- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീട്ടിലിരിക്കുന്നവരെ ആക്ഷേപിക്കുന്നതല്ല സംസ്‌കാരമെന്നും മാത്യു കുഴൽനാടൻ പച്ചക്കള്ളമാണ് പറയുന്നതെന്നും ചൂടായ മുഖ്യമന്ത്രി എങ്ങനെ പ്രതികരിക്കും? മുഖ്യമന്ത്രിയുടെ മകൾ വീണയുടെ മെന്റർ വിവാദത്തിൽ എംഎൽഎയുടെ അവകാശലംഘന നോട്ടീസിൽ സ്പീക്കർ മറുപടി തേടിയതോടെ നിയമസഭ ആകാംക്ഷയിൽ
തിരുവനന്തപുരം: മെന്റർ വിവാദം വീണ്ടും നിയമസഭയിൽ. മാത്യു കുഴൽനാടൻ എംഎൽഎയുടെ അവകാശലംഘന നോട്ടീസിൽ സ്പീക്കർ എം ബി രാജേഷ് മുഖ്യമന്ത്രിയുടെ പ്രതികരണം തേടി. മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്നാണ് അവകാശലംഘന നോട്ടീസിൽ പറയുന്നത്. മുഖ്യമന്ത്രിയുടെ മകൾ വീണ പിഡബ്ല്യുസി ഡയറക്ടർ ജെയ്ക് ബാലകുമാറിനെ മെന്റർ എന്നു വിശേഷിപ്പിച്ചു എന്നായിരുന്നു കുഴൽനാടന്റെ പരാമർശം. എന്നാൽ മകൾ അങ്ങനെ വിശേഷിപ്പിച്ചിട്ടില്ലെന്നും കുഴൽനാടൻ പറഞ്ഞത് കള്ളമാണെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിനെതിരയാണ് കുഴൽനാടൻ അവകാശ ലംഘന നോട്ടീസ് നൽകിയത്.
നിയമസഭാ ചട്ടങ്ങൾ പ്രകാരമുള്ള കാര്യനിർവഹണവും നടപടിക്രമങ്ങളും സംബന്ധിച്ചുള്ള 154ാം ചട്ടപ്രകാരമാണ് മാത്യു കുഴൽനാടൻ മുഖ്യമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് സമർപ്പിച്ചത്. ജൂലൈ ഒന്നിനാണ് നോട്ടീസ് നൽകിയത്. നിയമസഭയിൽ നടന്ന അടിയന്തരപ്രമേയ ചർച്ചയ്ക്കിടെ മാത്യു കുഴൽനാടൻ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ എക്സാലോജിക് കമ്പനി വെബ്സൈറ്റിൽ പി.ഡബ്ല്യു.സി ഡയറക്ടറായ ജെയ്ക് ബാലകുമാർ തന്റെ മെന്ററാണെന്ന് വീണ വിജയൻ അവകാശപ്പെട്ടിട്ടുണ്ടെന്ന വിഷയമാണ് മാത്യു കുഴൽനാടൻ ഉന്നയിച്ചത്.
സ്വപ്ന സുരേഷിന് ഐടി വകുപ്പിനു കീഴിലെ സ്‌പേസ് പാർക്കിൽ ജോലി ലഭിച്ചതു കൺസൽറ്റൻസി കമ്പനിയായ പിഡബ്ല്യുസി വഴിയാണ് എന്ന ആരോപണം വന്നതിനു പിന്നാലെ വീണയുടെ കമ്പനിയുടെ വെബ്‌സൈറ്റ് 'ഡൗൺ' ആയി. പിന്നീട് 'അപ്' ആയപ്പോൾ ഈ പരാമർശം നീക്കിയിരുന്നുവെന്നും കുഴൽനാടൻ പറഞ്ഞു. പച്ചക്കള്ളമാണു പറയുന്നതെന്നും പിഡബ്ല്യുസി ഡയറക്ടറെ ഒരു ഘട്ടത്തിലും മെന്ററായി തന്റെ മകൾ പറഞ്ഞിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വീട്ടിലിരിക്കുന്നവരെ ആക്ഷേപിക്കുന്നതല്ല സംസ്‌കാരമെന്നും അതിനല്ല നിയമസഭയെന്നും മുഖ്യമന്ത്രി പറഞ്ഞു
തൊട്ടടുത്ത ദിവസം എക്സാലോജിക്കിന്റെ വെബ്സൈറ്റ് ആർക്കൈവ്സ് ഉൾപ്പെടെ വിശദീകരിച്ചുകൊണ്ട് താൻ പറഞ്ഞത് ശരിയാണെന്നും കുഴൽനാടൻ സ്ഥാപിച്ചിരുന്നു. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് കാണിച്ചാണ് അവകാശലംഘന നോട്ടീസ് കുഴൽനാടൻ സമർപ്പിച്ചത്. ഈ വിഷയത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം കാക്കുകയാണ് സഭ.
മറുനാടന് മലയാളി ബ്യൂറോ