- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മെൻസ ലിസ്റ്റിൽ കയറി എട്ടുവയസ്സുകാരനായ ഒരു ഇന്ത്യൻ ബാലൻ കൂടി; യുകെയിലെ ഏറ്റവും ബുദ്ധിയുള്ള പയ്യനായി മാറിയ മുംബൈക്കാരന്റെ മാതാപിതാക്കൾ യുകെയിൽ എത്തിയിട്ട് ഒമ്പതുവർഷം തികഞ്ഞില്ല
ലണ്ടൻ: ബുദ്ധിയുടെ അളവുകോലായാണ് മെൻസയിലിടം നേടുന്നതിനെ വിശേഷിപ്പിക്കുന്നത്. ഈ നേട്ടം കൈവരിച്ച് ഇന്ത്യൻ വംശജരായ കുട്ടികളേറെയാണ്. ഏറ്റവുമൊടുവിൽ ആരവ് അജയ്കുമാർ എന്ന എട്ടുവയസ്സുകാരനും ഐക്യു പരിശോധനയിൽ മുന്നിലെത്തിയിരിക്കുന്നു. ഐക്യു പരിശോധനയിൽ 152 രേഖപ്പെടുത്തിയാണ് ആരവ് മെൻസ ലിസ്റ്റിൽ ഇടം പിടിച്ചത്.
ലെസ്റ്ററിലാണ് ആരവും കുടുംബവും താമസിക്കുന്നത്. മുംബൈയിൽനിന്ന് 2009-ൽ ബ്രിട്ടനിലെത്തിയതാണ് ആരവിന്റെ മാതാപിതാക്കൾ. ആരവ് കുട്ടിക്കാലം മുതൽക്കെ വലിയ ബുദ്ധിശക്തി കാണിച്ചിരുന്നു. രണ്ടാം വയസ്സിൽത്തന്നെ 1000 വരെ എണ്ണാൻ ആരവിന് കഴിഞ്ഞിരുന്നെന്ന് മാതാപിതാക്കൾ പറയുന്നു. മാത്തമാറ്റിക്കൽ അസോസിയേഷൻ നടത്തിയ പ്രൈമറി മാത്തമാറ്റിക്‌സ് ചലഞ്ചിൽ സ്‌കൂളിൽ ഏറ്റവും ഉയർന്ന മാർക്കുനേടാനും ഈ മിടുക്കനായി.
തനിക്കേറ്റവും ഇഷ്ടപ്പെട്ട വിഷയം കണക്കാണെന്ന് ആരവ് പറയുന്നു. ഒരേയൊരു ശരിയുത്തരം മാത്രമേയുള്ളൂവെന്നതുകൊണ്ടാണ് തനിക്ക് ഗണിതത്തോട് ഏറെയിഷ്ടമെന്നും ആരവ് പറയുന്നു. മെൻസ ടെസ്റ്റിനിരുന്നപ്പോൾ തനിക്ക് പരിഭ്രമമുണ്ടായിരുന്നുവെന്നും അവൻ പറഞ്ഞു. എന്നാൽ, പരീക്ഷ വളരെ ലളിതമായിരുന്നുവെന്ന് അവൻ പറഞ്ഞു. ചെസ്സാണ് ആരവിന്റെ മറ്റൊരു ഇഷ്ടവിനോദം. ചെസ് ഗ്രാന്റ് മാസ്റ്ററാകണമെന്ന മോഹവും ആരവ് സൂക്ഷിക്കുന്നു.
റേഡിയോളജിസ്റ്റാണ് ആരവിന്റെ അമ്മ വർഷ അജയ്കുമാർ. മുംബൈ അന്ധേരിയിലെ അഡ്വാൻസ്ഡ് റേഡിയോളജി സെന്ററിൽ ജോലി ചെയ്തുകൊണ്ടിരിക്കെയാണ് വർഷയും ഭർത്താവ് അജയ് കുമാർ മാളിയേക്കലും ലണ്ടനിലെത്തിയത്. പ്രൈമറി മാത്‌സ് ചലഞ്ചിൽ ആരവിന് ഉയർന്ന മാർക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് വർഷ പറഞ്ഞു. മുതിർന്ന ക്ലാസുകളിലെ കുട്ടികൾക്കായി നടത്തുന്ന പരീക്ഷയാണിത്. ആരവിന്റെ ബുദ്ധിശക്തി മനസ്സിലാക്കിയ സ്‌കൂൾ അധികൃതർ അവനെ പരീക്ഷയ്ക്കിരുത്തുകയായിരുന്നു.
ആരവിന്റെ അസാധാരണമായ ബുദ്ധിശക്തി ആരിൽനിന്ന് കിട്ടിയതാണെന്ന് അറിയില്ലെന്ന് വർഷ പറഞ്ഞു. സംഖ്യകളായിരുന്നു കുട്ടിയായിരിക്കുമ്പോൾ മുതൽ ആരവിന്റെ ഇഷ്ടവിഷയം. കൂട്ടൂകാരുമൊത്ത് കളിക്കാൻ പോകാറുണ്ടെങ്കിലും, കണക്കുകൾ ചെയ്യുന്നതിലാണ് കൂടുതൽ താത്പര്യം. പുസ്തകങ്ങളിൽ അടയിരിക്കാൻ അനുവദിക്കാതെ, കുട്ടിക്കാലം ആസ്വദിച്ച് വളരാനാണ് ആരവിനെ പ്രേരിപ്പിക്കുന്നതെന്നും വർഷ പറഞ്ഞു.
മറുനാടന് ഡെസ്ക്