് രണ്ടു വർഷമായി. എന്നിട്ടും ഇവർ ജോലിയിൽ തുടരുകയാണ്. ഓരോരുത്തർക്കും പ്രതിമാസ ശമ്പളം മുപ്പതിനായിരം രൂപ. ഈ സെപ്റ്റംബർ വരെ ശമ്പളമായി നൽകിയത് 21.61 ലക്ഷം രൂപ.
സഭാ ടി വി
15. നിയമസഭാ ടി വിയുടെ പേരിലാണ് മറ്റൊരു ധൂർത്ത്. ഇതിനായി കൺസൾട്ടന്റുകളെ അറുപതിനായിരവും നാൽപ്പത്തിയ്യായിരവും രൂപ പ്രതിമാസം കൺസൾട്ടൻസി ഫീസ് നൽകി നിയമിച്ചിട്ടുണ്ട്.
16. എം എൽ എ ഹോസ്റ്റലിൽ മുൻഅംഗങ്ങൾക്ക് താമസിക്കാനുള്ള പതിനഞ്ചോളം ഫർണിഷ്ഡ് റൂമുകൾ ഒഴിഞ്ഞു കിടക്കുമ്പോൾ സഭാ ടിവിയുടെ ചീഫ് കൺസൾട്ടന്റിന് താമസിക്കാൻ വഴുതക്കാട് സ്വകാര്യ ഫ്ളാറ്റ് വാടകക്ക് എടുത്ത് നൽകി. പ്രതിമാസ വാടക ഇരുപത്തയ്യായിരം രൂപ. ഒരു ലക്ഷം രൂപ അഡ്വാൻസ്. ഫളാറ്റിൽ പാത്രങ്ങളും കപ്പുകളും മറ്റും വാങ്ങിയതിന്റെ ബില്ലും നിയമസഭ തന്നെ നൽകി. ബിൽ തുകയിൽ 18,860 രൂപ (പതിനെണ്ണായിരത്തി എണ്ണൂറ്റി അറുപത്തിയാറ് രൂപ) ഇതിനകം റീഇംബേഴ്സ് ചെയ്തു കഴിഞ്ഞു.
17. സഭാ ടിവിക്കായി പ്രതിമാസം 40,000 രൂപ ശമ്പളത്തിൽ വീണ്ടും കരാർ നിയമനം നടത്തുന്നതിനായി ഇപ്പോൾ പരസ്യം നൽകിയിരിക്കുകയാണ്. 86 പ്രോഗ്രാമുകളാണ് ഇതിനകം നിർമ്മിച്ചതെന്നാണ് വിവരാവകാശ രേഖയിൽ പറയുന്നത്. ചെലവ് 60.38 ലക്ഷം രൂപ.
ഇ എം എസ് സ്മൃതി
18. നിയമസഭാ മ്യൂസിയത്തിൽ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഏഴര ലക്ഷം രൂപ മുടക്കി സജ്ജീകരിച്ച ചിൽഡ്രൻസ് ലൈബ്രറി പൊളിച്ച് കളഞ്ഞ് പകരം ഇ എം എസ് സ്മൃതി സ്മാരകം നിർമ്മിക്കുന്നതിന് പദ്ധതിയുണ്ടാക്കി. ചെലവ് 87 ലക്ഷം രൂപ.
ഗസ്റ്റ് ഹൗസ്
19. നിയമസഭാ സമുച്ചയത്തിൽ ആവശ്യത്തിലേറെ മുറികളും അതിഥി മന്ദിരങ്ങളുമുണ്ടെങ്കിലും പുതിയ ഒരു അതിഥി മന്ദിരം നിർമ്മിക്കാൻ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇതിനായി താത്പര്യ പത്രം ക്ഷണിച്ചിരുന്നു. പ്രീഫാബ്രിക്കേറ്റഡ് ഗസ്റ്റ് ഹൗസാണ് നിർമ്മിക്കുന്നത്. തുക എത്രയെന്ന് വ്യക്തമല്ല.
20. നിയമസഭയിലെ ചെലവ് സഭയിൽ ചർച്ച ചെയ്യാറില്ല. ഈ പഴുത് ഉപയോഗിച്ചാണ് ഇത്രയേറെ ധൂർത്തും അഴിമതിയും നടത്തുന്നത്.
21. നിയമസഭാ മന്ദിരത്തിന്റെ മൊത്തം നിർമ്മാണ ചെലവ് 76 കോടി രൂപയോളമാണ്. എന്നാൽ കഴിഞ്ഞ നാലര വർഷത്തിനിടയിൽ ഈ സ്പീക്കർ 100 കോടിയുടെയെങ്കിലും നിർമ്മാണ പ്രവർത്തനങ്ങളും ആഘോഷങ്ങളും നടത്തിയിട്ടുണ്ട്.
22. സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് നട്ടം തിരിയുമ്പോഴാണ് നിയമസഭയിൽ ധൂർത്തും അഴിമതിയുമൊക്കെ നടന്നത്. പ്രളയത്തിലും പ്രകൃതി ക്ഷോഭത്തിലും സർവ്വവും നഷ്ടപ്പെട്ടവർ സഹായമൊന്നും കിട്ടാതെ ആത്മഹത്യയിൽ അഭയം പ്രാപിച്ചപ്പോഴാണ് കോടികളുടെ ഈ ധൂർ്ത്തും അഴിമതിയും നടത്തിയത്. ജനാധിപത്യ പ്രക്രിയ സുഗമമാക്കുന്നതിനാണ് പണം ചിലവഴിക്കുന്ന കാര്യത്തിൽ നിയമസഭയ്ക്ക് പ്രത്യേക സൗകര്യങ്ങൾ നൽകിയിട്ടുള്ളത്. ആ സൗകര്യം ഉയർന്ന നീതിബോധത്തോടയും വിവേചന ബുദ്ധിയോടെയുമാണ് ഉപയോഗപ്പെടുത്തേണ്ടത്. പക്ഷേ ഇവിടെ അത് ദുരുപയോഗപ്പെടുത്തുകയാണ് സ്പീക്കർ ചെയതത്.
മറുനാടന് മലയാളി ബ്യൂറോ