- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കനകദുർഗയ്ക്കും ബിന്ദുവിനും വഴി തുറന്ന് കൊടുത്തത് നക്സൽ അനുഭാവികൾ നടത്തുന്ന നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന ഫെയ്സ് ബുക്ക് കൂട്ടായ്മ; റെഡ് ഫ്ളാഗ് പ്രവർത്തകനായിരുന്ന ശ്രേയസ് കണാരനും സുഹൃത്ത് സീനയും ചേർന്ന് നടത്തുന്ന ഫെയ്സ് ബുക്ക് ഗ്രൂപ്പിൽ എത്തിയ ഇരുവരും മലചവിട്ടാനുള്ള ഉത്തരവാദിത്തം സ്വയം ഏറ്റെടുത്തു; ബിന്ദുവിനൊപ്പം എത്തിയവരിൽ ഏറെയും ഇടത് കൂട്ടായ്മയിലെ അംഗങ്ങൾ; ഈ കൂട്ടായ്മ മലകയറാൻ ഒരുക്കിയിരിക്കുന്നത് മുപ്പതോളം പേരെ
കോഴിക്കോട്: ബിന്ദുവിനും കനകദുർഗയ്ക്കും ശബരിമലയിലേക്കുള്ള യാത്ര യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിൽ കഴിയുന്നത് മുപ്പതോളം യുവതികൾ. ഇതിന് സാഹചര്യമൊരുക്കാൻ സാമൂഹികമാധ്യമ കൂട്ടായ്മയും സജീവം. ശബരിമലയിലേക്ക് പോകാൻ സന്നദ്ധരായ യുവതികളെ തേടിയുള്ള 'നവോത്ഥാന കേരളം ശബരിമലയിലേക്ക്' എന്ന ഫേസ്ബുക്ക് കൂട്ടായ്മ ഇപ്പോഴും യുവതികളെ ശബരിമലയിലെത്തിക്കാനുള്ള തിരക്കിലാണ്. ബിന്ദുവും കനകദുർഗ്ഗയും ശബരിമലയിലേക്ക് പോയതും ഈ വഴിയിലൂചെയാണ്. അതുകൊണ്ട് തന്നെ മകരവിളക്കിന് മുമ്പ് കൂടുതൽ യുവതികളെ ശബരിമലയിൽ എത്തിക്കാൻ പൊലീസ് സഹായം പ്രതീക്ഷിക്കുകയാണ് ഈ കൂട്ടായ്മ.
സിപിഎം.എൽ. മുൻ പ്രവർത്തകനും ബയോ മെഡിക്കൽ എൻജിനീയറുമായ ശ്രേയസ് കണാരനും ഹരിയാണയിൽ താമസിക്കുന്ന സീനയും ചേർന്ന് നവംബറിലാണ് ഗ്രൂപ്പ് ആരംഭിച്ചത്. ഫേസ്ബുക്ക് അക്കൗണ്ടില്ലാത്ത കനകദുർഗയ്ക്ക് സുഹൃത്തിലൂടെയാണ് ഇവരുടെ നമ്പർ ലഭിച്ചത്. ഡിസംബർ പകുതിയോടെ ബിന്ദുവും ഗ്രൂപ്പിലെത്തി. പത്തുസ്ത്രീകളും ഒപ്പം പോകാൻ തയ്യാറുള്ള പുരുഷന്മാരും ചേർന്ന് സംഘം രൂപവത്കരിച്ചു. എറണാകുളം, തൃശ്ശൂർ എന്നിവിടങ്ങളിൽ യോഗം ചേർന്നു. മനിതി സംഘത്തിനൊപ്പം പല ഭാഗങ്ങളിൽനിന്നായി ശബരിമല കയറാനായിരുന്നു പദ്ധതി. എന്നാൽ ഇത് നടക്കാതെ പോയി. ഇതോടെയാണ് പ്ലാൻ ബി തയ്യാറാക്കിയത്. പൊലീസും പിന്തുണ നൽകി. ഇതോടെ രഹസ്യമായി ലക്ഷ്യം നേടി.
മലകയറാനുള്ള ആദ്യ ശ്രമം പരാജയപ്പെട്ടശേഷം ബിന്ദുവിനോടും കനകദുർഗയോടും ശബരിമലകയറാൻ സഹായിക്കാമെന്ന് പൊലീസ് വാഗ്ദാനം ചെയ്തതാണ് നിർണ്ണായകമായത്. ഇവർ അയൽസംസ്ഥാനത്ത് ഒളിവിലായിരുന്നുവെന്ന് ഈ ഗ്രൂപ്പ് ഫയുന്നു. എന്നാൽ ഇവർ കണ്ണൂരിലായിരുന്നു താമസിച്ചിരുന്നത്. സിപിഎമ്മിലെ അതിവിശ്വസ്തരായ പൊലീസുകാർ സുരക്ഷയൊരുക്കി. ബുധനാഴ്ച വീണ്ടും ശബരിമല കയറിയ ഇവർക്കൊപ്പം നാല് പുരുഷന്മാരും പൊലീസുകാരും ഉണ്ടായിരുന്നു. ഈ ശ്രമം പാളിയിരുന്നെങ്കിൽ അടുത്ത തിങ്കളാഴ്ച വീണ്ടും കയറാനായിരുന്നു നീക്കം. പക്ഷേ പ്ലാൻ സിയിലേക്ക് കടക്കാതെ എല്ലാം ശുഭമായി നടന്നു. ഇതോടെ ശ്രേയസ് കണാരനും ഭീഷണിയെത്തി.
ഭീഷണികളെത്തുടർന്ന് തന്റെ കുടുംബത്തെയും മാറ്റിപ്പാർപ്പിച്ചിരിക്കുകയാണെന്ന് ശ്രേയസ് പറഞ്ഞു. കോടതിവിധി നടപ്പാക്കി കാണിക്കുക മാത്രമായിരുന്നു ലക്ഷ്യം. പറവൂരുള്ള അമ്മയും മകളും, പാലക്കാട്ടുകാരിയായ ഐ.ടി. ഉദ്യോഗസ്ഥ എന്നിവരുൾപ്പെടെ മുപ്പതോളം യുവതികൾ മലകയറാൻ സന്നദ്ധരായി രംഗത്തുണ്ട്. ഇവരും മലകയറിയേ മതിയാകൂവെന്ന വാശിയിലാണ്. ബിന്ദുവും കനകദുർഗ്ഗയും ലക്ഷ്യം കണ്ടതും ഇവരെ ആവേശത്തിലാക്കുന്നു. എന്നാൽ ഇനി പൊലീസ് കരുതലോടെ മാത്രമേ തീരുമാനമെടുക്കൂ. എങ്ങനേയും യുവതി പ്രവേശനം സാധ്യമാക്കിയതിന്റെ ക്രെഡിറ്റ് പൊലീസിനും സർക്കാരിനും കിട്ടിക്കഴിഞ്ഞു. ഇനി ആരുടെ മുമ്പിലും തല ഉയർത്തി നിൽക്കാം. അതുകൊണ്ട് തന്നെ ഇനി യുവതി പ്രവേശനത്തിൽ കരുതലോടെ മാത്രമേ പൊലീസ് തീരുമാനിക്കൂ.
ശബരിമലയിലെ യുവതി പ്രവേശനത്തിൽ വിവാദങ്ങൾ സജീവമാണ്. എങ്ങും പ്രതിഷേധമാണ്. അതുകൊണ്ട് തന്നെ വിശ്വാസികളെ പ്രകോപിപ്പിക്കാൻ സർക്കാർ ഇനി തയ്യാറാകില്ലെന്നും വിലയിരുത്തലുണ്ട്. തമിഴ്നാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മനിതി എന്ന വനിതാ സംഘടനയുടെ നേതൃത്വത്തിലാണ് കേരളത്തിന് പുറത്തുനിന്നും ശബരിമലയിലേക്ക് പോകാനുള്ള യുവതികളെ സംഘടിപ്പിച്ചത്. നവോത്ഥാന കേരളം ശബരിമലയിലേക്ക് എന്ന നവ മാധ്യമ കൂട്ടായ്മയുടെ അഭിമാനത്തിന്റെ നിമിഷമാണിത് .വ്യക്തികളുടെ ഒറ്റപ്പെട്ട ഇടപെടലുകളല്ല , സംഘടിതമായ ശ്രമങ്ങളാണ് ഉണ്ടാകേണ്ടത് എന്ന ബോധ്യം സമൂഹത്തിൽ മുന്നോട്ടുവെച്ച് വിവിധ സാമൂഹ്യ വിഭാഗങ്ങളെ അത്തരം മുൻ കൈക്ക് പ്രേരിപ്പിച്ചതിന് ... ജനുവരിയിൽ , നമുക്കും അണിചേരാം എന്നാണ് ഇവരുടെ ഇപ്പോഴത്തെ ആഹ്വാനം. അതുകൊണ്ട് തന്നെ ഇനിയും യുവതികൾ ശബരിമലയിൽ എത്താൻ സാധ്യതയുണ്ടെന്നാണ് സൂചന.
നൈഷ്ഠിക ബ്രഹ്മചര്യം ഒഴുകിപ്പോകുന്ന വഴികൾ ... സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ആഗ്രഹിച്ച് മുന്നിട്ടിറങ്ങിയതിന്റെ പേരിൽ തെരുവുകളിൽ വേട്ടയാടപ്പെട്ട രഹ്ന , മഞ്ജു , തുടങ്ങിയവർക്ക് ബിന്ദുവിന്റേയും കനകദുർഗയുടേയും സന്നിധാന യാത്ര സമർപ്പിക്കുന്നുവെന്നാണ് ഈ ഫെയ്സ് ബുക്ക് കൂട്ടായ്മ പറയുന്നത്. ആദിവാസി - ദളിത് സ്ത്രീകളുടെ മുൻകയ്യിൽ ജനാധിപത്യ കേരളം ജനുവരിയിൽ ശബരിമലയിലേക്ക്....എന്നതാണ് ഇവരുടെ പ്രധാന മുദ്രാവാക്യം. ഡിസം: 29 ന് എറണാകുളം ശിക്ഷക് സദനിൽ ചേർന്ന യോഗത്തിൽ വിവിധ ആദിവാസി ദളിത് സംഘടനകൾക്കും സിപിഐ എംഎൽ റെഡ്സ്റ്റാറിനും പുറമേ , സണ്ണി എം കപിക്കാട് , ഗീതാനന്ദൻ ,മൈത്രേയൻ , ജോൺസൺ , ഡോ: അജിത് തുടങ്ങിയവരും പങ്കെടുത്തിരുന്നു.