- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സംസ്ഥാനത്തു പ്രമുഖ പദവി വഹിക്കുന്ന ഉന്നത രാഷ്ട്രീയനേതാവിനു ഡോളർ കടത്തിൽ പങ്കുണ്ടെന്ന് സരിത്തിന്റെ വെളിപ്പെടുത്തൽ; കൈമാറിയ പണവും അതിനു ഡോളർ നൽകിയ സ്ഥലവും അടക്കമുള്ള വിശദാംശങ്ങൾ മൊഴിയിൽ; ഇടപാടിൽ തന്റെ പങ്ക് സ്വപ്നയും വെളിപ്പെടുത്തി; സ്വർണ്ണ കടത്തിലെ പ്രതികളുടെ ആരോപങ്ങൾ സ്പീക്കർക്ക് എതിരെ; ശ്രീരാമകൃഷ്ണനെതിരായ മൊഴിയിൽ ദുരൂഹതയോ?
തിരുവനന്തപുരം: സ്വർണ്ണ കടത്തിലെ അന്വേഷണം ഒടുവിൽ നിയമസഭയിലേക്കും നീങ്ങുന്നതായി സൂചന. സംസ്ഥാനത്തു പ്രമുഖ പദവി വഹിക്കുന്ന ഉന്നത രാഷ്ട്രീയനേതാവിനു ഡോളർ കടത്തിൽ പങ്കുണ്ടെന്ന് സ്വർണക്കടത്തു കേസ് പ്രതി പി.എസ്. സരിത് കസ്റ്റംസിനു മൊഴി നൽകിയതോടെ ആണിത്. സ്പീക്കർ ശ്രീരാമകൃഷ്ണനെതിരെയാണ് മൊഴി എന്നാണ് സൂചന. ഇതു സ്ഥിരീകരിച്ചും നേതാവുമായി തനിക്കുള്ള ബന്ധം വെളിപ്പെടുത്തിയും മറ്റൊരു പ്രതിയായ സ്വപ്ന സുരേഷും മൊഴി നൽകിയെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സ്പീക്കർ നേരത്തെ നിഷേധിച്ചിരുന്നു. മൊഴികൾ അന്വേഷണം വഴി തെറ്റിക്കാനുള്ള നീക്കമാണെന്ന സംശയവും സജീവമാണ്.
അറസ്റ്റിലായി ചോദ്യം ചെയ്യലിന്റെ രണ്ടാം ഘട്ടത്തിലാണ് കസ്റ്റംസിനോട് സ്വപ്‌ന പുതിയ വെളിപ്പെടുത്തൽ നടത്തുന്നത്. സ്വർണ്ണ കടത്തിൽ നിന്നും അന്വേഷണം ഡോളർ കടത്തിലേക്ക് മാറിയ സാഹചര്യത്തിലാണ് ഇത്. നേരത്തെ സ്പീക്കർക്കെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് സ്പീക്കറുടെ പേര് സ്വപ്‌ന പറഞ്ഞതായുള്ള റിപ്പോർട്ട് വരുന്നത്. സ്വർണ്ണ കടത്തുമായി ബന്ധപ്പെട്ട അന്വേഷണം ലൈഫ് മിഷനിൽ എത്തിയിരുന്നു. ഇതിനെതിരെ ലഭിച്ച പരാതിയിൽ കേന്ദ്ര ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ നിയമസഭ അവകാശ ലംഘനത്തിന് നടപടികളും എടുത്തു. ഇതിന് ശേഷമാണ് സ്വപ്‌നയുടെ മൊഴി കേന്ദ്രീകരിച്ച് അന്വേഷണം പുതിയ തലത്തിലേക്ക് എത്തുന്നത്.
മനോരമയും കേരള കൗമുദിയും രണ്ട് ദിവസമായി ഭരണഘടനാ പദവി വഹിക്കുന്ന ഉന്നതിന് കേസിൽ പങ്കുണ്ടെന്ന വാർത്ത നൽകുന്നുണ്ട്. ഇത് സ്പീക്കറുമായി ബന്ധപ്പെട്ടാണ് ഈ മൊഴി. എന്നാൽ സ്വപ്‌നയും സരിത്തും പറഞ്ഞത് കേന്ദ്ര ഏജൻസികൾ പൂർണ്ണമായും വിശ്വസിച്ചിട്ടില്ല. ക്ലീൻ ഇമേജ് ഉള്ള സ്പീക്കർക്ക് ഇവരുമായുള്ള ബന്ധത്തിൽ വിശദ അന്വേഷണം നടത്തും. നേരത്തെ സന്ദീപ് നായരുടെ സ്ഥാപനം ഉദ്ഘാടനം ചെയ്തത് സ്പീക്കറാണെന്ന വസ്തുത ചർച്ചയായിരുന്നു. അന്ന് കോൺസുലേറ്റിലെ ഉദ്യോഗസ്ഥയാണ് സ്വപ്‌നയെന്നും ആ അടുപ്പം മാത്രമേ അവരുമായി ഉണ്ടായിരുന്നുള്ളൂവെന്നും സ്പീക്കർ പറഞ്ഞിരുന്നു. ഇതോടെ ആ ചർച്ച അവസാനിക്കുകയും ചെയ്തു. ആ വിഷയമാണ് ഇപ്പോൾ മൊഴി നൽകിയെന്ന തരത്തിൽ വീണ്ടും ചർച്ചയാകുന്നത്.
ഉന്നത നേതാവിന് വേണ്ടി ഡോളറാക്കിയ പണത്തിന്റെ സാമ്പത്തിക ഉറവിടത്തെക്കുറിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) വിശദ അന്വേഷണത്തിനൊരുങ്ങുകയാണ്. ഏതു തരത്തിലുള്ള പണമാണു കൈമാറ്റം ചെയ്തതെന്നും ആരുടെയൊക്കെ സാമ്പത്തിക പങ്കാളിത്തമുണ്ടെന്നും അന്വേഷിക്കും. ഇന്നും മനോരമ പേരു പറയാതെ ഈ നേതാവിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തു വിട്ടിട്ടുണ്ട്. നേതാവിന്റെ വിദേശയാത്രകൾ സംബന്ധിച്ച വിവരങ്ങൾക്കു പഴ്‌സനൽ സ്റ്റാഫ് അംഗങ്ങളെ ചോദ്യം ചെയ്യും. നേതാവിനെയും ചോദ്യം ചെയ്യേണ്ടി വരുമെന്നതിനാൽ ഇതിന്റെ നിയമവശം കൂടി അന്വേഷണ സംഘം പരിശോധിക്കുകയാണ്-റിപ്പോർട്ട് പറയുന്നു.
നേതാവ് കൈമാറിയ പണം, അതിനു ഡോളർ നൽകിയ സ്ഥലം എന്നിവയടക്കമുള്ള വിശദാംശങ്ങൾ സരിത്ത് നൽകിയതായാണ് വിവരം. ഇടപാടിൽ താൻ നൽകിയ സഹായത്തെക്കുറിച്ചു സ്വപ്നയും വെളിപ്പെടുത്തിയെന്നാണ് വാർത്ത. ഇതെല്ലാം കേന്ദ്ര ഏജൻസികൾ പരിശോധിക്കും. വ്യക്തമായ തെളിവ് കിട്ടിയാൽ മാത്രമേ മറ്റു നടപടികൾ ഉണ്ടാകൂ. സ്പീക്കർക്ക് ഭരണ ഘടനാ പദവിയുള്ളതു കൊണ്ട് തന്നെ കരുതലോടെ മാത്രമേ ഇഡിക്ക് മുമ്പോട്ട് പോകാൻ കഴിയൂ. എന്നാൽ ആരോപണങ്ങളിൽ കഴമ്പില്ലെന്നും പിന്നിൽ രാഷ്ട്രീയം മാത്രമാണെന്നും സിപിഎം കേന്ദ്രങ്ങളും പറയുന്നു. കരുതലോടെ മാത്രമേ ഈ വിഷയത്തിൽ സ്പീക്കർ പ്രതികരണങ്ങളും നടത്തൂ.
സ്വർണക്കടത്ത് അന്വേഷണം തുടങ്ങി അഞ്ചുമാസത്തോളം ആവർത്തിച്ച മൊഴികൾ സ്വപ്നാ സുരേഷ് പൊടുന്നനെ മാറ്റിയത് എന്തിനെന്ന ചോദ്യം ഇതോടൊപ്പം ചർച്ചയിലുണ്ട്. എം. ശിവശങ്കറിന് സ്വർണക്കടത്തിനെക്കുറിച്ച് ഒന്നുമറിയില്ലെന്നായിരുന്നു സ്വപ്നയുടെ ഇതുവരെയുള്ള മൊഴി. ഇതും മാറ്റി പറഞ്ഞു. ഇതിനൊപ്പമാണ് സ്പീക്കറെ കുറ്റപ്പെടുത്തുന്ന മൊഴികളും.പുതിയ മൊഴിയിൽ ശിവശങ്കറിന് 'എല്ലാം അറിയാമായിരുന്നു' എന്നാണുള്ളത്. ഈ മൊഴിമാറ്റത്തിൽ അന്വേഷണ ഏജൻസികൾക്കും ദുരൂഹമായ മൗനമാണ്. കോടതിയിൽ സമർപ്പിച്ച പുതിയ മൊഴിക്കൊപ്പം സ്വപ്ന എന്തിന് മൊഴിമാറ്റി എന്നതിന് ഉത്തരം നൽകിയിട്ടുമില്ല.
അന്വേഷണം ആറാം മാസത്തിലേക്ക് കടക്കുമ്പോൾ മജിസ്ട്രേറ്റിനുമുന്നിൽ സ്വപ്ന നൽകുന്ന രഹസ്യമൊഴിയിൽ പുതിയ വെളിപ്പെടുത്തലുകളോ മൊഴിമാറ്റങ്ങളോ ഉണ്ടാകുമെന്നാണ് കരുതുന്നത്. അടിക്കടി മാറ്റിക്കൊണ്ടിരിക്കുന്ന സ്വപ്നയുടെ മൊഴികളുടെ വിശ്വാസ്യതയും ഇതോടെ ചോദ്യംചെയ്യപ്പെടുകയാണെന്ന് സിപിഎം പറയുന്നു. സ്വർണക്കടത്ത് അന്വേഷണത്തിൽ കസ്റ്റംസിന് പ്രതി നൽകുന്ന മൊഴി, കസ്റ്റംസ് ആക്ട് സെക്ഷൻ 108 പ്രകാരവും ഇ.ഡി.ക്ക് നൽകുന്ന മൊഴി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം (പി.എംഎൽഎ.) സെക്ഷൻ 50 പ്രകാരവുമാണ്. ഇവ രണ്ടും കോടതിയിൽ തെളിവുമൂല്യമായി കണക്കാക്കുന്നതാണ്. ഈ മൊഴികളാണ് സ്വപ്നാ സുരേഷ് മാറ്റിപ്പറഞ്ഞിരിക്കുന്നത്.
സ്വപ്നയുടെ പുതിയ മൊഴിയിൽ പ്രിൻസിപ്പൽ സെഷൻസ് കോടതിയും അവിശ്വാസം രേഖപ്പെടുത്തിയിരുന്നു. ശിവശങ്കറിന് ജാമ്യം നിഷേധിച്ചുള്ള വിധിയിൽ നവംബർ 10-ലെ മൊഴി സൂക്ഷ്മപരിശോധന നടത്തേണ്ടതുണ്ടെന്നും ഏതെങ്കിലും വാഗ്ദാനങ്ങളുടെ പുറത്തുള്ളതാണോ എന്ന് പരിശോധിക്കേണ്ടതുണ്ടെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ