മലപ്പുറം: കോപ്പ അമേരിക്കയിൽ ഞായറാഴ്ച രാവിലെയാണ് സ്വപ്ന ഫൈനൽ. നിലവിലെ ചാമ്പ്യന്മാരായ ബ്രസീലും അർജന്റീനയും കൊമ്പുകോർക്കുന്ന സ്വപ്ന ഫൈനൽ കണ്ണുനിറയെ കാണുവാൻ കാത്തിരിക്കുകയാണ് ലോകമെങ്ങുമുള്ള ഫുട്‌ബോൾ ആരാധകർ.

മാരക്കാനയിൽ പന്തുരുളുന്നതിന് മുൻപ് കേരളത്തിൽ അടക്കം ഇരുടീം ആരാധകരും തമ്മിൽ വാഗ്വാദങ്ങളും, പോർവിളികളും സോഷ്യൽ മീഡിയയിൽ തുടങ്ങി കഴിഞ്ഞു. പതിറ്റാണ്ടുകളായി നീളുന്ന കിരീട വരൾച്ച അർജന്റീന അവസാനിപ്പിക്കുമോ, അല്ല കനറികൾ വീണ്ടും കപ്പ് റാഞ്ചുമോ തുടങ്ങിയ ചർച്ചകൾ പൊടിപൊടിക്കുന്‌പോൾ തന്നെ ആരാധകരുടെ പലതരത്തിലുള്ള സ്‌നേഹ പ്രകടനങ്ങളും ചർച്ചയാകുന്നുണ്ട്.

സ്വപ്ന ഫൈനലിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കവെ കേരളത്തിലെ ലയണൽ മെസി ആരാധകർക്ക് ആവലാതിയാണ്. താരത്തിന്റെ അവസാനത്തെ കോപ്പ അമേരിക്ക എന്ന കണക്ക് കൂട്ടലിൽ ഒരു ഇന്റനാഷ്ണൽ കപ്പില്ലാഴ്മയെ ഈ ടൂർണമെന്റിലൂടെ നേടാൻ വേണ്ടി താരത്തിനായി ആരാധാകർ പ്രാർത്ഥനയും വഴിപാട് നേർന്നിരിക്കുകയാണ്.

അങ്ങനെ ലയണൽ മെസിക്കായി ആലപ്പുഴ ചേർത്തലയിലെ തൈക്കാട്ടുശ്ശേരി പുന്നക്കീഴിൽ ശ്രീഭഗവതി ക്ഷേത്രത്തിൽ വഴിപാട് നേർന്നിരിക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. താരത്തിന്റെ പേരിൽ ഭാഗ്യസൂക്താർച്ചനയും പുഷ്ഫാഞ്ജിലയും നേർന്ന് വഴിപാട് രസീതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറാലുകന്നത്.

വൈറലാകുന്ന രശീതുകൾക്ക് പിന്നിൽ അർജന്റീനയോട് സ്‌നേഹമുള്ള ആരാധകരാണ് എന്ന് വ്യക്തം. മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള മലപ്പുറത്തെ ശ്രീ തൃപുരാന്തക ക്ഷേത്രത്തിലെ വഴിപാട് രശീതും പലരും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നുണ്ട്. ശനിയാഴ്ച അർജന്റീനയുടെ പേരിലും, മെസിയുടെ പേരിലും ഒരോ പുഷ്പാഞ്ജലിയാണ് ഇതിൽ കഴിച്ചിരിക്കുന്നത്.

അതേ സമയം തെക്കാട്ടുശ്ശേരിയിലെ അമ്പലത്തിൽ അർജന്റീനൻ ആരാധകർ മെസിയുടെ നക്ഷത്രം അടക്കം പറഞ്ഞാണ് വഴിപാട് കഴിച്ചിരിക്കുന്നത്. രോഹിണിയാണത്രെ മെസിയുടെ നക്ഷത്രം പുഷ്പാഞ്ജലിക്ക് പുറമേ ഭാഗ്യസൂക്തവും ഇവിടുത്തെ ആരാധകർ കഴിപ്പിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് നിരവധി രസകരമായ കമന്റുകളും, ട്രോളുകളുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.



അതേ സമയം നോക്കൗട്ട് മത്സരങ്ങളിൽ നിന്ന് വ്യത്യസ്തമായി നിശ്ചിതസമയം സമനിലയിൽ അവസാനിച്ചാൽ കോപ്പ അമേരിക്ക ഫൈനലിൽ അധികസമയം അനുവദിക്കും. അപ്പോഴും ഒപ്പത്തിനൊപ്പമെങ്കിൽ ജേതാക്കളെ ഷൂട്ടൗട്ടിലൂടെ നിശ്ചയിക്കും. സൗന്ദര്യ ഫുട്‌ബോളിന്റെ നാട്ടുകാരാണെങ്കിലും പ്രായോഗികതയുടെ വക്താക്കളാണ് ടിറ്റെയും സ്‌കലോണിയും. ചിരവൈരികളുടെ കലാശപ്പോരാട്ടത്തിൽ ജയത്തിൽ കുറഞ്ഞതെന്തും മരണത്തിന് തുല്യമാണ് എന്നാണ് ഫുട്‌ബോൾ പ്രേമികളുടെ വിശ്വാസം.



നാളെ പുലർച്ചെയാണ് എല്ലാ ഫുട്‌ബോൾ ആരാധകരും ആഗ്രഹിച്ചിരുന്ന സ്വപ്ന ഫൈനൽ. ഫുട്‌ബോളിൽ മക്ക എന്നറയിപ്പെടുന്ന മാരക്കാനയിൽ ഇന്ത്യൻ സമയം വെളുപ്പിന് 5.30ന് മത്സരം ആരംഭിക്കുന്നത്. ചിരകാല വൈരികളായ ബ്രസീലാണ് ലയണൽ മെസിയുടെ അർജന്റീനയ്‌ക്കെതിരെ ഇറങ്ങുന്നത്.

സെമിയിൽ പെറുവിനെ തകർത്താണ് ബ്രസീൽ ഫൈനലിലേക്ക് പ്രവേശിക്കുന്നത്. ഇത് തുടർച്ചയായി രണ്ടാം തവണയാണ് ബ്രസീൽ കോപ്പയുടെ കലാശപ്പോരാട്ടത്തിന് യോഗ്യത സ്വന്തമാക്കുന്നത്. അർജന്റീനയാകട്ടെ കൊളംബിയയുടെ വെല്ലുവിളിയെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെ മറികടന്നാണ് കാനറികൾക്കെതിരെ ഫൈനലിന് യോഗ്യത നേടിയത്.



പതിമൂന്ന് വർഷത്തിന് ശേഷമാണ് ഒരു മേജർ ടൂർണമെന്റിന്റെ ഫൈനലിൽ ഫുട്‌ബോളിൽ ചിരവൈരികളായ ബ്രസീലും അർജന്റീയും നേർക്കുന്നേർ വരുന്നത്. ഇതിന് മുമ്പ് 2007ലാണ് ബ്രസീലും അർജന്റീനയും നേർക്കുന്നേൽ ഒരു കിരീട പോരാട്ടത്തിൽ ഏറ്റമുട്ടിയത്.