- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല യുവതി പ്രവേശന വിഷയത്തിൽ സംസ്ഥാനത്ത് തെരുവുയുദ്ധം; തിരുവനന്തപുരത്തും പാലക്കാട്ടും പത്തനംതിട്ടയിലും ബിജെപി പ്രവർത്തകരുടെ പ്രതിഷേധം അക്രമണത്തിൽ കലാശിച്ചു; യുവതികളടക്കമുള്ള മാധ്യമ പ്രവർത്തകർക്ക് മർദ്ദനം; മുഖ്യമന്ത്രിയുടെ ഓഫീസിൽ ഇരച്ചെത്തി പ്രതിഷേധക്കാർ; അതീവ സുരക്ഷാ വീഴ്ചയെന്ന് വിലയിരുത്തൽ; ഭീഷണിപ്പെടുത്തി കടകളടപ്പിച്ചും റോഡുകൾ ഉപരോധിച്ചും ബിജെപിക്കാരുടെ തേർവാഴ്ച്ച; പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തിൽ പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിൽ സംഘപരിവാർ അഴിഞ്ഞാട്ടം. റോഡുകൾ തടഞ്ഞും ഭീഷണിപ്പെടുത്തി കടകൾ അടപ്പിച്ചുമാണ് ശബരിമല കർമസമിതിയുടെയും ബിജെപിയുടെയും പ്രവർത്തകർ ആക്രമണം നടത്തുന്നത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ നടത്തിയ മാർച്ചിൽ വ്യാപക അക്രമം.
സെക്രട്ടേറിയറ്റിന് മുന്നിൽ ബിജെപി- സിപിഎം പ്രവർത്തകർ പരസ്പരം ഏറ്റുമുട്ടി. ഇതിനെ തുടർന്ന് പൊലീസ് കണ്ണീർവാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സിപിഎമ്മിന്റെ ഫ്‌ളക്‌സ് ബോർഡുകളും കൊടികളും ബിജെപി പ്രവർത്തകർ റോഡിലിട്ട് തീയിട്ട് നശിപ്പിച്ചു. ഇതിനിടെ ബിജെപി നടത്തുന്ന നിരാഹാരസമര പന്തലിൽ സമരമിരിക്കുന്ന സംസ്ഥാന വൈസ് പ്രസിഡന്റ് ശിവരാജന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ബിജെപിയുടെ സംസ്ഥാന നേതാക്കളും സിപിഎമ്മിന്റെ ജില്ലാ നേതാക്കളും സ്ഥലത്തെത്തിയിട്ടുണ്ട്.
ഇതിനിടെ ബിജെപി പ്രവർത്തകർ നടത്തിയ കല്ലേറിൽ നിരവധി പൊലീസുകാർക്ക് പരിക്കേറ്റു. പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചാണ് സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നത്. പ്രതിഷേധക്കാർക്ക് നേരെ പൊലീസുകാർ രണ്ട് തവണ ലാത്തിവീശി. നൂറുകണക്കിനു ബിജെപി പ്രവർത്തകരാണ് സെക്രട്ടേറിയറ്റിന് മുന്നിൽ തടിച്ചുകൂടിയിരിക്കുന്നത്. വലിയ പൊലീസ് സന്നാഹമാണ് സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്. സംഘർഷാവസ്ഥ കണക്കിലെടുത്ത് സിറ്റി പൊലീസ് കമ്മിഷണർ പി. പ്രകാശ് സ്ഥലത്തെത്തിയിട്ടുണ്ട്.നേരത്തേ ബിജെപി-യുവമോർച്ച പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടെ അഞ്ച് മാധ്യമപ്രവർത്തകർക്ക് പരുക്കേറ്റിരുന്നു. പ്രതിഷേധത്തിനുവന്നവരാണ് ആക്രമണം നടത്തിയത്.
അക്രമസക്തരായ പ്രതിഷേധക്കാർ മാധ്യമ പ്രവർത്തകരെ അടക്കം ആക്രമിച്ചു. ദൃശ്യങ്ങളെടുക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകർക്കു നേരെ അക്രമമുണ്ടായി. കാമറകൾ പിടിച്ചുവാങ്ങി നശിപ്പിച്ചു. യുവതികൾ ഉൾപ്പെടെയുള്ള മാധ്യമപ്രവർത്തകർക്കു പരിക്കേറ്റു. റോഡ് അരികിലെ ഫ്‌ളക്‌സ്‌ബോർഡുകൾ തകർത്തു. സെക്രട്ടറിയേറ്റിലേക്ക് അതിക്രമിച്ചുകയറിയ നാല് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊല്ലത്തും മാധ്യമപ്രവർത്തകർക്കു മർദനം ഉണ്ടായി. മാവേലിക്കര താലൂക്ക് ഓഫീസിലെ കസേരകൾ തകർത്തു.
ദേവസ്വം ബോർഡിനു കീഴിലുള്ള കൊട്ടാരക്കര ഗണപതിക്ഷേത്രത്തിലെ ഉണ്ണിയപ്പ കൗണ്ടർ അടപ്പിച്ചു. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്ര ഓഫിസും താഴിട്ടുപൂട്ടി. കാസർഗോട്ടും നെയ്യാറ്റിൻകരയിലും കൊച്ചിയിലും റോഡ് ഉപരോധിച്ചു. പലയിടത്തും കടകൾ അടപ്പിച്ചു. എരുമേലിയിൽ മൂന്ന് വിശ്വാസികൾ കെട്ട് ഉപേക്ഷിച്ച് മടങ്ങി.
അതേസമയം അതീവ സുരക്ഷാ വീഴ്‌ച്ചയാണ് സെക്രട്ടേറിയറ്റി ൽ നടന്നിരുന്നത്. മഹിളാ മോർച്ചയുടെ പ്രതിഷേധം മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപത്തെത്തി പ്രതിഷേധിച്ചു. അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിൽ പ്രതിഷേധക്കാർ കടന്നത് പൊലീസിന്റെ വീഴ്‌ച്ചയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ ഈ സമയം സെക്രട്ടേറിയറ്റിലുണ്ടായിരുന്നു. തുടർന്ന് പൊലീസ് അകമ്പടിയോടെ അതിവേഗം മുഖ്യമന്ത്രി ഓഫീസിൽ നിന്ന് വാഹനത്തിൽ പുറത്തു പോയി.കൊല്ലത്ത് മനോരമയുടെ ഫോട്ടോഗ്രാഫർ വിഷണു സനലിന് ആക്രമണത്തിൽ പരിക്കേറ്റു. കൊച്ചിയിൽ കച്ചേരിപ്പടിയിൽ ബിജെപി പ്രവർത്തകർ റോഡ് ഉപരോധിക്കുകയാണ്. സംസ്ഥാനത്ത് വിവിധ സ്ഥലങ്ങളിലും ബിജെപി പ്രതിഷേധം നടത്തുന്നുണ്ട്.
കൊച്ചിയിൽ ഇടപ്പള്ളിയിൽ ദേശീയപാതയിൽ ഗതാഗതം തടഞ്ഞു പ്രതിഷേധപ്രകടനങ്ങൾ നടന്നു. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനു നേരെ കരിങ്കൊടി കാട്ടുകയും വാഹനം തടയുകയും ചെയ്തു. പൊലീസ് ഇടപെട്ടാണ് മന്ത്രിയുടെ വാഹനം കടത്തിവിട്ടത്.കൊല്ലം ജില്ലയിൽ പരവൂർ, കൊട്ടാരക്കര, പട്ടാഴി തുടങ്ങിയ മേഖലകളിൽ ശബരിമല കർമസമിതി ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ചടയമംഗലത്ത് എംസി റോഡ് പ്രതിഷേധക്കാർ ഉപരോധിച്ചതിനെ തുടർന്ന് വലിയ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
കൊല്ലം നഗരത്തിൽ പ്രതിഷേധപ്രകടത്തിനിടെ പ്രതിഷേധക്കാർ ബസ് യാത്രക്കാരനെ മർദ്ദിച്ചു. ഇതിന്റെ ചിത്രമെടുക്കാൻ ശ്രമിച്ച മലയാള മനോരമ ഫോട്ടോഗ്രാഫർ വിഷ്ണു വി. സനലിന് മർദ്ദനമേറ്റു. കാമറ പിടിച്ചുവാങ്ങുകയും നശിപ്പിക്കുകയും ചെയ്തു. ക്ഷേത്രങ്ങളുടെ ഓഫീസുകൾ പൂട്ടിച്ചു. പത്തനാപുരത്തും പ്രതിഷേധമുണ്ട്.
അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ദേവസ്വം ബോർഡ് ഓഫിസ് ശബരിമല കർമ സമിതി പ്രവർത്തകർ അടപ്പിച്ചു. ഓഫിസ് താഴിട്ടു പൂട്ടി താക്കോൽ പ്രവർത്തകർ കൊണ്ടു പോയി.മാവേലിക്കരയിൽ ബിജെപിസംഘപരിവാർ സംഘടനകളുടെ നേതൃത്വത്തിൽ വാഹനങ്ങൾ തടയുന്നു. കെഎസ്ആർടിസി ബസുകൾ അടക്കം തടഞ്ഞിട്ടിരിക്കുന്നു. കടകൾ അടപ്പിക്കാൻ ശ്രമം. താലൂക്ക് ഓഫിസിലെ കസേരകൾ പ്രവർത്തകർ തകർത്തു. പെട്ടിക്കട അടിച്ചു തകർത്തു. വികലാംഗനെ അടക്കം ആക്രമിച്ചു.
ബുദ്ധ ജംഗ്ഷനിൽ പളനിയുടെ ഉടമസ്ഥതയിലുള്ള കടയാണ് അടച്ചു തകർത്തത്. പളനിയുടെ ഭാര്യ സുശീല (45) വികലാംഗനായ മകൻ ജയപ്രകാശ് (17) എന്നിവരെയാണ് ആക്രമിച്ചത്. അതിനിടെ, ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിൽ പ്രതിഷേധിച്ച് കാസർകോട് കറന്തക്കാട് സംഘപരിവാർ പ്രവർത്തകർ റോഡ് ഉപരോധിച്ചു. മംഗലാപുരം കാസർകോട് ദേശീയപാതയാണ് ഉപരോധിച്ചത്. ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.