തിരുവനന്തപുരം: സ്വതന്ത്ര എംഎൽഎ ആയതോടെ നിയമസഭയിൽ സംസാരിക്കാൻ അവസരം കുറവാണ് പി സി ജോർജ്ജിന് കിട്ടാറ്. അതുകൊണ്ട് തന്നെ കുറേക്കാലം സഭയിൽ ഇരുന്ന് പരിചയമുള്ള ജോർജ്ജിന് ചട്ടങ്ങളെ കുറിച്ചു ബോധ്യമുള്ളതിനാൽ എങ്ങനെ പ്രസംഗിക്കാൻ അവസരം ഉണ്ടാക്കണമെന്നും അദ്ദേഹത്തിന് വ്യക്തയുണ്ട്. ഇന്നലെ പ്രസംഗിക്കാനായി ജോർജ്ജ് അവസരം കണ്ടെത്തിയത് ഒരു ക്രമപ്രശ്‌നം ഉന്നയിച്ചായിരുന്നു.

പിണറായി വിജയൻ സത്യപ്രതിജ്ഞ ചെയ്തതു മന്ത്രിയെന്ന നിലയ്ക്കാണെന്നും അതിനാൽ അദ്ദേഹം മുഖ്യമന്ത്രിയുടെ ചുമതലകൾ നിറവേറ്റുന്നതു ശരിയല്ലെന്നും കാണിച്ചായിരുന്നു ജോർജ്ജിന്റെ ക്രമപ്രശ്‌നം. പിണറായി സഗൗരവ പ്രതിജ്ഞ എടുത്തതു മന്ത്രിയെന്ന നിലയിലാണെന്നും അതിനാൽ മുഖ്യമന്ത്രി പദവി വഹിക്കാൻ അർഹതയില്ലെന്നുമായിരുന്നു ജോർജിന്റെ വാദം. തന്റെ വാദം സാധൂകരിക്കാൻ അദ്ദേഹം പല കോടതി വിധികളും ഉദ്ധരിച്ചു. നരേന്ദ്ര മോദി സത്യപ്രതിജ്ഞ ചെയ്തതു പ്രധാനമന്ത്രിയെന്ന നിലയ്ക്കാണെന്നും ചൂണ്ടിക്കാട്ടി.

എന്നാൽ ജോർജ്ജിന്റെ നമ്പർ വേണ്ട വിധത്തിൽ വിലപ്പോയില്ല. ചെയറിൽ നിന്നും ജോർജ്ജിന് ശാസന ലഭിക്കുകയുമുണ്ടായി. അനാവശ്യ ക്രമപ്രശ്‌നങ്ങൾ ഉന്നയിച്ചു നിയമസഭയുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്നാണ് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ ജോർജ്ജിനോടായി പരഞ്ഞത്. സംസാരിക്കാൻ അവസരം കിട്ടാതെ വരുമ്പോൾ അതു കിട്ടാനായി യുക്തിയില്ലാത്ത ക്രമപ്രശ്‌നങ്ങൾ അവതരിപ്പിച്ചു സഭയുടെ വിലപ്പെട്ട സമയം പാഴാക്കരുതെന്നു സ്പീക്കർ റൂളിങ്ങിൽ പറഞ്ഞു. 22 സർക്കാരുകൾ കേരളത്തിൽ സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിൽ വന്നിട്ടുണ്ട്. അവയുടെ എല്ലാം രൂപീകരണത്തിൽ എന്നപോലെ എല്ലാ ഭരണഘടനാ തത്വങ്ങളും പാലിച്ചാണ് ഈ സർക്കാരും അധികാരത്തിൽ വന്നത്.

വസ്തുത ഇതാണെന്നിരിക്കെ തികച്ചും സാങ്കേതികവും സാങ്കൽപികവുമായ കാര്യങ്ങൾ യുക്തിരഹിതമായി വ്യാഖ്യാനിച്ചു സഭയുടെ വിലപ്പെട്ട സമയം പാഴാക്കുന്നത് ആർക്കും ഭൂഷണമല്ല. ജോർജിന്റെ ക്രമപ്രശ്‌നം നിലനിൽക്കില്ലെന്നും സ്പീക്കർ റൂളിങ് നൽകി. ജോർജിന്റെ വാദഗതി മുൻകാല പ്രാബല്യത്തോടെ അംഗീകരിച്ചാൽ ഉമ്മൻ ചാണ്ടിയും വി എസ്.അച്യുതാനന്ദനും മുഖ്യമന്ത്രി സ്ഥാനം മുൻകാല പ്രാബല്യത്തോടെ രാജിവയ്‌ക്കേണ്ടി വരുമെന്നു മന്ത്രി എ.കെ.ബാലൻ ചൂണ്ടിക്കാട്ടി.

താൻ റൂളിങ്ങിനെ ചോദ്യം ചെയ്യുന്നില്ലെന്നു ധനവിനിയോഗ ബിൽ ചർച്ചയിൽ പങ്കെടുത്ത് ജോർജ് വ്യക്തമാക്കി. എന്നാൽ കഴിഞ്ഞ സഭയിൽ തനിക്കെതിരെ വേദനാജനകമായ റൂളിങ് നൽകിയ സ്പീക്കർ എൻ.ശക്തനും അതിനുള്ള ക്രമപ്രശ്‌നം ഉന്നയിച്ച തോമസ് ഉണ്ണിയാടനും ഈ സഭയിൽ ഇല്ലെന്ന കാര്യം അദ്ദേഹം സ്പീക്കറെ ഓർമിപ്പിച്ചു. അതേസമയം താൻ മൂന്നു മുന്നണികളെയും തോൽപ്പിച്ചാണു സഭയിൽ എത്തിയെന്നും ചൂണ്ടിക്കാട്ടി. കുറച്ചു ദിവസം മുമ്പ് നിയമസഭയിൽ പ്രസംഗിക്കാൻ ലഭിച്ച രണ്ട് മിനിറ്റ് സമയത്തിൽ അത്യുഗ്രൻ പ്രസംഗം നടത്തിയ സ്റ്റാറായ ശേഷമാണ് ജോർജ്ജ് ഇന്നലെ ക്രമപ്രശ്‌നം ഉന്നയിച്ച് പി ശ്രീരാമകൃഷ്ണന്റെ ശാസന ഏറ്റുവാങ്ങിയത്.