- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
യാത്രക്കാർക്ക് ആവശ്യമുള്ള സമയത്ത് ശാസ്ത്രീയമായി ബസ് ഓടിച്ചാൽ വരുമാനം കൂടുമെന്ന തച്ചങ്കരി തിയറി സക്സസ്; കെഎസ്ആർടിസിയുടെ ദിവസവരുമാനം 8 കോടിയായി ഉയർന്നു; കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വരുമാനം കിട്ടിയത് ഡിസംബർ 31 ന്; ഡീസൽ, ടയർ ചെലവും കുറയുന്നു; പല ഇനങ്ങളിലായി 57 ലക്ഷം രൂപ ചെലവ് കുറഞ്ഞതോടെ കോർപറേഷന് പുതുവർഷത്തിൽ പ്രതീക്ഷകളുടെ വേലിയേറ്റം
തിരുവനന്തപുരം: കഴിഞ്ഞ വർഷം കെഎസ്ആർടിസിക്ക് ഏറെ പരീക്ഷണങ്ങളുടേതായിരുന്നു. പ്രളയവും, തൊഴിലാളി സമരവും അടക്കം പല കാരണങ്ങളും ഇതിന് വഴിവച്ചു. കോർപറേഷനെ കരകയറ്റാനുള്ള സിഎംഡി ടോമിൻ തച്ചങ്കരിയുടെ പരിശ്രമങ്ങൾ പാഴായില്ലെങ്കിലും ഭാഗികവിജയം മാത്രമാണ് കണ്ടത്. കോർപറേഷന്റെ വരുമാനം ദിവസം 8 കോടിയോളം രൂപയായി ഉയർന്നുവെന്നതാണ് പുതുവത്സരത്തിലെ സന്തോഷവാർത്ത. കഴിഞ്ഞ വർഷത്തെ ഏറ്റവും കൂടിയ വരുമാനമായ 7.95 കോടി ഇന്നലെ രേഖപെടുത്തി.
ഡിസംബർ 16 നാണ് 3128 എംപാനലുകാരെ പിരിച്ചുവിട്ടത്. പകരം പിഎസ്സി വഴി നിയമിതരായ 1400 ഓളം കണ്ടക്ടർമാർ പരിശീലനത്തിലാണ്. ഇവർ ബസുകളിൽ ഡ്യൂട്ടി ചെയ്തുതുടങ്ങിയിട്ടില്ല. എന്നിരുന്നാലും കെഎസ്ആർടിസിയുടെ വരുമാനം പ്രതിദിനം കൂടി വരുന്ന പ്രവണതയാണ് കാണുന്നതെന്ന് തച്ചങ്കരി അറിയിച്ചു. ഡീസൽ, ടയർ എന്നിവയുടെ ചെലവും കുറയുന്നു. ദിവസവും 3.5 കോടി ഡീസലിനായി ചെലവാകുന്നിടത്ത് ഇന്നലെ ചെലവായത് 2.63 കോടി മാത്രമായിരുന്നു.
ശബരിമല സ്പെഷ്യൽ സർവീസ് കാരണമാണ് വരുമാനം കൂടിയതെന്ന വാദത്തിൽ കഴമ്പില്ല. 2018 നവംബർ 16 മുതലാണ് ശബരിമല സീസൺ തുടങ്ങിയത്. എം പാനൽ കണ്ടക്ടർമാരെ ഒഴിവാക്കിയത് ഒരുമാസത്തിന് ശേഷമാണ്. പിരിച്ചുവിടലിന് ശേഷം പല വിഭാഗങ്ങളിലായി പ്രതിദിനം 56.63 ലക്ഷം രൂപ ചെലവ് കുറഞ്ഞിട്ടുണ്ട്. ഡീസലിന് 37.61 ലക്ഷം രൂപ, ടയർ, സ്പെയർ പാർട്സ്-5.7 ലക്ഷം, ശമ്പളം 13.26 ലക്ഷം രൂപ എന്നിങ്ങനെയാണ് ചെലവ് കുറഞ്ഞത്.
സർവീസ് ഓപ്പറേഷൻ ക്രമീകരിച്ചതിലൂടെ, ദിവസം 38.69 ലക്ഷം രൂപ പ്രവർത്തന ചെലവിനത്തിൽ കുറവ് വന്നു. അതായത് ഷെഡ്യൂളുകൾ കുറഞ്ഞപ്പോഴും ഒരുമാസം 12 കോടിയുടെ അധിക വരുമാനം കിട്ടി. ദിവസം 661 ബസുകൾ ഓടാതിരുന്നപ്പോഴും, രണ്ടുലക്ഷം കിലോമീറ്റർ സർവീസ് കുറഞ്ഞപ്പോഴും കളക്ഷൻ കൂടുകയാണ്. ഇതോടെ ജീവനക്കാരുടെ എണ്ണമോ, സർവീസുകളുടെ എണ്ണക്കൂടുതലോ അല്ല, മറിച്ച് യാത്രക്കാർക്ക് ആവശ്യമുള്ള സമയത്ത് ശാസ്ത്രീയമായി ബസ് ഓടിക്കുന്നതിലാണ് വരുമാനം കൂടുന്നതെന്ന് തെളിഞ്ഞതായി തച്ചങ്കരി പറഞ്ഞു.
അതേസമയം, പിരിച്ചുവിട്ട എംപാനൽ കണ്ടക്ടർമാരിൽ ഭൂരിപക്ഷം പേരും അവരുടെ ടാഗോ, ഐഡന്റിറ്റി കാർഡോ തിരിച്ച് ഏൽപ്പിക്കുകയോ, ജോലിയിൽ നിന്ന് മാറ്റി നിർത്തിയതായ ഉത്തരവ് കൈപ്പറ്റുകയോ ചെയ്തിട്ടില്ല. ഇത്തരക്കാർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്ന് സിഎംഡി എല്ലാ യൂണിറ്റ്/ മേഖലാ അധികാരികൾക്കും നിർദ്ദേശം നൽകി. തിരിച്ചറിയൽ കാർഡ് ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയാൽ അവ പിൻവലിക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇവരുടെ ഡിസംബർ മാസത്തെ ശമ്പളം കുറവില്ലാതെ വിതരണം ചെയ്തിട്ടുണ്ട്.
കണ്ടക്ടർമാരുടെ ദൗർലഭ്യമാണ് കെഎസ്ആർടിസി നേരിടുന്ന വലിയ പ്രതിസന്ധി. ഇപ്പോൾ ഡ്രൈവർ കം കണ്ടക്ടർമാരായി നിരവധി പേർ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്.കോർപറേഷന് ആവശ്യത്തിൽ കൂടുതൽ ഡ്രൈവർമാരുള്ള സാഹചര്യത്തിൽ ഇവരെ കണ്ടക്ടർമാരായി നിയമിച്ച് പരമാവധി സർവീസുകൾ ഓപ്പറേറ്റ് ചെയ്യാനും തച്ചങ്കരിയുടെ നിർദ്ദേശമുണ്ട്.