തിരുവനന്തപുരം: വിളിക്കുന്ന സ്ഥലത്തേക്ക് ഓട്ടം വരാൻ മടിക്കുന്ന ഓട്ടോ ഡ്രൈവർമാർക്കെതിരെ നടപടി വരുന്നു. ഹ്രസ്വദൂരയാത്രയ്ക്കും മറ്റും വിളിച്ചാൽ വരാൻ തയ്യാറാകാത്ത ഡ്രൈവർമാർക്കെതിരെ 24 മണിക്കൂറിനുള്ളിൽ നടപടി എടുക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. യാത്രക്കാർ പറയുന്ന സ്ഥലങ്ങളിലേക്കു കൃത്യമായി സവാരി പോകാത്തവരുടെ ലൈസൻസ് റദ്ദാക്കുന്നത് അടക്കമുള്ള നടപടി സ്വീകരിക്കാനാണ് മോട്ടോർ വാഹനവകുപ്പ് തയ്യാറെടുക്കുന്നത്.

യാത്രക്കാരൻ പറയുന്ന സ്ഥലത്തേക്കു സവാരി പോകാൻ ഓട്ടോ ഡ്രൈവർ വിസമ്മതിക്കുകയാണെങ്കിൽ വാട്‌സാപ്പിലൂടെയൊ ഈമെയിലിലൂടെയോ പരാതി നൽകാം. 8547639101 എന്ന വാട്‌സ് ആപ്പ് നമ്പർ ഇതിനായി ഉപയോഗിക്കാം. ഓട്ടോക്കാർ ഓട്ടം വരാൻ മടിച്ചാൽ ഈ നമ്പറിലേക്ക് പൊതുജനങ്ങൾക്ക് പരാതി നൽകാം. ഓട്ടോയുടെ നമ്പർ അടക്കം വേണം പരാതി നൽകാൻ. അല്ലെങ്കിൽ kl 10@gmail.com എന്ന ഐഡിയിലേക്ക് മെയിൽ ചെയ്യുകയോ ചെയ്യാം.

ഓട്ടോക്കാർ യാത്രക്കാർ ഓട്ടം വിളിച്ചാൽ ആ സ്ഥലത്തേക്ക് ഓട്ടം പോകാൻ മടിക്കുകയും ഓട്ടോക്കാർക്കു താൽപര്യമുള്ള സ്ഥലത്തേക്കു മാത്രം ഓട്ടം പോവുകയും ചെയ്യുന്നു. ഇത്തരത്തിൽ പൊതുജനങ്ങളിൽ നിന്നും പരാതികൾ വർധിച്ച സാഹചര്യത്തിലാണു മോട്ടോർ വാഹന വകുപ്പ് ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.

തിരുവനന്തപുരം ജില്ലയിൽ എവിടെ നിന്നും ഈ നമ്പരിലേക്ക് വിളിക്കാം. അപ്പപ്പോൾ തന്നെ ഈ നമ്പരിൽ ലഭിക്കുന്ന പരാതികൾ അതത് ജില്ലകളിലേക്കു കൈമാറി ഉടനടി തന്നെ നടപടി സ്വീകരിക്കുമെന്നു ട്രാൻസ്‌പോർട്ട് കമ്മിഷണർ കെ.പത്മകുമാർ ഐപിഎസ് വറഞ്ഞു. 24 മണിക്കൂറിനുള്ളിൽ നടപടിയുണ്ടാകുമെന്നാണു വകുപ്പ് പറയുന്നത്. മീറ്റർ ഇടാതെ യാത്ര ചെയ്യുന്ന ഓട്ടോറിക്ഷകൾക്കെതിരെയും കർശന നടപടിയെടുക്കാനാണു വകുപ്പിന്റെ തീരുമാനം.

ഗതാഗത വകുപ്പിന്റെ കണക്കുപ്രകാരം കേരളത്തിൽ സർവീസ് നടത്തുന്നത് 6,32,426 ഓട്ടോറിക്ഷകളാണ്. കൂടുതൽ ഓട്ടോറിക്ഷകളുള്ളത് മലപ്പുറത്ത് 78,328 എണ്ണം. രണ്ടാം സ്ഥാനത്ത് തിരുവനന്തപുരം 74,856 ഓട്ടോറിക്ഷകൾ. ഏറ്റവും കുറവ് ഓട്ടോറിക്ഷയുള്ളത് വയനാട്ടിലും 13,757 എണ്ണം. കൊല്ലം( 52,927), പത്തനംതിട്ട (25,489), ആലപ്പുഴ (29,212), കോട്ടയം (42,030 ), ഇടുക്കി (22,432 ), എറണാകുളം (59,936), തൃശൂർ (61,595 ), പാലക്കാട് (45,914 ), കോഴിക്കോട് (53,395 ), കണ്ണൂർ (47,469 ), കാസർകോട് (25,067).

ഇതോടെ തന്നിഷ്ടത്തിന് മാത്രം ഓട്ടോ ഓടിക്കുന്ന നിരവധി ഓട്ടോ ഡ്രൈവർമാർ കുടുങ്ങും. രാത്രികാലങ്ങളിൽ സ്ത്രീകൾ പോലും ഇത്തരത്തിൽ ഓട്ടോ കിട്ടാതെ വിഷമിക്കാറുണ്ട്. രാത്രികാലങ്ങളിൽ ഓട്ടോ ഡ്രൈവർമാർ പൊതുവേ തങ്ങൾക്ക് ഇഷ്ടമുള്ള സ്ഥലങ്ങളിലേക്ക് മാത്രമാണ് സവാരി പോകാറ്. ഇതിനെല്ലാം കടിഞ്ഞാൺ ഇടുകയാണ് പുതിയ നിയമത്തിലൂടെ.