- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിപക്ഷ നേതാവിനെതിരായ പി.വി അൻവറിന്റെ ആരോപണം നിയമസഭാ രേഖകളിൽ നിന്നും നീക്കം ചെയ്തു; സഭയുടെ അന്തസ്സും പൈതൃകവും കാത്തുസൂക്ഷിക്കണമെന്ന് സ്പീക്കർ; അൻവറിന്റെ ആരോപണങ്ങൾ ചട്ടവിരുദ്ധവും കീഴ് വഴക്കങ്ങളുടെ ലംഘനമെന്നും എം ബി രാജേഷ്
തിരുവനന്തപുരം: നിയമനിർമ്മാണ ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് വി.ഡി സതീശനെതിരെ പി.വി അൻവർ ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങൾ നിയമസഭാ രേഖകളിൽ നിന്നും നീക്കം ചെയ്തതായി സ്പീക്കറുടെ റൂളിങ്. സഭാ ചട്ടങ്ങളിലും കീഴ് വഴക്കങ്ങളിലും അംഗങ്ങൾക്കായുള്ള പെരുമാറ്റചട്ടങ്ങളിലും വ്യക്തമാക്കിയിട്ടുള്ള വ്യവസ്ഥകൾ പാലിക്കാതെയും മുൻകൂട്ടി എഴുതി നൽകാതെയും ആരോപണം ഉന്നയിച്ചതുകൊണ്ടാണ് പ്രസംഗഭാഗം നീക്കം ചെയ്യുന്നതെന്ന് സ്പീക്കർ അറിയിച്ചു.
സഭയുടെ നടപടി ക്രമങ്ങൾ പരിശോധിച്ചാൽ ന്യൂനപക്ഷം അംഗങ്ങൾ ഇത്തരം മാർഗനിർദ്ദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടിട്ടുണ്ടെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി. 133 വർഷം പിന്നിട്ട സഭയുടെ അന്തസ്സും പൈതൃകവും കാത്തുസൂക്ഷിക്കേണ്ട ചുമതല അംഗങ്ങൾക്കാണ്. ആ ഗൗരവവും പാർലമെന്ററി മര്യാദകളും ഉൾക്കൊണ്ടുകൊണ്ട് സഭയ്ക്കകത്തും പുറത്തും പെരുമാറുവാൻ അംഗങ്ങൾ ബാദ്ധ്യസ്ഥരാണെന്നും സ്പീക്കർ ഓർമ്മിപ്പിച്ചു.
2021-ലെ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ (വഖഫ് ബോർഡിന്റെ കീഴിലുള്ള സർവ്വീസുകൾ സംബന്ധിച്ച കൂടുതൽ ചുമതലകൾ) ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കണമെന്ന പ്രമേയത്തിൽ ഭേദഗതി അവതരിപ്പിച്ചുകൊണ്ടാണ് അൻവർ അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിച്ചത്. പ്രതിപക്ഷ നേതാവിന്റെ അസാന്നിധ്യത്തിലായിരുന്നു അൻവറിന്റെ ആരോപണം.
ആരോപണങ്ങൾക്ക് പ്രതിപക്ഷ നേതാവ് ഇന്നലെ നിയമസഭയിൽ വ്യക്തിപരമായ വിശദീകരണം നൽകുകയും സഭാ രേഖകളിൽ നിന്നും അൻവറിന്റെ പ്രസംഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. വിശദമായ പരിശോധനകൾക്കു ശേഷമാണ് അൻവറിന്റെ ആരോപണങ്ങൾ ചട്ടവിരുദ്ധവും കീഴ് വഴക്കളുടെ ലംഘനവുമാണെന്ന് സ്പീക്കർ നിരീക്ഷിച്ചത്. ഇതേത്തുടർന്ന് അൻവറിന്റെ പ്രസംഗഭാഗം സഭാ രേഖകളിൽ നിന്നും നീക്കം ചെയ്തതായി ഇന്ന് റൂളിങ് നൽകി.
പറവൂർ കേന്ദ്രീകരിച്ച് നടന്ന മണി ചെയിൻ തട്ടിപ്പിൽ സതീശന് മുഖ്യ പങ്കെന്നായിരുന്നു സഭയ്ക്ക് അകത്തും പുറത്തും അൻവർ ഉയർത്തിയ ആരോപണം. ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നെന്ന് പറഞ്ഞ സതീശൻ അൻവറിന് കിളി പോയെന്ന് പരിഹസിച്ചു. മണി ചെയിൻ ആരോപണം 32 കൊല്ലം മുൻപുള്ളതാണ്. അന്ന് താൻ പറവൂരില്ല. തനിക്കതിരെ ആരോപണം ഉന്നയിക്കുന്നത് പ്രശസ്തി കിട്ടാനെന്നും സതീശൻ വിമർശിച്ചു.
പി വി അൻവർ നിയമസഭയിൽ നിന്ന് അനുമതിയില്ലാതെ അവധിയെടുത്തത് സതീശൻ ചോദ്യം ചെയ്തതോടെയാണ് വിവാദത്തിന് തുടക്കം. ഫേസ്ബുക്കിലൂടെ സതീശന് മറുപടി പറഞ്ഞ അൻവർ സഭയിൽ മടങ്ങിയെത്തി ആക്രമണത്തിന് മൂർച്ച കൂട്ടി. തന്റെ എല്ലാ സംരഭങ്ങളും നിർത്തി രാഷ്ട്രീയത്തിന് മൂർച്ച കൂട്ടുമെന്നും അൻവർ പ്രതികരിച്ചു.
മറുനാടന് മലയാളി ബ്യൂറോ