- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാലക്കാട്ടും മഞ്ചേശ്വരത്തും നിരോധനാജ്ഞ തുടരുന്നു; അനേകർ അറസ്റ്റിലായിട്ടും ആവേശം ചോരാതെ ബിജെപി പ്രവർത്തകർ; എസ് ഡി പി ഐ കൂടി ഇടപെട്ടതോടെ പലയിടങ്ങളിലും സംഘർഷം തുടരുന്നു; അക്രമികൾ അഴിഞ്ഞാടിയപ്പോൾ പൊലീസ് പലയിടങ്ങളിലും വെറുതെ നോക്കി നിന്നു; ഡിജിപിയുടെ വാക്ക് കേട്ട് റോഡിൽ ഇറങ്ങിയ സർവ്വ വാഹന ഉടമകൾക്കും കടയുടമകൾക്കും തീർത്താൽ തീരാത്ത നഷ്ടം; ഹർത്താൽ അവസാനിച്ചെങ്കിലും സംഘർഷം അവസാനിക്കാതെ കേരളം
തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനത്തെ തുടർന്നുള്ള സംഘർഷത്തിന് അയവില്ല. പ്രതിഷേധത്തെ നേരിടാൻ സംസ്ഥാനത്തുടനീളം പൊലീസ് അറസ്റ്റും മറ്റും നടപടികളും തുടരുകയാണ്. ശബരിമല യുവതീപ്രവേശത്തെത്തുടർന്നു ബിജെപി പിന്തുണയോടെയുള്ള ശബരിമല കർമസമിതി ഹർത്താലിൽ കേരളം യുദ്ധക്കളമായി. അനുകൂലികളും എതിർപക്ഷവും തെരുവിൽ ഏറ്റുമുട്ടിയിരുന്നു. പാലക്കാട് നഗരസഭയിലും കാസർകോട്ടെ മഞ്ചേശ്വരം താലൂക്കിലും നിരോധനാജ്ഞ തുടരുകയാണ് പൊലീസ്. സംസ്ഥാനമാകെ 745 പേർ അറസ്റ്റിലുമായി. ഇതിനിടെ പ്രതിഷേധങ്ങൾക്ക് പുതിയ തലം നൽകി എസ് ഡി പി ഐ സാന്നിധ്യവും ചർച്ചയാകുന്നുണ്ട്. പ്രതിഷേധം ചെന്നൈയിലും നടന്നു. ചെന്നൈ കെടിഡിസി ഹോട്ടലിനെതിരെ നടന്ന ആക്രമണത്തിൽ ഹിന്ദുമുന്നണി നേതാവ് പാർഥസാരഥിയെ അറസ്റ്റ് ചെയ്തു.
തൃശൂർ വാടാനപ്പള്ളിയിൽ കട അടപ്പിക്കാൻ ശ്രമത്തിനിടെ എസ്ഡിപിഐ പ്രവർത്തകരുമായുള്ള സംഘർഷത്തിൽ 3 ബിജെപി പ്രവർത്തകർക്കു വെട്ടേറ്റിരുന്നു. കൊല്ലം പന്മനയിൽ ഹർത്താൽ അനുകൂലികളുടെ ബൈക്ക്, പൊലീസിന്റെ നിർദ്ദേശപ്രകാരം ചവറ സ്റ്റേഷനിലെത്തിച്ചു മടങ്ങിയ ആൾക്കു വെട്ടേറ്റു. ആലപ്പുഴ തുറവൂരിൽ സിപിഎം ആക്രമണത്തിൽ 2 ബിജെപിക്കാർക്കു വെട്ടേറ്റു. തലശ്ശേരിയിൽ ബിജെപി ജില്ലാ സെക്രട്ടറി എൻ. ഹരിദാസിന്റെ വീടടക്കം മൂന്നിടത്തേക്കു ബോംബേറുണ്ടായി. തിരുവനന്തപുരം നെടുമങ്ങാട്ടു പൊലീസ് സ്റ്റേഷനു മുന്നിലെ റോഡിലും ബോംബേറ്. കാസർകോട്ടു ബിജെപി മുൻ നഗരസഭാംഗം ഗണേശ് പാറക്കട്ടയ്ക്കു കുത്തേറ്റു. ഇങ്ങനെ കല്ലേറിനും ലാത്തിച്ചാർജ്ജിനും അപ്പുറം പ്രതിഷേധത്തിന്റെ പുതിയ തലങ്ങളെത്തുകയാണ്. പന്തളത്ത് അയ്യപ്പകർമ്മ സമിതി പ്രവർത്തകന്റെ കല്ലേറിലുള്ള മരണവും പ്രതിഷേധത്തിന് പുതിയ തലം നൽകിയിട്ടുണ്ട്.
പാലക്കാട് വലിയ സംഘർഷമാണ് നടന്നത്. പാലക്കാട്ടു സിപിഐ ജില്ലാ കമ്മിറ്റി ഓഫിസ് അടിച്ചുതകർത്തു. ഡിവൈഎഫ്ഐ, കെ എസ്ടിഎ ജില്ലാ കമ്മിറ്റി ഓഫിസുകൾക്കും വിക്ടോറിയ കോളജ് ഹോസ്റ്റലിനും നേരെ കല്ലെറിഞ്ഞു. മലപ്പുറം തവനൂരിലെ സിപിഎം ലോക്കൽ കമ്മിറ്റി ഓഫിസിനും ആലപ്പുഴ തുറവൂരിലെ സിഐടിയു ഓഫിസ് ഷെഡിനും തീവച്ചു. എറണാകുളം ആലങ്ങാട് ഏരിയ കമ്മിറ്റി ഓഫിസിന്റെയും കൊല്ലം പടിഞ്ഞാറെ കല്ലട ലോക്കൽ കമ്മിറ്റി ഓഫിസിന്റെയും ജനൽച്ചില്ലുകൾ തകർത്തു. 34 പൊലീസുകാർ ആക്രമിക്കപ്പെട്ടതായി സർക്കാർ അറിയിച്ചു. പത്തനംതിട്ടയിലെ പുല്ലാട്ട് കർമസമിതി പ്രകടനത്തിനിടെ എ എസ്ഐ കവിരാജിന്റെ കൈ തല്ലിയൊടിച്ചു. മറ്റ് 5 പൊലീസുകാരും ആശുപത്രിയിലാണ്. സംസ്ഥാനമാകെ 559 കേസുകൾ രജിസ്റ്റർ ചെയ്തു. അക്രമക്കേസുകൾ കൈകാര്യം ചെയ്യാൻ പൊലീസ് 'ബ്രോക്കൺ വിൻഡോ' പദ്ധതി പ്രഖ്യാപിച്ചു.
ശബരിമല കർമസമിതി വ്യാഴാഴ്ച ആഹ്വാനം ചെയ്ത ഹർത്താലിൽ കേരളത്തിൽ പരക്കെ ആക്രമണം നടന്നതോടെ സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ചു അടിയന്തര റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രി പിണറായി വിജയനോടു ഗവർണർ പി.സദാശിവം നിർദ്ദേശിക്കുകയും ചെയ്തു. എല്ലാ വിഭാഗം ജനങ്ങളും സമാധാനം പാലിക്കണമെന്നു ഗവർണർ ആവശ്യപ്പെട്ടു. പ്രതിഷേധക്കാർ നൂറോളം കെഎസ്ആർടിസി ബസുകൾ തകർത്തു. സിപിഎം, ബിജെപി ഓഫിസുകൾക്കും മാധ്യമപ്രവർത്തകർക്കും ഡോക്ടർമാർക്കും നേരെ ആക്രമണമുണ്ടായി. നിരവധി സ്ഥാപനങ്ങളും വീടുകളും വാഹനങ്ങളും തകർക്കപ്പെട്ടു. 559 കേസുകളിലായി 745 പേരെ അറസ്റ്റ് ചെയ്തു. 628 പേരെ കരുതൽ തടങ്കലിലാക്കി. അക്രമങ്ങളിൽ പൊലീസുകാർക്ക് കാഴ്ചകാരായി നിൽക്കാനേ കഴിയുന്നുള്ളൂ. ഹർത്താൽ ദിനത്തിൽ തുറക്കുന്ന കടകൾക്കും റോഡിലിറങ്ങുന്ന വാഹനങ്ങൾക്കും പൊലീസ് സുരക്ഷയൊരുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പ്രഖ്യാപിച്ചിരുന്നു. ഇത് വിശ്വസിച്ച് കട തുറന്നവർക്കെല്ലാം പണി കിട്ടി. മിക്ക കടകളും പ്രതിഷേധക്കാർ അടിച്ചു തകർത്തു. എന്നാൽ സംസ്ഥാനത്തുടനീളം ചില സ്ഥലങ്ങളിൽ ഹർത്താലിനെ മറികടക്കുന്ന സമൂഹ ഇടപടെലും ഉണ്ടായി.
അതിനിടെ അക്രമികളെ അറസ്റ്റ് ചെയ്യാൻ ജില്ലാ പൊലീസ് മേധാവിമാർ പ്രത്യേക സംഘം രൂപീകരിക്കുമെന്നു ഡിജിപി അറിയിച്ചു. ശബരിമലയിലേക്കും മറ്റു ജില്ലകളിലേക്കും പോയ പ്രവർത്തകരെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും ജില്ലകളിലെ സ്പെഷൽ ബ്രാഞ്ച് നടപടി സ്വീകരിക്കും. സംസ്ഥാന സ്പെഷൽ ബ്രാഞ്ചും അക്രമികളുടെ പട്ടിക ജില്ലാ പൊലീസ് മേധാവിമാർക്കു കൈമാറും. അറസ്റ്റിനുള്ള സൗകര്യാർഥം ഇത്തരക്കാരുടെ ഫോട്ടോ ആൽബം തയാറാക്കി ഉദ്യോഗസ്ഥർക്കിടയിൽ പ്രചരിപ്പിക്കും. അക്രമികളുടെയും സംശയിക്കപ്പെടുന്നവരുടെയും മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു ഡിജിറ്റൽ പരിശോധന നടത്തും. സമൂഹമാധ്യമങ്ങളിലൂടെ വർഗീയ, വിദ്വേഷ പ്രചാരണം നടത്തുന്നവർക്കെതിരെ എല്ലാ ജില്ലകളിലും കേസുകൾ രജിസ്റ്റർ ചെയ്യും. ആയുധങ്ങൾ തേടി ആവശ്യമെങ്കിൽ വീടുകളിൽ പരിശോധന നടത്തുമെന്നും ഡിജിപി അറിയിച്ചു.
മാധ്യമ പ്രവർത്തകർക്ക് നേരെ വ്യാപക ആക്രമണം
ഹർത്താലിൽ മാധ്യമപ്രവർത്തകർക്കു നേരെ ആക്രമണം തുടരുകയാണ്. തിരുവനന്തപുരത്ത് ബിജെപി യുവമോർച്ച സെക്രട്ടേറിയറ്റ് മാർച്ചിനിടെ മനോരമ ന്യൂസ് ക്യാമറാമാൻ ജയൻ കല്ലുമല, ഏഷ്യാനെറ്റ് ന്യൂസ് ക്യാമറാമാൻ ബൈജു പി.മാത്യു എന്നിവരെ വളഞ്ഞിട്ടു മർദിച്ചു. ബുധനാഴ്ച ബിജെപി പ്രകടനത്തിനിടെ 2 വനിതകൾ ഉൾപ്പെടെ 5 മാധ്യമപ്രവർത്തകരെയാണ് ആക്രമിച്ചത്.കൊല്ലം ചിന്നക്കടയിൽ ബിജെപി ആർഎസ്എസ് പ്രകടനത്തിനിടെ കല്ലേറിൽ തലയ്ക്കു പരുക്കേറ്റ മംഗളം ഫൊട്ടോഗ്രഫർ ജയമോഹൻ തമ്പിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജനയുഗം ഫൊട്ടോഗ്രഫർ സുരേഷ് ചൈത്രത്തെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.
തൃശൂർ പുതുക്കാട് മനോരമ വാർത്താ പ്രതിനിധി എ.ജെ. ജാക്സന്റെ ക്യാമറ തല്ലിത്തകർത്തു. ചാനൽ ക്യാമറാമാന്മാർക്കെതിരെ കയ്യേറ്റം നടന്നു. തൃശൂർ ടൗണിൽ മാധ്യമം ഫൊട്ടോഗ്രാഫർ ജോൺസൺ വി.ചിറയത്തിനു നേരെ കയ്യേറ്റമുണ്ടായി. ാലക്കാട് ന്യൂസ് 18 റിപ്പോർട്ടർ പ്രസാദ് ഉടുമ്പിശ്ശേരിക്കും ദേശാഭിമാനി ഫൊട്ടോഗ്രഫർ വി.പി. സുജിത്തിനും കല്ലേറിനിടെ പരുക്കേറ്റു. ഡൽഹി കേരള ഹൗസിനു സമീപം സംഘർഷത്തിനിടെ മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി. മുകേഷ്, ന്യൂസ് 18 ക്യാമറാമാന്മാരായ അരുൺ, കെ.പി. ധനേഷ്, രാമരാജൻ, ന്യൂസ് 24 ക്യാമറാമാൻ പി.എസ്. അരുൺ എന്നിവർക്കു മർദനം ഏറ്റു.
കേരള ഹൗസിനു നേരെ കല്ലെറിഞ്ഞെന്ന സംശയിക്കുന്നയാളെ പൊലീസ് പിടികൂടിയെങ്കിലും സമരക്കാർ ബലംപ്രയോഗിച്ചു മോചിപ്പിച്ചിരുന്നു. ഇതിന്റെ ചിത്രം പകർത്താൻ ശ്രമിക്കുന്നതിനിടെയാണു മാധ്യമപ്രവർത്തകർക്കു മർദനമേറ്റത്.
ഹർത്താലിന് പ്രതിരോധ മാതൃകകളും
ഹർത്താലിനെ പ്രതിരോധിച്ച് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും കടകളും സ്ഥാപനങ്ങളും തുറന്നു പ്രവർത്തിച്ചു. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ സർക്കാർ ഓഫിസുകളെല്ലാം പ്രവർത്തിച്ചു. തളിപ്പറമ്പ്, ചൊക്ലി, ചമ്പാട്, മനേക്കര, പന്ന്യന്നൂർ, കരിവെള്ളൂർ, ഓണക്കുന്ന്, പാപ്പിനിശ്ശേരി, കീച്ചിരി ഭാഗങ്ങളിൽ കടകൾ തുറന്നു. ചെമ്പൻതൊട്ടി, മയ്യിൽ മേഖലകളിലെ മുഴുവൻ കടകളും തുറന്നു. പഴയങ്ങാടിയിലും ഹർത്താൽ ബാധിച്ചില്ല. കണ്ണൂർ ആയിക്കരയിലും തളിപ്പറമ്പിലും മത്സ്യമാർക്കറ്റും സജീവമായിരുന്നു.
മലപ്പുറത്ത് ജില്ലാ ആസ്ഥാനത്തെ ഹർത്താൽ ബാധിച്ചില്ല. ചേളാരി ഐഒസി എൽപിജി ബോട്ലിങ് പ്ലാന്റും കാലിക്കറ്റ് സർവകലാശാലയും ഭാഗികമായി പ്രവർത്തിച്ചു. കൊല്ലം ജില്ലയിൽ പള്ളിമുക്ക്, കണ്ണനല്ലൂർ, കടയ്ക്കൽ എന്നിവിടങ്ങളിൽ കടകൾ തുറന്നെങ്കിലും പിന്നീട് അടച്ചു.ആലപ്പുഴ നഗരത്തിൽ വെള്ളക്കിണർ, പുലയൻവഴി, സക്കറിയ ബസാർ എന്നിവിടങ്ങളിൽ കടകൾ ബലമായി അടപ്പിക്കാൻ ശ്രമിച്ചെങ്കിലും പുലയൻവഴിയിലും സക്കറിയ ബസാറിലും വ്യാപാരികൾ സംയുക്തമായി ചെറുത്തുനിന്നു. എറണാകുളം ജില്ലയിൽ ഫർണിച്ചർ വ്യാപാര കേന്ദ്രമായ നെല്ലിക്കുഴിയിൽ ഹർത്താൽ ബാധിച്ചില്ല. പെരുമ്പാവൂർ വല്ലത്തും പുല്ലുവഴിയിലും ഹർത്താൽ ഉണ്ടായില്ല. എറണാകുളം ബ്രോഡ്വേയിൽ ഏതാനും കടകൾ തുറന്നു.
കൊച്ചി വിമാനത്താവളത്തിനു സമീപം ഏതാനും കടകൾ തുറന്നു പ്രവർത്തിച്ചു. കോട്ടയം ജില്ലയിൽ കുറവിലങ്ങാട്, ഈരാറ്റുപേട്ട മേഖലകളിൽ കടകൾ ഉൾപ്പെടെ തുറന്നു. തിരുവനന്തപുരത്ത് പൊഴിയൂരിനേയും ഹർത്താൽ ബാധിച്ചില്ല. 'ഹർത്താലിനെതിരെ വ്യാപാരികളുടെ കൂട്ടായ്മയുടെ തുടക്കം വിജയമായെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയും വിലയിരുത്തുന്നു. 2019 ഹർത്താൽ വിരുദ്ധ വർഷമായി ആചരിക്കാൻ തീരുമാനിച്ച ശേഷമുള്ള ആദ്യഹർത്താലാണ് ഇന്നലെ നടന്നത്.