കൊച്ചി : ഡോളർ കടത്തുകേസിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണനുമായി കസ്റ്റംസ് ഉദ്യോഗസ്ഥൻ നാളെ കൂടിക്കാഴ്ച നടത്തും. മൊഴിയെടുപ്പിനു മുന്നോടിയായിട്ടാണ് കസ്റ്റംസ് നീക്കം. മൊഴിയെടുക്കേണ്ടതുണ്ടെന്നും സഹകരിക്കണമെന്നും സൗകര്യപ്രദമായ തിയതി അറിയിക്കണമെന്നും സ്പീക്കറോട് ആവശ്യപ്പെടും. മംഗളമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. അതായത് ശ്രീരാമകൃഷ്ണന്റെ നിലപാട് മനസ്സിലാക്കി കേസ് അന്വേഷണം തുടരാനാണ് കസ്റ്റംസ് നീക്കം.

സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷിന്റെ മൊഴിയിൽ സ്പീക്കറെപ്പറ്റിയുള്ള പരാമർശം കസ്റ്റംസ് ഉദ്യോഗസ്ഥൻ സ്പീക്കറെ കാണിച്ചു ബോധ്യപ്പെടുത്തും എന്നാണ് വിവരം. വസതിയിലോ ഓഫീസിലോ വച്ചു മൊഴിയെടുക്കാനാണ് നീക്കം. കേസന്വേഷിക്കുന്ന കൊച്ചി യൂണിറ്റിലെ അന്വേഷണഉദ്യോഗസ്ഥൻ അവധിയിലായതിനാൽ തിരുവനന്തപുരം ഓഫീസിലെ ഉദ്യോഗസ്ഥനാകും സ്പീക്കറുമായി കൂടിക്കാഴ്ചയ്ക്കെത്തുക. ബുധനാഴ്ചയാണ് അന്വേഷണ ഉദ്യോഗസ്ഥൻ അവധികഴിഞ്ഞു തിരിച്ചെത്തുന്നതെന്നും മംഗളം പറയുന്നു. ഇതോടെ കേസ് അന്വേഷണം വേഗത്തിൽ ആവുകയും ചെയ്യും.

തനിക്ക് കേസിൽ ഒരു പങ്കുമില്ലെന്നാണ് സ്പീക്കർ ആവർത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് കസ്റ്റംസ് നിർണ്ണായക നീക്കം നടത്തുന്നത്. ഡോളർ കടത്തുമായി ബന്ധപ്പെട്ട കേസിൽ സ്പീക്കർ ശ്രീരാമകൃഷ്ണന് കുരുക്കു മുറുകും എന്നാണ് വിലയിരുത്തൽ. കസ്റ്റംസ് ചോദ്യം ചെയ്ത ലാഫിർ മുഹമ്മദിന് ലോക കേരള സഭയുമായുള്ള ബന്ധമാണ് ഇതിന് കാരണം. ഗൾഫിലെ സാങ്കേതിക, വിദ്യാഭ്യാസ മേഖലയിൽ സ്പീക്കർക്ക് നിക്ഷേപം ഉണ്ടെന്ന പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാനുള്ള നീക്കം, ഇതിനിടെയാണ് ലാഫിർ മുഹമ്മദിന്റെ കേരളാ ലോക്സഭാ ബന്ധവും പുറത്തു വരുന്നത്. ഇതോടെ സ്പീക്കറും ലാഫിറുമായുള്ള ബന്ധത്തിന് മറ്റൊരു തെളിവ് കൂടി കിട്ടുകയാണ്.

കേരളസമൂഹവും സംസ്‌കാരവും ലോകമാകെ വ്യാപിക്കുകയാണ്. ഈ തിരിച്ചറിവാണ് ലോക കേരളസഭ രൂപീകരിക്കുന്നതിനുള്ള പ്രേരണ. ലോക കേരളത്തിന് നേതൃത്വം കൊടുക്കുക എന്ന കടമ നിർവഹിക്കുകയാണ് സഭ രൂപീകരണത്തിലൂടെ സംസ്ഥാന സർക്കാർ ചെയ്യുന്നതെന്നാ.ിരുന്നു അവകാശ വാദം. കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യൻ പൗരന്മാരായ കേരളീയരുടെ പൊതുവേദിയാണ് ലേക കേരള സഭ. കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്‌കാരത്തിന്റെ വികസനത്തിനു പ്രവർത്തിക്കുകയുമാണ് ലോക കേരള ഭയുടെ ലക്ഷ്യമെന്നും വിശദീകരിച്ചിരുന്നു. ഈ സഭയിൽ പ്രത്യേക ക്ഷണിതാവാണ് ലാഫിർ മുഹമ്മദ്.

ദുബായിൽ വിദ്യാഭ്യാസ മേഖലയിൽ നിക്ഷേപം നടത്തുന്നതിനും മറ്റു ചില വ്യവസായ നിക്ഷേപങ്ങൾക്കും ഇടനിലക്കാരാണ് ലാഫിർ കസ്റ്റംസ് കണ്ടെത്തിയത്. ലൈഫ്മിഷൻ കരാറിന്റെ പ്രത്യുപകാരമായി യൂണിടാക് ഉടമ നൽകിയ 3.80 കോടി രൂപയിൽ 3.15 കോടി രൂപയാണു ഡോളറാക്കി കടത്തിയത്. ഇതു പലർക്കുമുള്ള വിഹിതമാണെന്നാണു ഇ.ഡി. സംശയിക്കുന്നു. പല പ്രവാസി ബിസിനസുകളിലും കേരളത്തിലെ രാഷ്ട്രീയക്കാരും ഉന്നത ഉദ്യോഗസ്ഥരും അടക്കമുള്ളവരുടെ കള്ളപ്പണമുണ്ടെന്നാണു വിവരം.

താൻ വഴിയാണു ഡോളർ കോൺസുലേറ്റിൽ എത്തിച്ചിരുന്നതെന്നാണു സ്വപ്നയുടെ മൊഴി. കോൺസുലേറ്റിലെ ചീഫ് അക്കൗണ്ടന്റ് ഖാലിദ് മുഹമ്മദലി ഷൗക്രി നയതന്ത്ര ചാനൽ വഴിയാണു ഡോളർ കടത്തിയത്. പലതവണ ഷൗക്രിയെ താനും സരിത്തും അനുഗമിച്ചിരുന്നതായി സ്വപ്ന മൊഴി നൽകിയിട്ടുണ്ട്. അവിടെവച്ചു ഷൗക്രിയിൽ നിന്നു ബാഗ് കൈപ്പറ്റുകയാണു രീതി. സ്വർണ്ണക്കടത്തു പ്രതികളുടെ സഹായത്തോടെയാണു ഉന്നതരുടെ കള്ളപ്പണം ഡോളറാക്കി വെളുപ്പിച്ചു വിദേശത്തേക്കു കടത്തിയത്.

വിദേശ ഐ.ടി. കമ്പനികളിലും സ്റ്റാർട്ടപുകളിലും വിദ്യാഭ്യാസരംഗത്തുമാണു കള്ളപ്പണം നിക്ഷേപിക്കുന്നത്. ഹവാല സുരക്ഷിതമല്ലാത്തതിനാലാണു ഡോളറാക്കി കടത്തുന്നത്. അതിനായി ഇടനിലക്കാരും സംരംഭകരുമുണ്ട്. ഉന്നതരുടെ പണമായതിനാൽ, ഏതു സർക്കാർ വന്നാലും അന്വേഷണ ഭീഷണിയില്ലെന്നായിരുന്നു മൊഴി. കേസുമായി ബന്ധപ്പെട്ട് സ്പീക്കറുടെ സുഹൃത്തായ നാസ് അബ്ദുള്ള എന്ന നാസിനെ കഴിഞ്ഞയാഴ്ച കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിൽ നാസിന്റെ സിംകാർഡ് ശ്രീരാമകൃഷ്ണൻ ഉപയോഗിച്ചിരുന്നതായും ഇതുപയോഗിച്ച് സ്പീക്കർ പ്രതികളെ വിളിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്.

വിവരം സ്പീക്കർ സമ്മതിക്കുകയും ചെയ്തിരുന്നു. തന്റെ സ്വകാര്യ ആവശ്യങ്ങൾക്കാണ് നാസിന്റെ സിംകാർഡ് ഉപയോഗിച്ചതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. സ്വപ്നയെയും മറ്റും വിളിച്ചിരിക്കാമെന്നും പറഞ്ഞിരുന്നു. എന്നാൽ ജൂൺ 30 ന് സ്വർണ്ണക്കടത്ത് കണ്ടെത്തിയ ശേഷം ഈ സിംകാർഡ് ഉപയോഗിച്ചിട്ടില്ല എന്നതാണ് സംശയാസ്പദമായി മാറിയിരിക്കുന്നത്.