- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാല് മന്ത്രിമാരും നിയമസഭ സ്പീക്കറും സ്വർണ്ണക്കടത്തുകാരുമായി നേരിട്ട് ബന്ധപ്പെട്ടു; ഹവാലയും റിവേഴ്സ് ഹവാലയും നടത്തിയത് മുഖ്യമന്ത്രിയുടെ ആളുകൾ; മുഖ്യപ്രതിയായി മുഖ്യമന്ത്രി മാറുമെന്നും ബിജെപി നേതാവ്; സ്വപ്നയുടെ മൊഴിയിൽ ഭരണ ഘടനാ പദവിയിലെ ഉന്നതനുണ്ടെന്ന റിപ്പോർട്ടുകൾക്കിടെ ശ്രീരാമകൃഷ്ണനെ കുറ്റപ്പെടുത്തി കെ സുരേന്ദ്രൻ; വിവിഐപി ചർച്ചയ്ക്ക് പുതിയ മാനം
തൃശ്ശൂർ: സ്വർണ്ണ കടത്തിൽ വീണ്ടും ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ. മുഖ്യമന്ത്രിയാണ് അഴിമതിയുടെ മുഖ്യ ഗുണഭോക്താവെന്നും സുരേന്ദ്രൻ പറയുന്നു. ഹവാലയും റിവേഴ്സ് ഹവാലയും നടത്തിയത് മുഖ്യമന്ത്രിയുടെ ആളുകളാണ്. കേസിന്റെ അവസാനം മുഖ്യപ്രതിയായി മുഖ്യമന്ത്രി മാറും. നാല് മന്ത്രിമാരും നിയമസഭ സ്പീക്കറും സ്വർണ്ണക്കടത്തുകാരുമായി നേരിട്ട് ബന്ധപ്പെട്ടുവെന്ന ആരോപണമാണ് സുരേന്ദ്രൻ ഉന്നയിക്കുന്നത്. ഈ ആരോപണങ്ങൾ നേരത്തെ തന്നെ സ്പീക്കർ നിഷേധിച്ചതുമാണ്.
സ്വർണ്ണക്കള്ളക്കടത്തിന്റെ സൂത്രധാരൻ മുഖ്യമന്ത്രിയാണെന്ന് ഞങ്ങൾ നേരത്തെ പറഞ്ഞിരുന്നു. അന്വേഷണം പൂർത്തിയായാൽ പിണറായി വിജയന് പുറത്തിറങ്ങാനാവില്ല. മുഖ്യമന്ത്രിയാണ് അഴിമതിയുടെ മുഖ്യ ഗുണഭോക്താവ്. ഹവാലയും റിവേഴ്സ് ഹവാലയും നടത്തിയത് മുഖ്യമന്ത്രിയുടെ ആളുകളാണ്. കേസിന്റെ അവസാനം മുഖ്യപ്രതിയായി മുഖ്യമന്ത്രി മാറും. നാല് മന്ത്രിമാരും നിയമസഭ സ്പീക്കറും സ്വർണ്ണക്കടത്തുകാരുമായി നേരിട്ട് ബന്ധപ്പെട്ടു. ശിവശങ്കറും രവീന്ദ്രനും മുഖ്യമന്ത്രിക്ക് വേണ്ടിയാണ് പ്രവർത്തിച്ചതെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ചൂണ്ടിക്കാട്ടി. തൃശൂരിൽ വാർത്ത സമ്മേളനത്തിലാണ് സുരേന്ദ്ര ആരോപണങ്ങളുമായി എത്തിയത്.
സംസ്ഥാനത്തു പ്രമുഖ പദവി വഹിക്കുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ വിദേശയാത്രകളും കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിലേക്ക് എന്ന് മനോരമയുടെ റിപ്പോർട്ട് നേരത്തെ ചർച്ചയായിരുന്നു ഇദ്ദേഹത്തിനു സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായുണ്ടായിരുന്ന അടുപ്പമാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. ഇദ്ദേഹത്തിന്റെ സ്റ്റാഫിലുള്ള ചിലരെ ഉടൻ ചോദ്യം ചെയ്തേക്കുമെന്നും മനോരമ റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ഈ നേതാവിനെ കുറിച്ചുള്ള ചർച്ചയും സജീവമാകുകയാണ്. സ്വപ്ന കോടതിയിൽ നൽകിയ മൊഴിയിലും ഈ നേതാവിനെ കുറിച്ച് സൂചനകളുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഈ നേതാവ് മന്ത്രിയല്ലെന്നും സൂചന മറുനാടനും പുറത്തു വിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കറെ കുറ്റപ്പെടുത്തിയുള്ള സുരേന്ദ്രന്റെ പത്രസമ്മേളനം.
സ്വപ്നയുടെ മൊഴിയിൽ നിന്നുള്ള വിവരങ്ങളും സ്വപ്നയുടെ ഫോണിൽ നിന്നു തിരിച്ചെടുത്ത ചില വാട്സാപ് സന്ദേശങ്ങളും അന്വേഷണ ഏജൻസികൾ പരിശോധിക്കുകയാണ്. കസ്റ്റംസിന്റെ അന്വേഷണത്തിൽ നിർണായകമായ മറ്റു ചില വിവരങ്ങളും ലഭിച്ചിട്ടുണ്ട്. കേസിന്റെ ഗതി തന്നെ മാറ്റുന്നതാകും ഇനിയുള്ള ഇടപെടലുകൾ. നയതന്ത്ര പാഴ്സൽ സ്വർണക്കടത്തു കേസിൽ പ്രതികളായ സ്വപ്ന സുരേഷ്, പി.എസ്. സരിത് എന്നിവരുടെ രഹസ്യമൊഴികളിലെ വെളിപ്പെടുത്തലുകൾ അവരുടെ ജീവനുപോലും ഭീഷണിയുണ്ടാക്കുന്നതാണെന്നു കസ്റ്റംസ് കോടതിയിൽ ബോധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു പ്രമുഖനെ കൂടി കേന്ദ്ര ഏജൻസി നോട്ടമിടുന്നത്.
സ്വപ്ന വെളിപ്പെടുത്തിയവരുടെ പട്ടികയിൽ മൂന്ന് മന്ത്രിമാരും കുടുംബാംഗങ്ങളും ഭരണഘടനാപദവിയുള്ള ഉന്നതനുമുണ്ടെന്ന് സൂചന പല തലത്തിൽ ചർച്ചയാണ്. ഉന്നത കസ്റ്റംസ് ഉദ്യോഗസ്ഥൻ, പൊലീസിലെ ഉന്നതൻ, മലബാറിലെ മതപ്രസ്ഥാനത്തിന്റെ നേതാവ്, ഒരു പ്രമുഖ നടൻ, പ്രവാസി ക്ഷേമത്തിനുള്ള സർക്കാർ ഏജൻസിയുടെ ഉന്നതൻ, ഒരു ചാനലിന്റെ യു.എ.ഇയിലെ നടത്തിപ്പുകാർ എന്നിവരുടെ പേരുകളുണ്ടെന്നാണ് വിവരമെന്ന് കേരള കൗമുദിയും റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ വമ്പൻ സ്രാവുകളിൽ കസ്റ്റംസ് കടുത്ത നടപടികൾ എടുക്കുമെന്നാണ് വ്യക്തമാകുന്നത്. ഭരണ പദവിയുള്ള നേതാവ് സംശയ നിഴലിലാണെന്ന് മാസങ്ങൾക്ക് മുമ്പേ മറുനാടൻ റിപ്പോർട്ട് ചെയ്തിരുന്നു. ഈ വാർത്തകൾ ചർച്ചയാകുമ്പോഴാണ് സ്പീക്കറെ കുറ്റപ്പെടുത്തി സുരേന്ദ്രൻ കടന്നാക്രമണം നടത്തുന്നതെന്നതും ശ്രദ്ധേയമാണ്.
തൃശൂരിലെ വാർത്താ സമ്മേളനത്തിൽ കടന്നാക്രമണമാണ് സുരേന്ദ്രൻ നടത്തിയത്. ഭൂമിയിൽ ഇറങ്ങി ജനങ്ങളെ അഭിമുഖീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയന് ഭയമാണ്. എൽ.ഡി.എഫിന്റെ ഒരു സ്ഥാനാർത്ഥിയും മുഖ്യമന്ത്രിയുടെ ഫോട്ടോ പോസ്റ്ററിൽ വരാനോ അദ്ദേഹം പ്രചരണത്തിന് ഇറങ്ങാനോ ആഗ്രഹിക്കുന്നില്ല. സ്വർണ്ണക്കള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ മുഖം വികൃതമായതോടെയാണ് ആകാശത്ത് നിന്നും ഓൺലൈൻ പ്രചരണം നടത്തേണ്ട ഗതികേട് ഉണ്ടായതെന്നും തൃശ്ശൂർ പ്രസ്ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിൽ സുരേന്ദ്രൻ പറഞ്ഞു. കൊവിഡിന്റെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങാത്തതെന്നത് വിശ്വസനീയമല്ല. കോവിഡ് മാനണ്ഡങ്ങൾ പാലിച്ച് പ്രചരണം നടത്താമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചതാണ്-സുരേന്ദ്രൻ പറയുന്നു.
തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിൽ യു.ഡി.എഫും എൽ.ഡി.എഫും വിയർക്കുകയാണ്. ഭരണപക്ഷത്തിന്റെ അഴിമതിക്കെതിരെ പ്രതികരിക്കേണ്ട പ്രതിപക്ഷ നേതാവ് അഴിമതിയിൽ നിന്ന് രക്ഷപ്പെടാൻ സ്വന്തം കുടുംബാംഗങ്ങളെ ഉപയോഗിച്ചത് നാണക്കേടായി. ജനങ്ങളുടെ ഏക പ്രതീക്ഷ എൻ.ഡി.എയാണ്. റേഷനരിയുടെ കാര്യത്തിൽ ഒരു ക്രഡിറ്റും സംസ്ഥാനത്തിനില്ല. ഒൻപത് മാസമായി സൗജന്യ അരി കേന്ദ്രം കൊടുക്കുന്നതാണ്. സംസ്ഥാന സർക്കാർ വിതരണ ചെയ്യുന്ന ഒരു കിലോ അരിക്ക് 25 രൂപ വെച്ച് കേന്ദ്രമാണ് നൽകുന്നത്. സിപിഎമ്മുകാർ ഓൺലൈൻ പ്രചരണം നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്.
രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലാണ് കോൺഗ്രസിന് ജമാഅത്തെ ഇസ്ലാമിയുമായി വ്യാപകമായ സഖ്യമുള്ളത്. മുല്ലപ്പള്ളി രാമചന്ദ്രൻ സഖ്യമില്ലെന്ന പച്ച നുണ ആവർത്തിക്കുകയാണ്. ഏറ്റവും വലിയ രാജ്യദ്രോഹ സംഘടനയുമായായി കൂട്ടുകെട്ടുണ്ടാക്കിയ കോൺഗ്രസിന് വോട്ടർമാർ തിരിച്ചടി നൽകുമെന്നും സുരേന്ദ്രൻ ഓർമ്മിപ്പിച്ചു.
മറുനാടന് മലയാളി ബ്യൂറോ