മസ്‌ക്കറ്റ്: തൊഴിൽ തർക്കങ്ങൾ പരിഹരിക്കാൻ മാത്രമായി പ്രത്യേക കോടതി രൂപീകരിക്കാൻ ഒരുങ്ങുന്നതായി മാൻപവർ മന്ത്രാലയം. പ്രത്യേക കോടതി രൂപീകരണത്തിനായുള്ള നടപടികൾ ആരംഭിച്ചതായും മാൻപവർ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. 

അതേസമയം കോടതി എന്നാണ് നിലവിൽ വരുന്നതെന്ന് വ്യക്തമായി പറയാൻ സാധിക്കില്ലെന്ന് മിനിസ്ട്രി അഡൈ്വസർ സലിം അൽ സാദി പറഞ്ഞു. ഇതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചിട്ടണ്ട്. തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിന് മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും തൊഴിലാളികളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി എല്ലാക്കാലവും നിലകൊള്ളുമെന്നും സലിം അൽ സാദി എടുത്തുപറഞ്ഞു.

നിലവിൽ തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിന് മാത്രമായി കോടതി രാജ്യത്ത് നിലവിലില്ല. ഇപ്പോഴിത് പൊതു കോടതികളിലാണ് ഒത്തുതീർപ്പാക്കുന്നത്.  2013ൽ 172 കേസുകളും 2012ൽ 37 കേസുകളുമാണ് തൊഴിൽതർക്കവുമായി ബന്ധപ്പെട്ട് രാജ്യത്തുണ്ടായത്. മൂന്ന് കൊല്ലത്തിനിടെ 483ശതമാനം വർദ്ധനയാണ് ഉണ്ടായത്. രാജ്യത്ത് തൊഴിൽ തർക്ക പരിഹാര കോടതി സ്ഥാപിക്കാനായി രാജ്യാന്തര ട്രേഡ് യൂണിയന്റെ സഹായവും ഉണ്ടാകും. പുതിയ തൊഴിൽ നിയമത്തിന്റെ ഭാഗമാണിതെന്നും അധികൃതർ വ്യക്തമാക്കി. നടപടിയെ തൊഴിലാളികളും അഭിഭാഷകരും സ്വാഗതം ചെയ്തു.