- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോവിഡും ലോക്ഡൗണും പ്രകൃതിക്ഷോഭവും: മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമേകാൻ സൗജന്യകിറ്റ്; മാസ്ക് ഉൾപ്പെടെ 20 ഇനങ്ങൾ റേഷൻ കടകൾ വഴി വിതരണം ചെയ്യും
തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ഡൗണും പ്രകൃതിക്ഷോഭവും മൂലം ദുരിതം അനുഭവിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് സംസ്ഥാന സർക്കാർ സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്യും. 20 ഇനങ്ങൾ അടങ്ങിയ സൗജന്യ കിറ്റ് റേഷൻ കടകൾ വഴിയാകും വിതരണം ചെയ്യുക.
ദുരന്തനിവാരണ നിധിയിൽനിന്നുള്ള ഫണ്ട് ഉപയോഗിച്ച് തീരദേശ ജില്ലകളിലെ അർഹരായ മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്കാണു കിറ്റ് നൽകുക. ജില്ലാ ദുരന്തനിവാരണ അഥോറിറ്റിയുടെ അധ്യക്ഷരായ ജില്ലാ കലക്ടർമാരാണ് ഇതിനുള്ള ഫണ്ട് അനുവദിക്കുക.
സിവിൽ സപ്ലൈസ് കോർപറേഷൻ (സപ്ലൈകോ) ആണ് കിറ്റ് തയാറാക്കുക. ഫണ്ട് ഉപയോഗിച്ച് കിറ്റ് നൽകാൻ ഈ മാസം 20ന് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കിയെങ്കിലും ഇനങ്ങൾ തീരുമാനിച്ചിരുന്നില്ല.
നേരത്തേ, തീരദേശ ജില്ലകളിലെ കലക്ടർമാർ 10 മുതൽ 15 വരെയുള്ള ഇനങ്ങൾ അടങ്ങിയ കിറ്റ് തയാറാക്കാൻ പ്രാഥമിക ധാരണയിൽ എത്തിയിരുന്നു. അതതു ജില്ലാ സപ്ലൈ ഓഫിസർമാരും ഫിഷറീസ് വകുപ്പ് ജില്ലാ ഉദ്യോഗസ്ഥർ വഴിയും ശേഖരിച്ച വിവരങ്ങൾ അനുസരിച്ചാണിത്. എന്നാൽ, ഫിഷറീസ് ഡയറക്ടർ 22 ഇനങ്ങൾ അടങ്ങിയ കിറ്റ് വേണമെന്നാണ് ആവശ്യപ്പെട്ടത്.
ഇതോടെ ഇനങ്ങൾ വ്യക്തമാക്കി കൃത്യമായ ഉത്തരവ് വേണമെന്നു സപ്ലൈകോ മാനേജിങ് ഡയറക്ടർ കഴിഞ്ഞ ദിവസം ഭക്ഷ്യവകുപ്പിനു കത്തെഴുതി.
സവാളയും ചെറിയ ഉള്ളിയും ഒടുവിൽ ഒഴിവാക്കി. കിറ്റിൽ ഇവ ഉൾപ്പെടുത്തുമ്പോൾ കൂടുതൽ ദിവസം റേഷൻ കടകളിൽ സൂക്ഷിക്കേണ്ടി വന്നാൽ നശിച്ചുപോകും എന്ന വിലയിരുത്തലിനെ തുടർന്നാണിത്. അങ്ങനെയാണ് 20 ഇനങ്ങൾ എന്നു നിശ്ചയിച്ച് ഫിഷറീസ് വകുപ്പ് ഉത്തരവിറക്കിയത്.
ന്യൂസ് ഡെസ്ക്