- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രഖ്യാപിച്ചത് 30 ലക്ഷം വനിതകളുടെ പങ്കാളിത്തം; പ്രതീക്ഷിക്കുന്നത് 50 ലക്ഷം വനിതകളും സംരക്ഷണ മതിൽ തീർക്കാൻ അത്രയും പുരുഷന്മാരും; കാസർകോട് മുതൽ തിരുവനന്തപുരം വരെ ഇടമുറിയാതെ വനിതകളെ ഇറക്കാൻ ഒരുക്കങ്ങൾ തകൃതിയിൽ; സർക്കാർ ഓഫീസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കില്ല; തൊഴിലുറപ്പുകാരും പണിക്കിറങ്ങില്ല: ഇന്ന് നാല് മണിക്ക് കേരളം കൈക്കോർക്കുമ്പോൾ
തിരുവനന്തപുരം: ഇന്ന് വൈകുന്നേരം നാല് മണിയോടെ കേരളത്തിന്റെ തെരുവോരങ്ങൾ വനിതകൾ കൈയടക്കും. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാനും സ്ത്രീസമത്വം ഉറപ്പാക്കാനും ലക്ഷ്യമിട്ട് ഇടതു സർക്കാറും സാമുദായി സംഘടനകളും ചേർന്ന് സംഘടിപ്പിക്കുന്ന വനിതാ മതിൽ ഇന്ന് വൈകീട്ട് നടക്കും. മതിൽ വൻ വിജയമാക്കാനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിക്കഴിഞ്ഞു. സിപിഎമ്മിന്റെ ശക്തിപ്രകടനത്തിനൊപ്പം ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള പ്രചരണ കേളികൊട്ടായി ഈ സർക്കാർ പരിപാടിയെ മാറ്റാനാണ് ശ്രമം. അതിനുള്ള ഊർജ്ജിത ശ്രമങ്ങളാണ് എങ്ങും നടക്കുന്നത്.
കാസർകോട് പുതിയ ബസ് സ്റ്റാൻഡ് മുതൽ തിരുവനന്തപുരം വെള്ളയമ്പലത്തെ അയ്യൻകാളി പ്രതിമയ്ക്കു മുന്നിൽ വരെ ദേശീയപാതയിൽ 620 കിലോമീറ്റർ ദൂരമാണു മതിൽ തീർക്കുന്നത്. ഇതിനു വേണ്ടതു 30 ലക്ഷം പേരാണെങ്കിലും 50 ലക്ഷം വനിതകൾ പങ്കെടുക്കുമെന്നാണു നേതാക്കളുടെ പ്രതീക്ഷ. ഇത്രയും ആളുകളെ അണിചേർക്കാൻ വേണ്ടി സർക്കാർ സംവിധാനങ്ങളെല്ലാം ഉപയോഗിച്ചിട്ടുണ്ട്.
ഉച്ച കഴിഞ്ഞു മൂന്നിനു വഴിയരികിൽ വനിതകൾ തോളോടുതോൾ ചേർന്നുനിൽക്കണം. തിരുവനന്തപുരത്തു നിന്നു കാസർകോട്ടേക്കുള്ള ദിശയിൽ റോഡിന്റെ ഇടതുവശത്താകും മതിൽ. കാസർകോട്ടു മന്ത്രി കെ.കെ. ശൈലജ ആദ്യകണ്ണിയും തിരുവനന്തപുരത്തു സിപിഎം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട് അവസാന കണ്ണിയുമാകും. മതിലിന് അഭിമുഖമായി ഐക്യദാർഢ്യമറിയിച്ച് പുരുഷന്മാരും അണിനിരക്കും. 3.30 നു ട്രയൽ. നാലിനു വനിതാ മതിൽ രൂപപ്പെടുന്നതോടെ പ്രതിജ്ഞ. ഇതടക്കം ആകെ 15 മിനിറ്റാകും അണിനിരക്കുക. തുടർന്നു പ്രധാന കേന്ദ്രങ്ങളിൽ പൊതുയോഗം.
വിവിധ ജില്ലകളിലൂടെ മതിൽ ഇങ്ങനെ: കാസർകോട് പുതിയ ബസ് സ്റ്റാൻഡ് കാലിക്കടവ് മാഹി അഴിയൂർ രാമനാട്ടുകര ഐക്കരപ്പടി പെരിന്തൽമണ്ണ പുലാമന്തോൾ ചെറുതുരുത്തി അങ്കമാലി പൊങ്ങം അരൂർ ഓച്ചിറ കടമ്പാട്ടുകോണം തിരുവനന്തപുരം വെള്ളയമ്പലം. വെള്ളയമ്പലത്ത് മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ എന്നിവരും മറ്റു ജില്ലാ ആസ്ഥാനങ്ങളിൽ മറ്റു വിവിധ മന്ത്രിമാരും പൊതുയോഗങ്ങളിൽ പ്രസംഗിക്കും.
സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചും മതിൽ വിജയിപ്പിക്കും.
വനിതാ മതിൽ വിജയിപ്പിക്കാനായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, കോഴിക്കോട്, കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ ഒന്ന് മുതൽ പത്താം ക്ലാസ് വരെയുള്ളവർക്കാണം അവധി പ്രഖ്യാപിച്ചത്. അതേസമയം കാസർകോട് 1-7 ക്ലാസുകൾക്കും അവധി നൽകി. ജില്ലകളിൽ ഇന്ന് ഉച്ചയ്ക്കു ശേഷം അവധി. ഇടുക്കി, കോഴിക്കോട്, കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ 19നു പകരം ക്ലാസ് ഉണ്ടാകും.
ഗതാഗത തടസ്സം വിലയിരുത്തിയ ശേഷം സ്കൂളുകൾ പ്രവർത്തിക്കണോ എന്നു പ്രധാനാധ്യാപകർ തീരുമാനിക്കണമെന്ന് അഡീഷനൽ ഡിപിഐ അറിയിച്ചു. കോട്ടയം ജില്ലയിൽ ഗതാഗതക്കുരുക്കിനുള്ള സാധ്യത പരിശോധിച്ച് ഉച്ചയ്ക്കുശേഷം നിയന്ത്രിത അവധി നൽകാനുള്ള ചുമതല എഇഒമാർക്ക് നൽകി. സ്കൂളുകൾക്കു സ്വയം തീരുമാനിച്ച് ഉച്ചയ്ക്കുശേഷം അവധി നൽകാമെന്നു കൊല്ലം ഡിഡിഇ. കോഴിക്കോട്ട് ആദ്യം ദിവസം മുഴുവൻ അവധി പ്രഖ്യാപിച്ച ഡിഡിഇ പിന്നീട് ഉത്തരവ് തിരുത്തുകയുണ്ടായി.
അതേസമയം വനിതാ മതിലിൽ വിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സ്ഥാപനങ്ങളിലെയും വനിതാ ജീവനക്കാർ പങ്കെടുക്കണമെന്ന ആലപ്പുഴ ഡിഡിഇയുടെ സർക്കുലർ വിവാദത്തിൽ. ആരെയും നിർബന്ധിക്കരുതെന്നു സർക്കാർ ആവർത്തിച്ചു വ്യക്തമാക്കുമ്പോഴാണു ഡിഇഒമാർക്കും എഇഒമാർക്കും ഇത്തരത്തിലുള്ള സർക്കുലർ. ഹൈക്കോടതി നിർദേശത്തിന്റെയും ലംഘനമാണിതെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ അദ്ധ്യാപക സംഘടനയായ കെപിഎസ്ടിഎ പൊതുവിദ്യാഭ്യാസ ഡയറക്ടർക്കു പരാതി നൽകി. ഡിഡിഇയുടെ നിർദ്ദേശം വ്യാഖ്യാനിക്കുന്നതിന്റെ വ്യത്യാസമാണിതെന്നു മന്ത്രി ജി.സുധാകരൻ പ്രതികരിച്ചു. ആരെയും നിർബന്ധിക്കുന്നില്ല. അത് അറിയിപ്പാണെന്നും മന്ത്രി പറഞ്ഞു.
സർക്കാർ ജീവനക്കാരും പങ്കെടുക്കാൻ നിർദ്ദേശം
വനിതാ മതിലിൽ പങ്കെടുക്കാൻ സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കും മേൽ സമ്മർദ്ദം. ഓഫിസ്, സ്കൂൾ പ്രവർത്തനത്തെ ബാധിക്കുമെന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. ഹാജർ രേഖപ്പെടുത്തിയ ശേഷം വനിതാമതിൽ തീർക്കാൻ പോകണമെന്നാണ് ഓഫിസ് മേധാവികൾ ജീവനക്കാർക്കു നൽകിയിരിക്കുന്ന നിർദ്ദേശം. ഓഫിസ് മേധാവികൾക്ക് ആളെ നിറയ്ക്കാനുള്ള ഇടം നിശ്ചയിച്ചു നൽകിയിട്ടുണ്ട്. നിർദ്ദേശം പാലിക്കുന്നോ എന്നു നിരീക്ഷിക്കാൻ ഭരണപക്ഷ അനുകൂല സംഘടനകളുമുണ്ട്. മതിലിൽ പങ്കെടുക്കാത്ത സർക്കാർ ജീവനക്കാർക്കും അദ്ധ്യാപകർക്കുമെതിരെ നടപടിയുണ്ടാകുമെന്ന ഭീഷണിയുമുണ്ട്.
വനിതാമതിലിൽ തദ്ദേശ സ്ഥാപനങ്ങളിലെയും ഓഫിസുകളിലെയും ജീവനക്കാരുടെ ചുമതല നിശ്ചയിച്ചുകൊണ്ട് കോഴിക്കോട് കലക്ടർ ഉത്തരവ് പുറത്തിറക്കി. ഓരോ സ്ഥലത്തും പങ്കെടുക്കുന്ന വനിതകളുടെ എണ്ണവും സംഘാടന ചുമതലയുള്ള ഉദ്യോഗസ്ഥന്റെ പേരും മൊബൈൽ നമ്പറും ഉത്തരവിലുണ്ട്. എല്ലാ വനിതാ ജീവനക്കാരെയും മെഡിക്കൽ, പാരാ മെഡിക്കൽ, ഫാർമസി വിദ്യാർത്ഥിനികൾ, പിജി വിദ്യാർത്ഥിനികൾ, സീനിയർ റസിഡന്റുമാർ എന്നിവരെയും വനിതാ മതിലിൽ പങ്കെടുപ്പിക്കണമെന്നു നിർദേശിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പലും ഉത്തരവിറക്കി.
ക്യാംപെയ്നുമായി ബന്ധപ്പെട്ടു യോഗങ്ങൾ ചേരാത്ത വകുപ്പുകൾ അടിയന്തരമായി യോഗങ്ങൾ ചേരണം. കല്ലംപള്ളി മുതൽ ചാവടിമുക്ക് വരെയുള്ള സ്ഥലത്താണു കാര്യാലയത്തിലുള്ളവർ നിൽക്കേണ്ടതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. വാഹനം പുറപ്പെടുന്ന സ്ഥലവും സമയവും ഉത്തരവിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
സർക്കാർ പിന്തുണക്കുന്ന പരിപാടി മാത്രമെന്ന് കോടിയേരി
വനിതാ മതിൽ സർക്കാർ പരിപാടിയല്ലെന്നും സർക്കാർ പിന്തുണ കൊടുക്കുന്ന പരിപാടിയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സർക്കാരിന്റെ സഹായമില്ലാതെ വനിതാ മതിൽ വിജയിപ്പിക്കാൻ കഴിയുന്ന സംഘടനകളാണ് ഇതിൽ പങ്കെടുക്കുന്നത്. ശബരിമലയിലെ പ്രശ്നവുമായി ഉയർന്നുവന്ന സ്ത്രീവിരുദ്ധ നിലപാടിനെതിരാണു വനിതാ മതിൽ. മതിലിനു സുരക്ഷാ ഭീഷണി ഇല്ല. സ്ത്രീകളെ ആരെങ്കിലും കൈകാര്യം ചെയ്താൽ അവർതന്നെ നേരിടും. ഭീഷണിപ്പെടുത്തി ആരെയും വനിതാ മതിലിൽ പങ്കെടുപ്പിക്കില്ല. സത്രീകളെ പങ്കെടുപ്പിക്കാൻ സർക്കാർ സമ്മർദത്തിന്റെ ആവശ്യമില്ല - കോടിയേരി പറഞ്ഞു.
എൻഎസ്എസ് നവോത്ഥാന സംഘടനയാണ്. എന്നാൽ അടുത്ത കാലത്തു വ്യതിയാനം ഉണ്ടായി. മന്നത്ത് പത്മനാഭൻ സ്വീകരിച്ച നിലപാട് ഉയർത്താൻ പിന്നീടു വന്നവർക്കു കഴിഞ്ഞില്ല. വിമോചന സമരത്തെ ഒഴിച്ചു നിർത്തിയാൽ മന്നത്തിന്റെ നിലപാടു സ്വീകാര്യമായിരുന്നു. മന്നം യാഥാസ്ഥിതികർക്കെതിരെ പോരാടി. യാഥാസ്ഥിതിക നിലപാടാണ് ഇപ്പോൾ ചില എൻഎസ്എസ് നേതാക്കൾ സ്വീകരിക്കുന്നത്. അതു മന്നത്തിന്റെ പാരമ്പര്യത്തിനു വിരുദ്ധമാണ്. ഇപ്പോഴത്തെ നിലപാട് എൻഎസ്എസ് തിരുത്തണം. എൻഎസ്എസിന്റെ നിലപാടു ബാഹ്യശക്തികളല്ല തീരുമാനിക്കേണ്ടത്. എൻഎസ്എസ് പല പ്രശ്നങ്ങളിലും സർക്കാരിനൊപ്പമായിരുന്നു. എൻഎസ്എസിനോടു ശത്രുതയില്ലെന്നും കോടിയേരി പറഞ്ഞു
അതിനിടെ ശബരിമല വിഷയം പറയുന്ന വനിതാ മതിൽ നോട്ടിസി സിപിഎമ്മിന്റെ പേരു വന്നതോടെ തടിയൂരാൻ പുതുതന്ത്രം പയറ്റിത്തുടങ്ങി പാർട്ടി. ശബരിമലയിൽ എത്തുന്ന യുവതികൾക്കു ദർശനത്തിനു സുരക്ഷ നൽകിയില്ലെങ്കിൽ സർക്കാരിന് അധികാരത്തിൽ തുടരാൻ ഭരണഘടനാപരമായി പറ്റില്ലെന്നും ഇതൊഴിവാക്കാനായി മാത്രമാണ് അവരെ കൊണ്ടുപോയതെന്നും വിശദീകരിക്കുന്ന നോട്ടിസ് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ പേരിലാണ് അച്ചടിച്ചത്. പ്രാദേശിക തലത്തിൽ എതിർപ്പുയർന്നതോടെ, 'സിപിഎം' എന്നതിനു പകരം 'ഇടതുപക്ഷ ജനാധിപത്യ മുന്നണി' എന്നു വെട്ടി ഒട്ടിച്ചായി വിതരണം. ശബരിമലയെ കലാപഭൂമിയാക്കരുത് എന്നു കരുതുന്ന എല്ലാവരും മതിൽ നിർമ്മിക്കാനെത്തണമെന്നു നോട്ടിസിൽ ആഹ്വാനമുണ്ട്. ശബരിമല പ്രശ്നത്തിനു മറുപടിയാണു വനിതാ മതിലെന്ന പ്രചാരണത്തിന് ഇത് ആക്കം കൂട്ടിയെന്നാണു പ്രാദേശിക ഘടകങ്ങളുടെ പരാതി.
തിരുവനന്തപുരത്ത് അവസനാ കണ്ണിയാകാൻ ബൃന്ദ കാരാട്ട്
വനിതാ മതിൽ ആരംഭിക്കുന്നത് കാസർകോട് പുതിയ ബസ് സ്റ്റാൻഡിൽനിന്നാണ്. തിരുവനന്തപുരംവരെ 620 കിലോമീറ്റർ ദൂരത്തിൽ ദേശീയപാതയുടെ ഇടതുവശം (തെക്കു നിന്ന് വടക്കോട്ട്) ചേർന്നാണ് മതിൽ തീർക്കുന്നത്.മതിലിൽ കാസർകോട്ട് ആദ്യകണ്ണിയാവുന്നത് മന്ത്രി കെ കെ ശൈലജ. ബൃന്ദ കാരാട്ട് തിരുവനന്തപുരത്ത് അവസാന കണ്ണിയാവും. തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ പൊതുയോഗത്തിൽ പങ്കെടുക്കും.
ചൊവ്വാഴ്ച പകൽ മൂന്നിന് മതിലിൽ പങ്കെടുക്കാനെത്തുന്നവർ ദേശീയപാതയിൽ അണിനിരക്കും. 3.45ന് ട്രയൽ. നാലിന് വനിതാമതിൽ തീർക്കും. 4.15 വരെ തുടരും. നവോത്ഥാന സംരക്ഷണ പ്രതിജ്ഞ ലക്ഷങ്ങൾ ഏറ്റു ചൊല്ലും . തുടർന്ന് പ്രധാന കേന്ദ്രങ്ങളിൽ നടക്കുന്ന സമ്മേളനങ്ങളിൽ മുഖ്യമന്ത്രി, മന്ത്രിമാർ, മഹിളാ നേതാക്കൾ, രാഷ്ട്രീയ നേതാക്കൾ, സാഹിത്യ സാംസ്കാരിക, സമുദായ നേതാക്കൾ തുടങ്ങിയവർ പങ്കെടുക്കും.
നവോത്ഥാന സംരക്ഷണ സമിതിയിലെ 174 സംഘടനകൾക്ക് പുറമെ കേരളത്തിലെ ഭൂരിപക്ഷം വരുന്ന രാഷ്ട്രീയ, സാമൂഹ്യ, മത, സമുദായ, സന്നദ്ധ സാംസ്കാരിക, മഹിളാ സംഘടനകളെല്ലാം വനിതാമതിലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെയും എൽഡിഎഫിന്റെയും സമ്പൂർണ പിന്തുണ മതിലിനുണ്ട്.കാൽ ലക്ഷത്തോളം സ്ക്വാഡുകൾ 70 ലക്ഷത്തിലധികം വീടുകളിലായി സന്ദേശമെത്തിച്ചു. ഏഴായിരത്തിലധികം പ്രചാരണജാഥകൾ നടന്നു. സിനിമാതാരങ്ങളും ഗായകരും കായികതാരങ്ങളുമടക്കം നിരവധി പ്രമുഖർ പ്രചാരണരംഗത്തുണ്ടായിരുന്നു. ഇവരും മതിലിൽ അണിചേരും.
വലിയ സ്ത്രീ മുന്നേറ്റമായി മാറുന്ന വനിതാമതിൽ ലോക റെക്കോഡായി മാറും. ലോക മാധ്യമങ്ങളുടെ പ്രതിനിധികൾ കേരളത്തിലെത്തിയിട്ടുണ്ട്. വനിതാമതിലിന് പിന്തുണ പ്രഖ്യാപിച്ച് പ്രവാസി മലയാളികൾ ലണ്ടനടക്കമുള്ള രാജ്യങ്ങളിൽ അനുഭാവ മതിൽ സൃഷ്ടിച്ചു.
മറുനാടന് മലയാളി ബ്യൂറോ