- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്പീക്കറെ ചോദ്യം ചെയ്യുക നിയമസഭാ സമ്മേളനത്തിന് ശേഷം; ബജറ്റ് സെഷന് തടസ്സമുണ്ടാകാതെ അന്വേഷണ നടപടികൾ തുടരാമെന്ന് നിയമോപദേശം; ഡോളർ പോലും കണ്ടെടുക്കാതെ എന്ത് കടത്തെന്ന ചോദ്യവുമായി പ്രതിരോധ ശ്രമവും; ഫെബ്രുവരിയിലേക്ക് കാര്യങ്ങൾ നീളുമ്പോൾ
കൊച്ചി: സ്വർണം, ഡോളർക്കടത്ത് കേസുകളിൽ പ്രതികളായ സ്വപ്നയും സരിത്തും മജിസ്ട്രേറ്റിനുനൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ഉടൻ ചോദ്യം ചെയ്യില്ല. എട്ടാം തീയതി നിയമസഭ ചേരുന്ന സാഹചര്യത്തിലാണ് ഇത്. ജനുവരി അവസാനം വരെ നിയമസഭ ചേരുന്നുണ്ട്. അതു കഴിഞ്ഞ് ചോദ്യം ചെയ്യലിന് ഹാജരാകാൻ സ്പീക്കർക്ക് കസ്റ്റംസ് നോട്ടീസ് നൽകും.
സ്വപ്നയും സരിത്തും മജിസ്ട്രേറ്റിന് നൽകിയ മൊഴിയിൽ സ്പീക്കർക്കെതിരേ പരാമർശമുണ്ടെന്നാണ് അറിയുന്നത്. ഇതിൽ വ്യക്തതവരുത്താനാണ് സ്പീക്കറെ ചോദ്യംചെയ്യുന്നതെന്നാണ് കസ്റ്റംസ് നൽകുന്ന സൂചന. സ്പീക്കർക്ക് ഭരണഘടനാപദവിയുള്ളതിനാൽ അതുപ്രകാരമുള്ള എല്ലാ നടപടികളും പാലിച്ചായിരിക്കും ചോദ്യംചെയ്യാൻ വിളിപ്പിക്കുക. എന്നാണ് ചോദ്യംചെയ്യുകയെന്ന് വ്യക്തമല്ല. കസ്റ്റംസ് ആക്ട് സെക്ഷൻ 108 പ്രകാരം മൊഴിനൽകാൻ ഹാജരാകണമെന്നാവശ്യപ്പെട്ട് കസ്റ്റംസ് തിരുവനന്തപുരം ഓഫീസായിരിക്കും സ്പീക്കർക്ക് സമൻസ് നൽകുക.
തിരുവനന്തപുരത്തുവച്ചായിരിക്കും ചോദ്യംചെയ്യൽ. കസ്റ്റംസിന്റെ നീക്കത്തോട് സ്പീക്കർ പ്രതികരിച്ചിട്ടില്ല. ചോദ്യം ചെയ്യാൻ സ്പീക്കറെ വിളിക്കുന്നതിൽ നിയമ പ്രശ്നമൊന്നും ഇല്ലെന്ന നിയമോപദേശം കസ്റ്റംസിന് കിട്ടിയിട്ടുണ്ട്. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ടല്ല ചോദ്യം ചെയ്യൽ. അതുകൊണ്ട് തന്നെ നോട്ടീസ് നൽകാമെന്നാണ് ലഭിച്ചിരിക്കുന്ന നിയമോപദേശം. ഫെബ്രുവരിയിലാകും ചോദ്യം ചെയ്യലിനുള്ള സാധ്യത. ജനവുരി അവസാനം വരെ സഭയുണ്ടെന്നതാണ് ഇതിന് കാരണം. സഭാ കാലത്ത് നോട്ടീസ് നൽകിയാലും ചോദ്യം ചെയ്യലിന് സ്പീക്കർ ഹാജരാകില്ലെന്നാണ് കസ്റ്റംസിന്റെ വിലയിരുത്തൽ.
വിദേശത്തേക്ക് ഡോളർ കടത്ത് നടത്തിയ കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ സർക്കാരും സിപിഎമ്മും പ്രതിരോധത്തിനുള്ള തന്ത്രങ്ങളും ആലോചിക്കുന്നുണ്ട്. സ്പീക്കർ ഒരു ബാഗ് തങ്ങൾക്ക് കൈമാറിയെന്നാണ് സ്വപ്നയും സരിത്തും മൊഴി നൽകിയിരിക്കുന്നത്. ഡോളർ അടങ്ങിയ ആ ബാഗ് കോൺസുലേറ്റ് ഓഫീസിൽ എത്തിക്കാൻ സ്പീക്കർ ആവശ്യപ്പെട്ടുവെന്ന് മജിസ്ട്രേറ്റിന് മുന്നിൽ മൊഴി ആവർത്തിക്കുകയും ചെയ്തു.
നേരത്തെ, ഭരണഘടനാ പദവിയിലിരിക്കുന്ന ഒരു ഉന്നതന് റിവേഴ്സ് ഹവാല ഇടപാടിൽ പങ്കുണ്ടെന്ന് വാർത്തകൾ പുറത്തുവന്നപ്പോൾ എല്ലാം നിഷേധിച്ച് സ്പീക്കർ പരസ്യമായി രംഗത്തുവന്നിരുന്നു. കോൺസുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയ്ക്ക് സ്വപ്നയെ പരിചയമുണ്ടെന്നും അവരുടെ ക്രിമിനിൽ പശ്ചാത്തലം മനസിലാക്കിയ ശേഷം ബന്ധപ്പെട്ടിട്ടില്ലെന്നുമായിരുന്നു സ്പീക്കറുടെ പ്രതികരണം. വിദേശത്ത് യാതൊരു കൂടിക്കാഴ്ചയും പ്രതികളുമായി നടത്തിയിട്ടില്ലെന്നും സ്പീക്കർ പദവിയെ ഇതിലേക്ക് വലിച്ചിഴക്കുന്നത് ശരിയല്ലെന്നുമായിരുന്നു ശ്രീരാമകൃഷ്ണന്റെ വാദം.
എന്നാൽ, ശേഖരിച്ച വിവരങ്ങളിൽ സ്പീക്കറുടെ പങ്ക് സംശയിക്കപ്പെടുന്നതാണെന്നാണ് അന്വേഷണ സംഘം പറയുന്നത്. സരിത്തിനെയും സ്വപ്നയെയും പേട്ടയിലെ ഒരു ഫ്ളാറ്റിലേക്ക് സ്പീക്കർ വിളിച്ചുവരുത്തി ഡോളർ അടങ്ങിയ ബാഗ് കൈമാറി. അവരോട് കോൺസുലേറ്റ് ജനറൽ ഓഫീസിലേക്ക് എത്തിക്കാൻ സ്പീക്കർ നിർദ്ദേശിച്ചു. ഇതുപ്രകാരം ഇരുവരും ബാഗ് കോൺസുലേറ്റ് ജനറൽ ഓഫീസിൽ എത്തിച്ചു. സരിത്തിന്റെയും സ്വപ്നയുടെയും മൊഴിയിലും ഇത് ആവർത്തിച്ചിട്ടുണ്ട്.
അതേസമയം,ഡോളർകടത്ത് കേസുമായി ബന്ധപ്പെട്ട് യുഎഇ കോൺസുലേറ്റിലെ ഡ്രൈവർമാരെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. കോൺസൽ ജനറലിന്റെ ഡ്രൈവറെയും അറ്റാഷെയുടെ ഡ്രൈവറേയുമാണ് ചോദ്യം ചെയ്യുന്നത്. മൂന്നുവർഷമായി സ്വപ്ന സുരേഷും സരിത്തും സന്ദീപും റിവേഴ്സ് ഹവാല ഇടപാട് നടത്തിയത് സംബന്ധിച്ച് അന്വേഷണ ഏജൻസികൾ തെളിവുകൾ ശേഖരിച്ചിട്ടുണ്ട്.
അനധികൃത ഇടപാടുകളിലൂടെയും കോഴയായും ലഭിച്ച നൂറു കോടിയിലധികം രൂപ സ്വപ്നയുടെയും സന്ദീപിന്റെയും സഹായത്തോടെ ചില ഉന്നതർ യുഎഇയിലേക്കു കടത്തി. ഈ ഉന്നതരുടെ വിദേശത്തേതടക്കം കള്ളപ്പണ, ബിനാമി നിക്ഷേപവും ഇടപാടുകളും, പ്രത്യേകം കേസെടുത്ത് അന്വേഷിക്കാനാണ് നീക്കം.
മറുനാടന് മലയാളി ബ്യൂറോ