തിരുവനന്തപുരം: മലയാളം ഉൾപ്പടെയുള്ള ഭാഷകളിൽ മൂവായിരത്തോളം സിനിമാ ഗാനങ്ങൾ ആലപിച്ച പ്രശസ്ത ഗായികയാണ് എൽ ആർ ഈശ്വരി എന്ന ലൂർദ് മേരി രാജേശ്വരി.യേശുദാസിന് അയ്യപ്പനെ ഹരിവരാസനം പാടിയുറക്കാൻ ഭാഗ്യം സിദ്ധിച്ചത് പോലെ അമ്മൻപാടലുകൾ ആലിപിക്കാൻ ഭാഗ്യം ലഭിച്ച ശബ്ദമാണ് ഈശ്വരിയുടെത്.എന്തുകൊണ്ടാണ് ഭക്തി ഗാനങ്ങളോട് ചേർത്ത് എൽ ആർ ഈശ്വരിക്ക് ഒരു റഫറൻസ് വന്നതെന്ന് തമിഴകത്തിന് പുറത്ത് അധികമാർക്കും അറിയില്ല.ഇതിനെക്കുറിച്ച് വിശദീകരിക്കുകയാണ് യുവ എഴുത്തുകാരൻ വിപിൻ ദാസ്.

ഈശ്വരി അമ്മയുടെ പിറന്നാൾ ദിനത്തിലാണ് വിപിന്റെ വേറിട്ട കുറിപ്പ്.ഫേസ്‌ബുക്കിലുടെ പങ്കുവെച്ച കുറിപ്പ് ഇതിനോടകം വൈറലാണ്.തമിഴ്‌നാട്ടിലെ ലക്ഷക്കണക്കിന് അമ്മൻ കോവിലുകളിലെ ദേവിമാരെ 'ആടിക്കൂൾ' പോലെ വർഷങ്ങളായി പാടി കുളിർപ്പിക്കുന്നത് എൽ ആർ ഈശ്വരിയാണ്. ക്രൈസ്തവനായ യേശുദാസിന് അയ്യനെ ഹരിവരാസനം ചൊല്ലി ഉറക്കാൻ നിയോഗമുണ്ടായതുപോലെ, ആടിമാസങ്ങളിൽ അമ്മൻ ദൈവങ്ങളെ പാടിപുകഴ്‌ത്താൻ എൽ ആർ ഈശ്വരിക്കും നിയോഗമുണ്ടായെന്നും അദ്ദേഹം കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

2020-ൽ പുറത്തിറങ്ങിയ മൂക്കുത്തി അമ്മൻ എന്ന തമിഴ് ചലച്ചിത്രത്തിൽ നയൻതാര ചെയ്ത ടൈറ്റിൽ റോൾ അമ്മനോട് ബാലാജിയുടെ രാമസ്വാമി പറയുന്ന ഒരു ഡയലോഗ് ഉണ്ട് 'സർട്ടിഫെയ്ഡ് അമ്മനാ ഇരുക്കണം ണ്ണാ എൽ. ആർ ഈശ്വരി വന്ത് മൂക്കുത്തി അമ്മനെ പത്തി പാടണം' എന്ന്. മൂക്കുത്തി അമ്മനിലെ 'ആടി കുത്തുത്...' എന്ന എനർജറ്റിക് സോംഗ് ഉണ്ടാകുന്ന കഥാസന്ദർഭം.പ്രശസ്ത ചലച്ചിത്ര പിന്നണിഗായികയാണ് എൽ. ആർ ഈശ്വരി. മലയാളം ഉൾപ്പടെ മൂവായിരത്തോളം ഗാനങ്ങൾ അവർ സിനിമയ്ക്ക് വേണ്ടി മാത്രം ആലപിച്ചിട്ടുണ്ട്. എന്നിട്ടും ആ എൽ ആറിന് സിനിമയിൽ ഭക്തി ഗാനങ്ങളോട് ചേർത്ത് ഒരു റഫറൻസ് വന്നത് എന്തുകൊണ്ടാണ് എന്ന് തമിഴകവുമായി അധികം ബന്ധമില്ലാത്ത ചുരുക്കം ചിലർക്കെങ്കിലും തോന്നാം. എന്നാൽ തീർച്ചയായും തക്കതായ കാരണമുണ്ട്.

തികച്ചും ദ്രാവിഡീയമായ മാതൃദേവതാസങ്കല്പങ്ങളെ വച്ചാരാധന ചെയ്യുന്ന തമിഴ്‌നാട്ടിലെ ലക്ഷക്കണക്കിന് അമ്മൻ കോവിലുകളിലെ ദേവിമാരെ 'ആടിക്കൂൾ' പോലെ വർഷങ്ങളായി പാടി കുളിർപ്പിക്കുന്നത് എൽ ആർ ഈശ്വരിയാണ്. ആടി മാസം (കർക്കിടകം ) മുഴുവൻ തമിഴ്‌നാട്ടിലെ അങ്ങോളമിങ്ങോളമുള്ള അമ്മൻ കോവിലുകളിൽ എൽ ആർ കച്ചേരിക്കാലം കൂടിയാണ് എന്നുപറയുന്നതാവും ഉചിതം.

തുറന്ന ചിരിയും നിറഞ്ഞ പ്രസരിപ്പുമായി മാത്രമേ എൽ ആർ ഈശ്വരിയെ കാണാൻ സാധിക്കൂ. ശാക്തേയമായ അമ്മൻ കോവിലുകളിൽ അവർ ഒരുക്കാറുള്ള കച്ചേരികൾക്ക് മറ്റെങ്ങുമില്ലാത്ത ഊർജ്ജം ഉണ്ടായിരിക്കും. കർണാടിക് സംഗീതത്തിന്റെ ആഢ്യത്വത്തിന്റെ തൊങ്ങലുകൾ ഇല്ലാതെ ആദിദ്രാവിഡ താളത്തിൽ 'നാട്ടുപ്പുറ'ശീലുകളുമായി എൽ ആർ ഈശ്വരി വേദിയെ ഉണർത്തുമ്പോൾ ആ നാദവീചികളിൽ സദസ്യരായ പാട്ടിമാരും അക്കമാരും മുടി അഴിച്ചിട്ട് ആടുന്ന കാഴ്ചകൾ കണ്ടിട്ടുണ്ട്.

ആദി സംഗീതത്തിനും ആദിതാളങ്ങൾക്കും മനുഷ്യരെ ആദിമതയുടെ അനന്തമായ സ്മൃതിയിലേക്ക് നയിക്കാൻ കഴിയുമെന്ന് തോന്നിയിട്ടുണ്ട് എൽ ആറിന്റ ആടികച്ചേരികൾ കേൾക്കുമ്പോഴൊക്കെ. മെഡിറ്റേഷന് മാത്രമല്ല, ഊർജ്ജദായക സംഗീതത്തിനും മനുഷ്യരെ റിഫ്രഷ്‌മെന്റ് ചെയ്യാൻ സാധിക്കും എന്ന് തെളിയിക്കുന്ന എൽ ആർ ഈശ്വരിയുടെ അമ്മൻ പാടലുകൾ!
എല്ലാം ഒരു നിയോഗം. ക്രൈസ്തവനായ യേശുദാസിന് അയ്യനെ ഹരിവരാസനം ചൊല്ലി ഉറക്കാൻ നിയോഗമുണ്ടായപോലെ, ആടിമാസങ്ങളിൽ അമ്മൻ ദൈവങ്ങളെ പാടിപുകഴ്‌ത്താൻ ലൂർദ് മേരി രാജേശ്വരി എന്ന എൽ.ആർ ഈശ്വരിക്കും നിയോഗമുണ്ടായത് ഈശ്വരേച്ഛയായിരിക്കാം. ആ പാട്ടുകളിലെ ഊർജ്ജത്തിന്, പ്രിയപ്പെട്ട ഈശ്വരിയമ്മയ്ക്ക് പിറന്നാൾ ആശംസകൾ...