- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോവിഡ് പോരാളികൾക്ക് നന്ദി: മലയാളി നഴ്സ് സാമിനി കെ ശശിയുടെ പേരിൽ ടീം ജേഴ്സി സമ്മാനിച്ച് ഡൽഹി ക്യാപിറ്റൽസ്; ചെന്നൈ സൂപ്പർ കിങ്സിന്റെ സമ്മാനം ധോണിയടക്കം മുഴുവൻ ടീമംഗങ്ങളും ഒപ്പുവച്ച ടീം ജേഴ്സി; സുരക്ഷിതമായി ഐപിഎൽ പൂർത്തിയാക്കാൻ പ്രവർത്തിച്ച മെഡിക്കൽ സംഘത്തിന് ടീമുകളുടെ 'സ്പെഷ്യൽ ഗിഫ്റ്റ്'
ദുബായ്: കോവിഡ് മഹാമാരിക്കിടെ യുഎഇയിൽ ഐപിഎൽ സുരക്ഷിതമായി പൂർത്തിയാക്കുന്നതിൽ നിർണ്ണായക സംഭാവന നൽകിയ മെഡിക്കൽ സംഘത്തിലെ ആരോഗ്യപ്രവർത്തകരെ ആദരിച്ചു പ്രമുഖ ടീമുകളും താരങ്ങളും. ഓഗസ്റ്റ് 21 ന് ടീമംഗങ്ങൾ എത്തിയത് മുതൽ രണ്ടരമാസത്തിലേറെയായി ഐപിഎല്ലിനു ബയോബബ്ൾ ഒരുക്കാൻ പ്രവർത്തിച്ച ആരോഗ്യപ്രവർത്തകരെയാണ് ടീമംഗങ്ങൾ പ്രത്യേക സമ്മാനം നൽകി ആദരിച്ചത്. ടൂർണമെന്റ് ഫൈനലിലേക്ക് അടുക്കുന്നതിനിടെ കളിക്കാരുടെ കോവിഡ് സാമ്പിൾ ശേഖരിക്കാനായി എത്തിയ വിപിഎസ് ഹെൽത്ത്കെയറിലെ ആരോഗ്യപ്രവർത്തകർക്ക് ടീമുകൾ കാത്തുവച്ചത് 'സർപ്രൈസ് ഗിഫ്റ്റ്' ആയിരുന്നു.
ഡൽഹി ക്യാപിറ്റൽസ് ടീമംഗങ്ങളുടെ സാമ്പിൾ ശേഖരിക്കാൻ എത്തിയ മലയാളി നഴ്സ് സാമിനി കെ ശശിക്കും മെഡിക്കൽ സംഘാംഗം ഫവാസ് കൈമളെയ്ക്കും അപ്രതീക്ഷിതമായാണ് പ്രമുഖ താരം ശിഖർ ധവാൻ ഇവരുടെ പേരുകൾ പതിപ്പിച്ച ടീം ജേഴ്സികൾ സമ്മാനിച്ചത്. മുഴുവൻ ടീമംഗങ്ങളും കോച്ച് റിക്കി പോണ്ടിഗും ഇവർക്കൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു. കോവിഡ് പോരാളികൾക്ക് നന്ദിയെന്ന് എഴുതിയാണ് ആരോഗ്യപ്രവർത്തകർക്ക് വേണ്ടിയുള്ള പ്രത്യേക ജേഴ്സി ടീം തയ്യാറാക്കിയത്.
പ്രിയപ്പെട്ട ക്രിക്കറ്റ് താരത്തിൽ നിന്ന് പ്രത്യേക സമ്മാനം ഏറ്റുവാങ്ങാനായതിൽ സന്തോഷവും അഭിമാനവുമുണ്ടെന്ന് കോട്ടയം സ്വദേശിനിയായ സാമിനി പറഞ്ഞു. ടീം യുഎഇയിൽ എത്തിയപ്പോൾ തൊട്ട് സാമിനി ടീമിനൊപ്പം പ്രവർത്തിക്കുന്നുണ്ട്. മത്സരങ്ങളുടെയും പരിശീലനത്തിന്റെയും ഇടയിൽ കൃത്യമായ ഇടവേളകളിൽ കളിക്കാരുടെയും ഒഫീഷ്യലുകളുടെയും സാമ്പിളുകൾ ശേഖരിക്കുന്ന ചുമതലയായാണ് സാമിനിക്ക്. രണ്ടര മാസത്തോളം തുടർച്ചയായി ടീമിനൊപ്പം പ്രവർത്തിച്ചതിനാൽ എല്ലാവരുമായും മികച്ച ബന്ധം ഉണ്ടാക്കാൻ സാധിച്ചിരുന്നുവെന്നും ടീം ജേഴ്സി സമ്മാനിച്ചുകൊണ്ടുള്ള ആദരവ് പ്രതീക്ഷിച്ചിരുന്നില്ലെന്നും സാമിനി പറഞ്ഞു.
മഹീന്ദർ സിങ് ധോണിയടക്കം മുഴുവൻ കളിക്കാരും ഒപ്പുവച്ച ടീം ജേഴ്സിയാണ് ചെന്നൈ സൂപ്പർ കിങ്സ് ടീം ആരോഗ്യ പ്രവർത്തകർക്ക് കൈമാറിയത്. കളിക്കാർ നാട്ടിലേക്ക് മടങ്ങുന്നതിനു മുൻപ് ടീം ഡോക്ടറെ സർപ്രൈസ് സമ്മാനം ഏൽപ്പിക്കുകയായിരുന്നു. ചെന്നൈ സൂപ്പർ കിങ്സ് ടീമിന്റെ മെഡിക്കൽ സംഘത്തിൽ പ്രവർത്തിച്ച മലയാളിയായ സുജിത്ത് നായരും റിച്ച്വി ആലയും സമ്മാനം ഏറ്റുവാങ്ങി. വിപിഎസ് ഹെൽത്ത്ധോകെയറിന്റെ ദുബായിലെ ആരോഗ്യപ്രവർത്തകരാണ് ഇരുവരും. ധോണിയടക്കമുള്ള താരങ്ങളിൽ നിന്ന് മികച്ച പിന്തുണയാണ് ടൂര്ണമെന്റിനിടെ ലഭിച്ചതെന്നും കോവിഡിനെതിരെ പോരാടുന്ന ആരോഗ്യപ്രവർത്തകർക്കുള്ള താരങ്ങളുടെ പിന്തുണയ്ക്ക് നന്ദിയുണ്ടെന്നും സുജിത്ത് പറഞ്ഞു. കളിക്കാരുടെ ഓട്ടോഗ്രാഫ് വാങ്ങാൻ ആഗ്രഹിച്ചിരുന്നപ്പോൾ എല്ലാവരും ഒപ്പുവച്ച ടീം ജേഴ്സി തന്നെ ലഭിച്ചതിന്റെ സന്തോഷത്തിലാണിവർ.
സെപ്റ്റംബറിൽ ആരംഭിച്ച ഐപിഎൽ ടൂര്ണമെന്റിനായി കളിക്കാരും ഒഫീഷ്യലുകളും നിരന്തരം കോവിഡ് പരിശോധനയ്ക്ക് വിധേയരായിരുന്നു. ഫൈനലിന് ശേഷം ഇവർ മടങ്ങുന്നത് വരെ പരിശോധകൻ തുടരും. മലയാളി സംരംഭകൻ ഡോ. ഷംഷീർ വയലിലിന്റെ ഉടമസ്ഥതയിലുള്ള വിപിഎസ് ഹെൽത്ത്കെയറാണ് ടൂർണമെന്റിന്റെ ഔദ്യോഗിക കോവിഡ് പരിശോധന ഏജൻസിയും ആരോഗ്യ പങ്കാളിയും. വിവിധ സംഘങ്ങളിലായി വിപിഎസിലെ നൂറോളംപേരാണ് ടെസ്റ്റിങ്ങിനു വേണ്ടി മാത്രം പ്രവർത്തിച്ചത്.






