- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പീഡനത്തിന് ഇരയായ സ്ത്രീകൾക്ക് വേണ്ടി ആശുപത്രികൾ; ആശുപത്രികൾ ഒരുങ്ങുക ജില്ലാ, താലൂക്ക് തലങ്ങളിൽ; വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതുൾപ്പടെ പുനരധിവാസത്തിന് വിശദമായ പ്രോട്ടോക്കോൾ
തിരുവനന്തപുരം: പീഡനത്തിന് ഇരയാകുന്ന സ്ത്രീകളുടെ ചികിത്സക്കും പുനരധിവാസത്തിനുമായി ജില്ലാ, താലൂക്ക് തലങ്ങളിൽ ഒന്നിലധികം ആശുപത്രികളും മറ്റ് പുനരധിവാസ കേന്ദ്രങ്ങളും കണ്ടെത്താൻ സർക്കാർ തീരുമാനിച്ചു. സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. പുനരധിവാസത്തിനായി പ്രോട്ടോകോൾ രൂപീകരിക്കാനും തീരുമാനിച്ചു.
എല്ലാ സ്ഥലങ്ങളിലും ഒരു നോഡൽ ഓഫീസറെ നിയമിക്കും. പീഡനത്തിന് ഇരയായി ആശുപത്രികളിൽ ചികിത്സയ്ക്കെത്തുന്നവരുടെ സ്വകാര്യതയും വ്യക്തിപരമായ വിവരങ്ങളും പൂർണമായി സുരക്ഷിതമാക്കും. ഇതിനാവശ്യമായ നടപടികൾ പൊലീസ്, ആരോഗ്യ, വനിതാശിശുവികസന വകുപ്പുകൾ സ്വീകരിക്കണമെന്നാണ് സർക്കാർ നിർദ്ദേശം.
സ്ത്രീ സുരക്ഷ ഉറപ്പാക്കാനുള്ള ആരോഗ്യവകുപ്പിന്റെ സംരംഭമായ ഭൂമിക സെന്ററുകളുടെ പ്രവർത്തനം വിപുലപ്പെടുത്താനും സർക്കാർ തീരുമാനിച്ചു. പീഡനത്തിന് ഇരയാകുന്നവർക്ക് പ്രാഥമിക ശുശ്രൂഷ സൗജന്യമായി നൽകുന്നതിനും നിയമനടപടികളിൽ സഹായിക്കുന്നതിനുമുള്ള വൺ സ്റ്റോപ്പ് സെന്ററുകളുമായി ചേർത്ത് ഭൂമിക സെന്ററുകളെ പ്രവർത്തിപ്പിക്കാനാണ് തീരുമാനം. ഇതിനാവശ്യമായ അടിയന്തിര തുടർനടപടികൾ സ്വീകരിക്കാൻ ആരോഗ്യവകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന കാമ്പയിൽ എഗൈൻസ്റ്റ് ടോർച്ചർ എന്ന സംഘടനക്ക് വേണ്ടി ചീഫ് കോർഡിനേറ്റർ പരിദോഷ് ചാക്മ സമർപ്പിച്ച പരാതിയിൽ ആവശ്യമായ നടപടി സ്വീകരിക്കാൻ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക് ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ സാമൂഹികനീതി വകുപ്പ് വിളിച്ച് ചേർത്ത യോഗത്തിലാണ് തീരുമാനം.
മറുനാടന് മലയാളി ബ്യൂറോ