- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
നസീർ സാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു; ഇപ്പോൾ ഗണേശും മുകേഷും ഇന്നസെന്റും സുരേഷ് ഗോപിയുമെല്ലാം സജീവമാണ്; പലരും എന്നോടും രാഷ്ട്രീയത്തിലേക്ക് വരാനും ഇലക്ഷനു നിൽക്കാനുമെല്ലാം പറഞ്ഞു; പക്ഷേ ഞാനില്ല; എനിക്ക് ഇപ്പോഴുള്ളത് പോലെ സ്വതന്ത്രനായി നടക്കാനാണിഷ്ടം; തിരുവനന്തപുരത്ത് മത്സരിക്കണമെന്ന ബിജെപി ഓഫറിനോട് നോ പറഞ്ഞുവെന്ന് ഫാൻസുകാരെ അറിയിച്ച് മോഹൻലാൽ; 'മോഹൻജി' എന്ന മോദിയുടെ വിളി ഫലം കാണാതെ പോകുമ്പോൾ
തിരുവനന്തപുരം: തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യപ്പെടവരോടെല്ലാം അതിന് താനില്ലെന്ന് വ്യക്തമാക്കിയതായി മോഹൻലാൽ. ഇതോടെ തിരുവനന്തപുരത്ത് മത്സരിക്കാൻ ബിജെപിയുടെ സമ്മർദ്ദം ലാലിന് മേലുണ്ടായിരുന്നുവെന്ന സംശയങ്ങൾക്കും ഉത്തരമാവുകയാണ്. രാഷ്ട്രീയം തനിക്ക് പറ്റിയ പണിയല്ലെന്നും അതുകൊണ്ട് തന്നെ മത്സരിക്കാനില്ലെന്നും ലാൽ വ്യക്തമാക്കുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ലാൽ ഈ വിഷയത്തിൽ മനസ്സ് തുറക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമേദിയുമായുള്ള കൂടിക്കാഴ്ചയെ കുറിച്ചും ആദ്യമായി അഭിമുഖത്തിൽ ലാൽ മനസ്സ് തുറക്കുന്നു. ഈ അഭിമുഖത്തോടെ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയാകാൻ താനില്ലെന്ന സന്ദേശമാണ് മോഹൻലാൽ നൽകുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പിൽ എല്ലാ സംസ്ഥാനത്തും സീറ്റുള്ള പാർട്ടിയായി ബിജെപിയെ മാറ്റാനാണ് അമിത് ഷായുടെ പദ്ധതി. കേരളത്തിൽ മാത്രമാണ് ഇതിനുള്ള സാധ്യത തീരെ കുറവ്. അതുകൊണ്ടു കൂടിയാണ് മോഹൻലാലിനെ പോലെ കേരളത്തിലെ ജനകീയ മുഖത്തെ സ്ഥാനാർത്ഥിയാക്കാൻ നീക്കം നടന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് സ്വതന്ത്രസ്ഥാനാർത്ഥിയായി മത്സരിക്കാൻ മോഹൻലാലിനോട് ആവശ്യപ്പെടുവെന്നാണ് സൂചന. സംസ്ഥാന ആർ എസ് എസിന്റെ നിർദ്ദേശ പ്രകാരമാണ് മോഹൻലാലിനോട് ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചതും. ഇതാണ് മോഹൻലാൽ തള്ളുന്നതും. താൻ മത്സരിക്കില്ലെന്ന സന്ദേശം വനിതയിലൂടെ അണികൾക്ക് നൽകുന്നതും.
ലാലിന്റെ ഫാൻസിൽ എല്ലാ പാർട്ടിക്കാരുമുണ്ട്. അതുകൊണ്ട് തന്നെ ബിജെപിയുമായി അടുക്കുന്നത് ദോഷം ചെയ്യുമെന്ന് ലാലിന് വിലയിരുത്തലുണ്ട്. അതുകൊണ്ടാണ് കരുതലെടുക്കൽ. ലാലിന്റെ അടുത്ത സുഹൃത്തുക്കളായ പ്രിയദർശനും സുരേഷ് കുമാറും ബിജെപിയുമായി ചേർന്നാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ആർഎസ്എസ് ചാനലായ ജനം ടിവിയുടെ ചെയർമാനും പ്രിയദർശനാണ്. മേജർ രവിയും സംഘപരിവാറിനൊപ്പം ചേർന്നാണ് നീങ്ങുന്നത്. അതുകൊണ്ട് തന്നെ ലാലും ബിജെപിയിലേക്ക് എത്തുമെന്ന വിലയിരുത്തൽ സജീവമായിരുന്നു. കേരളത്തിൽ പ്രമുഖർ ബിജെപിക്കൊപ്പം അടുക്കുന്നുവെന്ന സന്ദേശം പുറംലോകത്ത് നൽകാൻ മോഹൻലാലിന്റെ സ്ഥാനാർത്ഥിത്വത്തിലൂടെ കഴിയുമെന്നായിരുന്നു ബിജെപിയുടെ വിലയിരുത്തൽ. ഇതാണ് പൊളിയുന്നതും.
ലാലിനെ പാളയത്തിലേക്ക് അടുപ്പിക്കാനാണ് മോദി നേരിട്ട് ഇടപെടൽ നടത്തുന്നത്. മോഹൻലാലുമായുള്ള കൂടിക്കാഴ്ച അവിസ്മരണീയമെന്ന് ട്വിറ്ററിൽ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചർച്ചകൾക്ക് പുതുമാനം നൽകിയിരുന്നു. വിശ്വശാന്തി ഫൗണ്ടേഷനെ നയിക്കുന്നതും കാര്യങ്ങൾ ചെയ്യുന്നതും ആർഎസ്എസ് നേതൃത്വത്തിലുള്ളവരാണ്. ആർഎസ്എസ് നിയന്ത്രണത്തിലുള്ള സേവാഭാരതിയെയാണ് വിശ്വശാന്തി ഫൗണ്ടേഷൻ പ്രധാനമായും സഹായിക്കുന്നത്. ആർഎസ്എസ് സംസ്ഥാന നേതൃത്വവുമായി മോഹൻലാൽ ഏറെ അടുപ്പത്തിലുമാണ്. അമൃതാന്ദമയീ മഠവുമായി ബന്ധമുള്ളവരാണ് ലാലിനെ ആർ എസ എസുമായി അടുപ്പിച്ചത്. ഈ അടുപ്പം ബിജെപിക്ക് അനുകൂലമായി മാറുന്ന തരത്തിലെത്തിക്കാനായിരുന്നു നീക്കം.
വനിതയിലെ അഭിമുഖത്തിലെ പ്രസക്ത ഭാഗം ഇങ്ങനെ
രാഷ്ട്രീയത്തിൽ ആരുടെ കൂടെ സമയം ചെലവഴിച്ചാലും പ്രചരിക്കുന്ന കാര്യമാണിത്. അതോടെ രാഷ്ട്രീയ പാർട്ടിയുടെ ആളായി മാറും. പ്രധാനമന്ത്രിയെ കണ്ടു വന്നതോടെ ഞാൻ തിരുവനന്തപുരത്ത് മത്സരിക്കും എന്നു വരെ ആരൊക്കെയോ പ്രഖ്യാപിച്ചു. പക്ഷേ രാഷ്ട്രീയത്തിലേക്ക് ഞാനില്ല. ഒരു രീതിയിലും താൽപര്യമില്ലാത്ത കാര്യമാണിത്. എനിക്ക് ഇപ്പോഴുള്ളത് പോലെ സ്വതന്ത്രനായി നടക്കാനാണിഷ്ടം. മലയാള സിനിമയിലെ ചുരുക്കം പേരെ രാഷ്ട്രീയത്തിൽ ഇറങ്ങിയിട്ടുള്ളൂ. ഒരു കാലത്ത് നസീർ സാർ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. പക്ഷേ ഇപ്പോൾ ഗണേശും മുകേഷും ഇന്നസെന്റും സുരേഷ് ഗോപിയുമെല്ലാം ഈ രംഗത്ത് സജീവമാണ്. പലരും എന്നോട് രാഷ്ട്രീയത്തിലേക്ക് വരാനും ഇലക്ഷനു നിൽക്കാനുമെല്ലാം പറഞ്ഞു. പക്ഷേ ഞാനില്ല. അറിയാത്ത മേഖലയിലേക്ക് ഇറങ്ങാതിരിക്കുകയല്ലേ നല്ലത്.
മോദിയുമായുള്ള കൂടിക്കാഴ്ചയേയും ലാൽ വിവരിക്കുന്നുണ്ട്. അദ്ദേഹം എന്നെ മോഹൻജി എന്നാണ് വിളിച്ചത്. ഞങ്ങൾ രാഷ്ട്രീയത്തെ കുറിച്ച് സംസാരിച്ചിട്ടേയില്ല. കൗതുകത്തോടെ ഞാൻ പറയുന്ന കാര്യങ്ങൾ കേട്ടിരുന്നു. സിനിമയിൽ നാൽപ്പത്തിയൊന്നു വർഷമായെന്ന് പറഞ്ഞപ്പോൾ അതു വലിയ അത്ഭുതമായി. ഞാൻ അഭിനയിച്ച സംസ്കൃത നാടകമായ കർണ്ണഭാരത്തെ കുറിച്ച് പറഞ്ഞു. ശ്രീകൃഷ്ണ ജയന്തി ദിവസമാണ് കണ്ടത്. അത് ഓർക്കാതെയാണെങ്കിലും ഗുരുവായൂരിലെ മരപ്രഭുവിന്റെ രൂപമാണ് സമ്മാനിച്ചത്. ഹോളസ്റ്റിക് യോഗ സെന്ററിനെ കുറിച്ച് പറഞ്ഞപ്പോൾ 'മോഹൻജി ഞാൻ യോഗയുടെ ഒരു ബിഗ് ഫാൻ ആണെന്നായിരുന്നു മറുപടി. അതിനുള്ള സഹായം ചെയ്യാമെന്നും പറഞ്ഞു.
ഒരിക്കൽ പോലും രാഷ്ട്രീയം കടന്നു വന്നില്ല. ആ സമയത്ത് ഒരു കുട്ടിയുടെ കൗതുകത്തോടെ അഗ്ഗേഹം കാര്യങ്ങൾ ചോദിക്കുകയായിരുന്നുവെന്ന് എനിക്ക് തോന്നി. രാഷ്ട്രീയത്തെ കുറിച്ച് എനിക്കൊരു അറിവും ഇല്ലാത്തതു കൊണ്ട് അതിനെ കുറിച്ച് പറയാനും ഒന്നുമില്ലായിരുന്നു. ഞാനും ഒരു കുട്ടിയെ പോലെയാണ് അദ്ദേഹത്തോടെ പെരുമാറിയതെന്നും മോഹൻലാൽ പറയുന്നു. അച്ഛന്റേയും അമ്മയുടേയും പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന് വേണ്ടി പ്രൊഫഷണലുകളെ ഒരുമിപ്പിക്കാനാണ് ശ്രമമെന്നും ലാൽ അഭിമുഖത്തിൽ വിശദീകരിക്കുന്നുണ്ട്.