തിരുവനന്തപുരം: സ്പീക്കർ പി. ശ്രീരാമകൃഷ്ണനെ നിയമസഭാ സമ്മേളനം കഴിഞ്ഞ ശേഷം കസ്റ്റംസ് ചോദ്യം. ഇപ്പോൾ ചോദ്യം ചെയ്യുന്നതിനു തടസ്സമില്ലെന്ന നിയമോപദേശം കസ്റ്റംസിന് ലഭിച്ചെങ്കിലും നിയമസഭാ സമ്മേളനം കഴിഞ്ഞു മാത്രമേ മതിയെന്നാണ് നിലവിലെ തീരുമാനം. നിയമ പ്രശ്‌നങ്ങളിലേക്ക് ചോദ്യം ചെയ്യൽ കടന്നു പോകാതിരിക്കാനാണ് ഇത്. നിയമസഭയുടെ താൽപ്പര്യങ്ങളിൽ കേന്ദ്ര ഏജൻസി ഇടപെടുന്നില്ലെന്ന സന്ദേശം നൽകലാണ് ലക്ഷ്യം. ന്യൂഡൽഹിയിൽ നിന്ന് കസ്റ്റംസിന് ഈ നിർദ്ദേശം ലഭിച്ചുവെന്നാണു വിവരം. കോൺസുലേറ്റിന്റെ മറവിൽ ഡോളർ കടത്തിയ സംഭവം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും (ഇ.ഡി.) അന്വേഷിക്കും.

ഡോളർ കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷും പി.എസ്. സരിത്തും നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ദുബായിലുള്ള 2 മലയാളികളെ അടുത്തയാഴ്ച ചോദ്യം ചെയ്യും. മലപ്പുറം ജില്ലക്കാരായ ലാഫിർ മുഹമ്മദ്, കിരൺ എന്നിവരെയാണു ദുബായിൽനിന്നു വരുത്തി ചോദ്യം ചെയ്യുന്നത്. സ്വപ്നയുടെയും സരിത്തിന്റെയും മൊഴി പ്രകാരം ഇവിടെ നിന്ന് യുഎഇ കോൺസുലേറ്റിലെ ഉന്നതൻ വഴി ദുബായിലെത്തിച്ച ഡോളർ ഇവർ രണ്ടുമാണ് ഏറ്റുവാങ്ങിയത്. ഇത് കേസ് അന്വേഷണത്തിൽ ഏറെ നിർണ്ണായകമാണ്.

ദുബായിൽ വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപം നടത്തുന്നതിനും മറ്റു ചില വ്യവസായ നിക്ഷേപങ്ങൾക്കും ഇടനിലക്കാരാണ് ഇരുവരുമെന്നാണു കസ്റ്റംസ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിനു കേരളത്തിലെത്താൻ വിദേശകാര്യ വകുപ്പു വഴി ഇവരോട് ആവശ്യപ്പെട്ടിരുന്നു. സ്വപ്നയും സരിത്തും കോടതിയിൽ നൽകിയ മൊഴിയും കസ്റ്റംസ് ശേഖരിച്ചു. ഇതിലുള്ള എല്ലാ ഉന്നത വ്യക്തികളുടെയും മൊഴിയെടുക്കാനാണു തീരുമാനം. ഇവരുടെ വിവരങ്ങൾ ന്യൂഡൽഹിയിൽ കസ്റ്റംസ് ബോർഡിനു കൈമാറി. ബോർഡിന്റെ നിർദ്ദേശം ലഭിച്ച ശേഷമാകും ബാക്കി നടപടി. പ്രവാസി മലയാളി അടക്കമുള്ളവർ പട്ടികയിലുണ്ട്.

കസ്റ്റംസ് എടുത്ത ഡോളർ കടത്ത് കേസിലെ അന്വേഷണ വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) ശേഖരിച്ചു. കസ്റ്റംസിനു പിന്നാലെ ഇഡിയും സ്പീക്കറോടു വിവരങ്ങൾ ആരായുമെന്നാണു വിവരം. സംഭവത്തിനുപിന്നിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. കസ്റ്റംസ് രജിസ്റ്റർ ചെയ്ത കേസിന്റെ എഫ്.ഐ.ആർ. പരിശോധിച്ചശേഷമാണു ഇ.ഡിയുടെ തീരുമാനം. കള്ളപ്പണം വെളുപ്പിക്കൽ സംശയിക്കുന്നതിനാൽ, ഇ.ഡി. പരിശോധിക്കണമെന്നു കസ്റ്റംസും കേന്ദ്രത്തിനു റിപ്പോർട്ട് നൽകിയിരുന്നു.

സ്വർണക്കടത്ത് പ്രതികളായ സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി എൻഫോഴ്സ്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്. പകർപ്പു ലഭിക്കുന്നതോടെ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം (പി.എംഎ‍ൽഎ.) കേസ് രജിസ്റ്റർ ചെയ്യും. സ്പീക്കർ ഉൾപ്പെടെയുള്ള പ്രമുഖരുടെ പേരുകൾ രഹസ്യമൊഴിയിലുണ്ടെന്നാണു വിവരം. ഇന്നലെ സ്പീക്കറുടെ അഡീ. പ്രൈവറ്റ് സെക്രട്ടറി കെ. അയ്യപ്പനെ ഒമ്പതു മണിക്കൂർ ചോദ്യംചെയ്തു. ഇനി അയ്യപ്പനെ കസ്റ്റംസ് വിളിപ്പിക്കുന്നില്ല. കേസ് ഇ.ഡിക്കു കൈമാറുന്നതോടെ അയ്യപ്പനെയും കോൺസുലേറ്റിലെ ഡ്രൈവർമാർ ഉൾപ്പെടെയുള്ളവരെയും ഇ.ഡി. വിശദമായി ചോദ്യംചെയ്യും.

ലൈഫ്മിഷൻ കരാറിന്റെ പ്രത്യുപകാരമായി യൂണിടാക് ഉടമ നൽകിയ 3.80 കോടി രൂപയിൽ 3.15 കോടി രൂപയാണു ഡോളറാക്കി കടത്തിയത്. ഇതു പലർക്കുമുള്ള വിഹിതമാണെന്നാണു ഇ.ഡി. സംശയിക്കുന്നു. പല പ്രവാസി ബിസിനസുകളിലും കേരളത്തിലെ രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും അടക്കമുള്ളവരുടെ കള്ളപ്പണമുണ്ടെന്നാണു വിവരം. കേരളത്തിൽ നിന്നും കടത്തുന്ന ഡോളർ യു.എ.ഇയിലും മസ്‌കറ്റിലും ഏറ്റുവാങ്ങിയിരുന്നവരെ ചോദ്യം ചെയ്യുന്നത് അതി നിർണ്ണായകമാണ്.

താൻ വഴിയാണു ഡോളർ കോൺസുലേറ്റിൽ എത്തിച്ചിരുന്നതെന്നാണു സ്വപ്നയുടെ മൊഴി. കോൺസുലേറ്റിലെ ചീഫ് അക്കൗണ്ടന്റ് ഖാലിദ് മുഹമ്മദലി ഷൗക്രി നയതന്ത്ര ചാനൽ വഴിയാണു ഡോളർ കടത്തിയത്. പലതവണ ഷൗക്രിയെ താനും സരിത്തും അനുഗമിച്ചിരുന്നതായി സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. അവിടെവച്ചു ഷൗക്രിയിൽ നിന്നു ബാഗ് കൈപ്പറ്റുകയാണു രീതി. സ്വർണ്ണക്കടത്തു പ്രതികളുടെ സഹായത്തോടെയാണു ഉന്നതരുടെ കള്ളപ്പണം ഡോളറാക്കി വെളുപ്പിച്ചു വിദേശത്തേക്കു കടത്തിയത്.

വിദേശ ഐ.ടി. കമ്പനികളിലും സ്റ്റാർട്ടപുകളിലും വിദ്യാഭ്യാസരംഗത്തുമാണു കള്ളപ്പണം നിക്ഷേപിക്കുന്നത്. ഹവാല സുരക്ഷിതമല്ലാത്തതിനാലാണു ഡോളറാക്കി കടത്തുന്നത്. അതിനായി ഇടനിലക്കാരും സംരംഭകരുമുണ്ട്. ഉന്നതരുടെ പണമായതിനാൽ, ഏതു സർക്കാർ വന്നാലും അന്വേഷണ ഭീഷണിയില്ല.