തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇൻഡിഗോ വിമാനത്തിൽ മുദ്രാവാക്യം വിളിക്കുകയും ഇപി ജയരാജൻ ഇവരെ തള്ളിമാറ്റുകയും ചെയ്ത സംഭവത്തെക്കുറിച്ച് പ്രത്യേക അന്വേഷണസംഘത്തെ നിയമിച്ചു. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചെന്ന പേരിലാണ് സംഭവത്തിൽ പൊലീസ് കേസെടുത്തിരിക്കുന്നത്.

ഈ കേസിന്റെ അന്വേഷണമാണ് പുതിയ അന്വേഷണസംഘം ഏറ്റെടുക്കുക.അന്വേഷണത്തിന് പ്രത്യേക ടീമിനെ നിയോഗിച്ച് ഡിജിപി ഉത്തരവ് ഇറക്കിയിട്ടുണ്ട്. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്‌പി പ്രജീഷ് തോട്ടത്തിലിനാണ് അന്വേഷണസംഘത്തിന്റെ ചുമതല. എസ്‌പി അടക്കമുള്ള ആറംഗ സംഘം കേസിലെ ഗൂഢാലോചന ഉൾപ്പെടെ അന്വേഷിക്കും. ക്രൈംബ്രാഞ്ച് എഡിജിപി നേരിട്ട് കേസിന്റെ മേൽനോട്ടം വഹിക്കും. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്‌പിയെ കൂടാതെ, തിരുവനന്തപുരം ശംഖുമുഖം അസി.കമ്മീഷണർ ഡി.കെ. പ്യഥിരാജും സംഘത്തിൽ ഉണ്ട്. പ്രദീപൻ കണ്ണിപ്പൊയിൽ, കൂത്തുപറമ്പ് ഡിവൈഎസ്‌പി, ടി.സതികുമാർ, വലിയതുറ പൊലീസ് സ്റ്റേഷൻ എസ്എച്ചഒ, ബിനു മോഹൻ പി.എ, കൂത്തുപറമ്പ് പൊലീസ് സ്റ്റേഷൻ എസ്എച്ഒ, കൃഷ്ണൻ എം, എസ്എച്ചഒ, മട്ടന്നൂർ പൊലീസ് സ്റ്റേഷൻ എന്നിവരാണ് ടീമിലെ മറ്റംഗങ്ങൾ. സംഘം രണ്ടാഴ്ച കൂടുമ്പോൾ പുരോഗതി റിപ്പോർട്ട് നൽകണമെന്നും നിർദ്ദേശമുണ്ട്.

അതേസമയം, വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കു നേരെ പ്രതിഷേധിച്ച യൂത്ത്കോൺഗ്രസ് നേതാവായ അദ്ധ്യാപകനെ സസ്‌പെൻഡ് ചെയ്തു. മുട്ടന്നൂർ യുപി സ്‌കൂൾ അദ്ധ്യാപകൻ ഫർസീൻ മജീദിനെയാണ് സസ്‌പെൻഡ് ചെയ്തത്. യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്റാണ് ഫർസീൻ മജീദ്. അദ്ധ്യാപകൻ സർവീസ് ചട്ടം ലംഘിച്ചതായി കണ്ടെത്തിയെന്നും, സസ്പെൻഡ് ചെയ്തതായും മാനേജ് മെന്റ് അറിയിച്ചു. സംഭവത്തിൽ ഡിപിഐയുടെ നിർദ്ദേശപ്രകാരം തലശേരി ഉപജില്ലാവിദ്യാഭ്യാസ ഓഫിസർ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുള്ളിൽ അദ്ധ്യാപകൻ പ്രതിഷേധിച്ച സംഭവത്തിൽ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഇന്നലെ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. അദ്ധ്യാപകനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ- എസ്. എഫ്. ഐ സംഘടനകൾ സകൂളിലേക്ക് മാർച്ച് നടത്തിയിരുന്നു. ഇതിനു പിന്നാലെ സി.പി. എം അനുഭാവികളായ ഏതാനും രക്ഷിതാക്കളെത്തി കുട്ടികളുടെ ടിസി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ തുടർന്നാണ് സ്‌കൂൾ മാനേജ്മെന്റ് ഗുരുതരമായ കൃത്യവിലോപം ആരോപിച്ച് ഫർസാൻ മജീദിനെ സ്‌കൂളിൽ നിന്നും 15 ദിവസത്തേക്ക് സസ്പെൻഡ് ചെയ്തത്. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതിയായ അദ്ധ്യാപകൻ ഇനി സ്്കൂളിലെക്ക് വന്നാൽ കാൽ അടിച്ചുമുറിക്കുമെന്ന് ഡി.വൈ. എഫ്. ഐ ജില്ലാസെക്രട്ടറി എം.ഷാജർ പ്രതിഷേധസമരത്തിനിടെ ഭീഷണിപ്പെടുത്തിയിരുന്നു.

ഇതിനിടെ മുഖ്യമന്ത്രിയെ വധിക്കണമെന്ന ഉദ്ദേശ്യത്തോടെയാണ് പ്രതികൾ എത്തിയതെന്ന് വിമാനത്തിലെ പ്രതിഷേധക്കേസിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിൽ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ വധഭീഷണി മുഴക്കി ആക്രോശിച്ചുകൊണ്ട് മുന്നോട്ടുവന്നവരെ തടയാൻ ശ്രമിച്ചപ്പോൾ ഗൺമാൻ അനിൽ കുമാറിനെ ദേഹോപദ്രവം ഏൽപ്പിച്ചതായും എഫ്‌ഐആറിൽ പറയുന്നു. ഗൺമാൻ എസ് അനിൽകുമാറിന്റെ പരാതിയിലാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.

രാഷ്ട്രീയപരമായ വിരോധം നിമിത്തം ഒന്നുമുതൽ മൂന്ന് വരെയുള്ള പ്രതികൾ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കണമെന്ന് കരുതി വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്നെന്നും വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയപ്പോൾ മൂന്ന് പ്രവർത്തകരും സീറ്റിൽ നിന്ന് എഴുന്നേറ്റ് നിന്നെ ഞങ്ങൾ വച്ചേക്കില്ലെടാ എന്നാക്രോശിച്ച് കൊണ്ട് മുഖ്യമന്ത്രിയുടെ അടുത്തേക്ക് പാഞ്ഞടുത്ത് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നുള്ളതാണ് എഫ്‌ഐആറിൽ പറയുന്നത്. കൂടാതെ മുഖ്യമന്ത്രിയുടെ സുരക്ഷാ ചുമതലയുള്ളയാൾ തടയാൻ ശ്രമിച്ചപ്പോൾ തന്നെയും പ്രതികൾ ആക്രമിച്ചതായും എഫ്‌ഐആറിൽ പറയുന്നു.

അറസ്റ്റിലായ ഫർസിൻ മജീദ്(28) കോൺഗ്രസ് മട്ടന്നൂർ മണ്ഡലം പ്രസിഡന്റും ആർ കെ. നവീനകുമാർ(34) യൂത്ത് കോൺഗ്രസ് കണ്ണൂർജില്ലാ സെക്രട്ടറിയുമാണ് . വധശ്രമം, ഔദ്യോഗിക കൃത്യനിര്വഹണം തടസ്സപ്പെടുത്തൽ, കുറ്റകരമായ ഗൂഢാലോചന, വിമാനത്തിന്റെ സുരക്ഷിതത്വത്തിന് ഹാനികരമായ രീതിയിൽ അക്രമം കാണിക്കൽ എന്നീ വകുപ്പുകൾ ചുമത്തി വലിയതുറ പൊലീസാണ് കേസെടുത്തത്.