- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യമെത്തിയ ലിബിക്ക് പത്തനംതിട്ടയിൽ നിന്ന് മടങ്ങേണ്ടി വന്നു; രണ്ടാമത് ഭക്തർ തുരത്തിയത് ആന്ധ്രാക്കാരി മാധവിയെ; ന്യൂയോർക് ടൈംസ് ലേഖിക സുഹാസിനി രാജിനും ദൗത്യം പൂർത്തിയാക്കാനായില്ല; നടപ്പന്തലിൽ വരെ എത്തി മടങ്ങേണ്ടി വന്നത് രഹ്ന ഫാത്തിമയ്ക്കും കവിതയ്ക്കും; പൊലീസിനാൽ തടയപ്പെട്ട് മേരി സ്വീറ്റിയും ബാലമ്മയും കൂട്ടരും; പാഴായി പോയ 12 പരിശ്രമങ്ങൾക്കൊടുവിൽ എല്ലാവരുടേയും കണ്ണ് വെട്ടിച്ച് കനകദുർഗ്ഗയും ബിന്ദുവും സോപാനത്തെത്തിയപ്പോൾ വഴിമാറിയത് ശബരിമലയുടെ ചരിത്രം
പത്തനംതിട്ട: വിശ്വാസികൾ തെരുവിൽ ഇറങ്ങുമ്പോഴും സർക്കാർ തിരുത്തിയത് ചരിത്രമാണ്. ആരുമറിയാതെ കനകദുർഗയേയും ബിന്ദുവിനേയും അവർ സന്നിധാനത്ത് എത്തിച്ചു. കോഴിക്കോട് കൊയിലാണ്ടിയിൽ നിന്നുള്ള 42 കാരി ബിന്ദുവും മലപ്പുറത്തെ അങ്ങാടിപ്പുറത്ത് നിന്നുള്ള 44 കാരി കനകദുർഗ്ഗയുമാണ് ഇന്ന് പുലർച്ചെ അയ്യപ്പനെ ദർശിച്ച് പുതിയ ചരിത്രമെഴുതി. സുപ്രീംകോടതിയുടെ യുവതി പ്രവേശന വിധി ശബരിമലയിൽ അങ്ങനെ നടപ്പായി. സ്ത്രീകൾക്ക് തുല്യ ആരാധനാസ്വാതന്ത്ര്യം നൽകി ശബരിമലയുടെ കാര്യത്തിൽ നിർണ്ണായക വിധി സുപ്രീംകോടതി പുറപ്പെടുവിച്ചത് സെപ്റ്റംബർ 28 നായിരുന്നു. ഭക്തരുടെ പ്രതിരോധമതിൽ തകർത്ത് ആർക്കും എത്താനാകില്ലെന്ന് വിലയിരുത്തലെത്തിയപ്പോൾ ഓപ്പറേഷൻ കനകദുർഗയുമായി കേരളാ പൊലീസ് എത്തി. ഇനി സുപ്രീംകോടതിയിൽ സർക്കാരിന് തല ഉയർത്തി വിധി നടപ്പാക്കിയെന്ന് തുറന്ന് പറയാം.
കന്നി അയ്യപ്പന്മാർ ദർശനം നടത്താതിരിക്കും വരെ ശബരിമലയിൽ പത്തിനും 50 നും ഇടയിൽ പ്രായക്കാരായ സ്ത്രീകൾ പ്രവേശിക്കാൻ ആകില്ലെന്നതായിരുന്നു ശബരിമലയിലെ ഐതീഹ്യം. ഈ ഐതീഹ്യമാണ് ബിന്ദുവും കനക ദുർഗയും തിരുത്തിയത്. ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തിദേശയായിയായിരുന്നു ശബരിമലയിൽ പ്രവേശനത്തിനായി എത്തി തിരിഞ്ഞോടേണ്ടി വന്ന മറ്റൊരാൾ. നവംബർ 16 ന് കേരളത്തിൽ എത്തിയ അവരെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും ഇറങ്ങാൻ പോലും പ്രതിഷേധക്കാർ അനുവദിച്ചില്ല. ഒരു പകൽ മുഴുവനും വിമാനത്താവളത്തിൽ കഴിഞ്ഞ അവർ ഒടുവിൽ ശബരിമലയിൽ കയറാൻ വന്ന മറ്റുള്ളവരുമായി മടങ്ങി. ശബരിമല പ്രവേശനത്തിനായി എത്തിയ നാലു ഭിന്നലിംഗക്കാരെ പൊലീസ് തിരിച്ചയച്ചത് വിവാദമായി. പൊലീസ് അപമാനിച്ചെന്നും പുരുഷന്മാരെ പോലെ വസ്ത്രം ധരിച്ച് ക്ഷേത്രത്തിൽ എത്താനും ആവശ്യപ്പെട്ടതായി ഇവർ പറഞ്ഞു. പിന്നീട് പൊലീസിന്റെ നിർദ്ദേശം അംഗീകരിച്ച ഇവരെ രണ്ടു ദിവസം കഴിഞ്ഞു വന്നപ്പോൾ ദർശനത്തിന് അധികൃതർ അനുവദിക്കുകയായിരുന്നു.
50 വയസ്സിൽ താഴെയും 10 വയസ്സിന് മുകളിലും പ്രായത്തിലുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം തടയുന്ന പാരമ്പര്യത്തിന് തടയിട്ടു ഭരണഘടനാബഞ്ചായിരുന്നു വിധി പുറപ്പെടുവിച്ചത്. വിധിക്ക് പിന്നാലെ ശബരിമല പ്രവേശനത്തിനായി എത്തുന്ന യുവതികൾക്ക് സംരക്ഷണം നൽകുമെന്ന് കേരളാ സർക്കാർ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ പുത്തരിക്കണ്ടം പ്രസംഗം ഏറെ ചർച്ചയായി. മണ്ഡലകാലത്ത് 30 ലധികം യുവതികളാണ് ശബരിമല കയറാനെത്തിയത്. എല്ലാവർക്കും വിശ്വാസികളുടെ പ്രതിരോധത്തെ തുടർന്ന് മടങ്ങേണ്ടി വന്നു. വ്രതാനുഷ്ഠാനങ്ങളോടെ ഭക്തർ മലകയറുന്ന മണ്ഡലകാലത്തിനായി നട തുറന്നപ്പോൾ ആദ്യം ശബരിമല പ്രവേശനത്തിനായി എത്തിയത് ചേർത്തല സ്വദേശിനിയും മാധ്യമപ്രവർത്തകയുമായിരുന്ന ലിബിയായിരുന്നു. ഒക്ടോബർ 15 ന് പത്തനംതിട്ടയിലെ പുതിയ ബസ് സ്റ്റാന്റിൽ എത്തിയ ഇവർ അവിടെ തടയപ്പെടുകയും കനത്ത പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ പിന്തിരിയേണ്ടിയും വന്നു. ഇവർ നിരീശ്വരവാദ സംഘടനയുടെ സജീവ പ്രവർത്തകയുമായിരുന്നു.
പിന്നാലെ ആന്ധ്രാക്കാരി മാധവി എന്ന 40 കാരിയാണ് അടുത്തനീക്കം നടത്തിയത്. ഒക്ടോബർ 17 ന് ഇവരെ ഭക്തർ കയ്യേറ്റത്തോടെ മടക്കിയയച്ചു. മാതാപിതാക്കൾക്കും കുട്ടികൾക്കും ഒപ്പം പൊലീസ് അകമ്പടിയിൽ പമ്പ വരെ എത്തിയ ഇവർ പ്രതിഷേധത്തെ തുടർന്ന് സ്വയം പിന്മാറി. ന്യൂയോർട്ട് ടൈംസിന്റെ മാധ്യമപ്രവർത്തക സുഹാസിനി രാജാണ് അതിന് ശേഷം തിരിച്ചയയ്ക്കപ്പെട്ടത്. ഒക്ടോബർ 17 ന് പമ്പാഗേറ്റ്വേ മറികടന്നെങ്കിലും പ്രതിഷേധക്കാർ അക്രമാസക്തമായ സാഹചര്യത്തിൽ ഇവർക്കും സഹപ്രവർത്തകനും മടങ്ങിപ്പോകേണ്ടി വന്നു. വിശ്വാസി എന്ന നിലയിലല്ല മാധ്യമപ്രവർത്തക എന്ന നിലയിലാണ് ഇവർ ശബരിമലയിൽ എത്തിയത്. പിന്നെ മാധ്യമ പ്രവർത്തകയായ കവിതാ രാജും രഹ്നാ ഫാത്തിമയും. ഹൈദരാബാദുകാരിയായ മൊബൈൽ ജർണലിസ്റ്റ് കവിതാ ജക്കാളും രഹനാ ഫാത്തിമയും നേരിട്ടത് വലിയ പ്രതിഷേധം. വിശ്വാസികളുടെ പ്രതിഷധത്തിന് ഇരയായതിന് പുറമേ രഹ്നാ ഫാത്തിമ മതവികാരം വ്രണപ്പെടുത്തിയതിന് പത്തനംതിട്ട പൊലീസിന്റെ കേസിലും കുടുങ്ങി.
തിരുവനന്തപുരം കഴക്കൂട്ടംകാരി മേരിസ്വീറ്റിയുടേതായിരുന്നു അടുത്ത ശ്രമം. അവരെ പൊലീസ് തടഞ്ഞു. പിന്നീട് ദർശനത്തിനായി എത്തിയ ആറു സ്ത്രീകൾ തടയപ്പെടുന്നു. വിശ്വാസികളുടെ പ്രതിരോധമായിരുന്നു ഇവിടെയും പ്രശ്നം. നടപ്പന്തൽ വരെ എത്തിയ ആന്ധ്രയിൽ നിന്നുള്ള 47 കരി ബാലമ്മയ്ക്ക് പതിനെട്ടാം പടിയിലേക്ക് എത്തപ്പെടാനായില്ല. ശരണം വിളികളോടെ അവരെ സന്നിധാനത്ത് ഉണ്ടായിരുന്ന വിശ്വാസികൾ തടഞ്ഞു. അതിന് മുമ്പ് ബന്ധുക്കൾക്കൊപ്പം ശബരിമലയിൽ എത്തിയ 40 കളിൽ പ്രായമുള്ള രണ്ടു സ്ത്രീകളെയും പ്രതിഷേധക്കാർ തടഞ്ഞിരുന്നു. പൊലീസ് ഇവരുമായി പിന്നീട് സംസാരിക്കുകയും ശബരിമലയിൽ ആചാരങ്ങൾ അറിയില്ലായിരുന്നെന്ന് പറഞ്ഞ് അവർ പിന്തിരിയുകയും ചെയ്തിരുന്നു.
തമിഴ്നാട്ടിലെ മനീതി മൻട്രത്തിന് കീഴിൽ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളിൽ നിന്നും വന്ന വനിതാവിമോചന പ്രവർത്തകർക്കും കയറാനായില്ല. ചെന്നൈ യിൽ നിന്നും എത്തിയ 11 സ്ത്രീകൾക്ക് പമ്പയിൽ നിന്നും 100 മീറ്റർ മാത്രമാണ് മലകയറാൻ കഴിഞ്ഞത്. പ്രതിഷേധത്തെ തുടർന്ന് ആദ്യശ്രമം ഉപേക്ഷിക്കാൻ നിർബ്ബന്ധിതമായി. വീണ്ടും ശ്രമം നടത്തിയെങ്കിലും പൊലീസ് പിന്തിരിപ്പിച്ചെന്ന് ഇവർ ആരോപിച്ചു. എല്ലാം മനസ്സിലാക്കി കേരളാ ദളിത് മഹിളാ ഫെഡറേഷൻ പ്രസിഡന്റ് ബിന്ദുവും ശബരിമല പ്രവേശനത്തിനായി കെട്ടുംകെട്ടി യാത്ര തിരിച്ചു. എന്നാൽ പമ്പവരെ എത്താനേ കഴിഞ്ഞുള്ളൂ. പ്രതിഷേധക്കാരുടെ മുഷ്ടിക്ക് മുന്നിൽ യാത്ര മതിയാക്കി അവരും മടങ്ങി
ആദ്യം പൊലീസ് സംരക്ഷണം ആവശ്യപ്പെടാതെ പമ്പയിൽ നിന്നും മലകയറിയ ഇവർക്ക് പൊലീസ് സംരക്ഷണം നൽകുകയും വലിയ വാർത്തയായി മാറിയതോടെ മാർഗ്ഗമദ്ധ്യേ അയ്യപ്പന്മാർ വഴിയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ മലയിറങ്ങേണ്ടിയും വന്നു. തങ്ങൾ സന്ദർശിച്ചേ മടങ്ങൂ എന്ന് ഇവർ നിർബ്ബന്ധം പിടിച്ചെങ്കിലും സുരക്ഷയെ കരുതി പൊലീസ് ഇവരെ തിരിച്ചയച്ചു. ഇതിനിടയിൽ കനകദുർഗയ്ക്ക് ശാരീരിക അസ്വസ്ഥത ഉണ്ടാവുകയും പൊലീസ് ഇവരെ താങ്ങിയെടുത്ത് മലയിറങ്ങുകയുമായിരുന്നു.ശബരിമല വിഷയം മുൻനിർത്തി ഇടതുപക്ഷം പുതുവർഷദിനത്തിൽ സംഘടിപ്പിച്ച വനിതാമതിലിന് പിന്നാലെ ശബരിമലയിൽ ചരിത്രം വഴിമാറി.
ജനുവരി 2 ന് പുലർച്ചെ പൊലീസ് സംരക്ഷണത്തിലൂടെ ശബരിമല ദർശനം നടത്തി കനകദുർഗയും ബിന്ദുവും പതിനെട്ടാംപടി ചവിട്ടുന്ന ആദ്യ യുവതികളായി.