മസ്‌ക്കറ്റ്: കുട്ടികളുമായി കാറിൽ യാത്ര ചെയ്യുന്നവർ കുട്ടികളുടെ സുരക്ഷയ്ക്കായി സ്‌പെഷ്യൽ കാർ സീറ്റുകൾ നിർബന്ധമായും ഉപയോഗിക്കണമെന്ന് ട്രാഫിക് സേഫ്റ്റി കാമ്പയിൻ സംഘാടകർ. കുട്ടികളുമായി കാറിൽ പോകുമ്പോൾ സ്‌പെഷ്യൽ കാർ സീറ്റുകൾ ഉപയോഗിക്കാൻ മാതാപിതാക്കൾ മടി കാണിക്കുന്നുവെന്നും ഇത് കുട്ടികളുടെ സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നുണ്ടെന്നും ഒമാൻ റോഡ് സേഫ്റ്റി അസോസിയേഷൻ വൈസ് ചെയർപേഴ്‌സൺ ഷൈമ അൽ ലവാതി വ്യക്തമാക്കി. ഇതു സംബന്ധിച്ച് മാതാപിതാക്കളിൽ കൂടുതൽ ബോധവത്ക്കരണം നടത്തേണ്ടത് അത്യാവശ്യമാണ്. കുട്ടികളെ മടിയിലിരുത്തി മുൻസീറ്റിൽ യാത്ര ചെയ്യുന്ന അമ്മമാർ അറിയുന്നില്ല, ഇത് എത്രത്തോളം അപകടകരമാണെന്ന്. അപകടമുണ്ടാകുന്ന വേളയിൽ അമ്മയുടെ പിടിവിട്ട് കുഞ്ഞുങ്ങൾ തെറിച്ചുവീഴുകയാണ് ചെയ്യുക. ഈ സാഹചര്യത്തിൽ കുട്ടി മരണപ്പെടാനും സാധ്യതയുണ്ടെന്ന് ഷൈമ അൽ ലവാതി ചൂണ്ടിക്കാട്ടി. 

ബോധവത്ക്കരണത്തിന്റെ ഭാഗമായി ആൾക്കാർക്ക് സൗജന്യമായി കാർ സീറ്റുകൾ നൽകിയാലും അത് ഉപയോഗിക്കാൻ അവർ വിമുഖത കാട്ടുന്നു. ഇത്തരം കാർ സീറ്റുകളുടെ മൂല്യം അവർ മനസിലാക്കുന്നുമില്ല.

പതിനൊന്ന് വയസിൽ താഴെയുള്ള കുട്ടികളെ പിൻസീറ്റിൽ ഇരുത്തണം. ആറു വയസിൽ താഴെയള്ള കുട്ടികളെ സ്‌പെഷ്യൽ കാർ സീറ്റിൽ ഇരുത്തിവേണം യാത്ര ചെയ്യാൻ. പിൻസീറ്റിൽ ഇരുന്ന് യാത്ര ചെയ്യാൻ കുട്ടികളെ മാതാപിതാക്കൾ പ്രോത്സാഹിപ്പിക്കുകയും വേണമെന്ന് റോഡ് സേഫ്റ്റി അസോസിയേഷൻ അംഗങ്ങൾ വ്യക്തമാക്കി.

ഇത്തരത്തിലുള്ള ബോധവത്കരണം നടത്തിയ ശേഷവും ഇതുപാലിക്കാൻ ആളുകൾ തയാറായില്ലെങ്കിൽ ഇതിൽ റോയൽ ഒമാൻ പൊലീസിനെ ഇടപെടുതത്തുമെന്നും അസോസിയേഷൻ വെളിപ്പെടുത്തി. ഇതു സംബന്ധിച്ച് പ്രത്യേക നിയമമൊന്നും നിലവിലില്ലെന്നും ബോധവത്കരണം നടത്തി ആൾക്കാരെ കൊണ്ട് നടപ്പിലാക്കാൻ മാത്രമേ സാധിക്കുകയുള്ളൂവെന്നും അസോസിയേഷൻ പറയുന്നു.