- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭർത്താവിനെ പരിചരിച്ച വയോധികയ്ക്ക് ശമ്പളം നൽകാത്ത റെയിൽവേ ആശുപത്രിയിലെ ഡോക്ടറായ ഭാര്യക്കെതിരെ റെയിൽവേ ഇന്റലിജൻസ് അന്വേഷണം; ഡോക്ടർ ശോഭക്കെതിരെ മുമ്പും പരാതികൾ ഉയർന്നിരുന്നതായി സൂചന; ഒന്നര ലക്ഷം രൂപയുടെ വീട്ടുപകരണങ്ങൾ എന്നു പറഞ്ഞ് നൽകിയത് ഉപയോഗ ശൂന്യമായവ; ഗ്രേസിയുടെ വീട്ടിലെത്തി കാര്യങ്ങൾ ബോധ്യപ്പെട്ടു ഇന്റലിജൻസ് ഉദ്യോഗസ്ഥർ: നീതിക്കായി പോരാട്ടം തുടർന്ന് വയോധിക
തിരുവനന്തപുരം: വീട്ടു ജോലി ചെയ്ത വയോധികയ്ക്ക് ശമ്പളം നൽകുന്നില്ല എന്ന വാർത്തയിൽ റെയിൽവേ ഇന്റലിജൻസ് വിഭാഗം അന്വേഷണം ആരംഭിച്ചു. പേരൂർക്കട അടുപ്പൂട്ടൻപാറ സ്വദേശി പുതുവൽ പുത്തൻ വീട്ടിൽ ഗ്രേസി (75) എന്ന വയോധികയ്ക്കാണ് റെയിൽവേ ആശുപത്രി ഡോക്ടറായ മുട്ടട സ്വദേശിനി ശോഭ വീട്ടുജോലി ചെയ്ത വകയിൽ മൂന്ന് മാസത്തെ ശമ്പളമായ 24000 രൂപ നൽകാനുള്ളത്. ഇത് സംബന്ധിച്ച് ഗ്രേസി വനിതാ കമ്മീഷനിൽ പരാതി നൽകുകയും സംഭവം മറുനാടൻ മലയാളി വാർത്തയാക്കുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് റെയിൽവേ ഇന്റലിജൻസ് അന്വേഷണം ആരംഭിച്ചത്. കഴിഞ്ഞ ദിവസം ഗ്രേസിയുടെ വീട് സന്ദർശ്ശിച്ച് ഉദ്യോഗസ്ഥർ മൊഴി രേഖപ്പെടുത്തി.
പേട്ട റെയിൽവേ ആശുപത്രിയിലെ ഡോക്ടർ ശോഭയ്ക്കെതിരെ നിരവധി പരാതികൾ മുൻപ് ഉയർന്നിട്ടുണ്ട്. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇന്റലിജൻസ് വകുപ്പ് അന്വേഷണം ആരംഭിച്ചത്. ആശുപത്രിയിലെ ജീവനക്കാരോട് ആവശ്യമില്ലാതെ തട്ടിക്കയറുക. ചികിത്സയ്ക്കെത്തുന്ന രോഗികളോട് അപമര്യാദയായി പെരുമാറുക തുടങ്ങീ മറ്റനവധി പരാതികളാണ് ഉള്ളത്. ഡോക്ടറുടെ മൊഴി എടുത്തപ്പോൾ വയോധികയ്ക്ക് നൽകാനുള്ളതെല്ലാം നൽകിയെന്നും ഒന്നര ലക്ഷം രൂപയുടെ വീട്ടുപകരണങ്ങളും നൽകിയെന്നുമാണ് ഡോക്ടർ ശോഭ പറഞ്ഞിരിക്കുന്നത്. എന്നാൽ ഉപയോഗ ശൂന്യമായവയാണ് നൽകിയത് എന്ന് ഇന്റലിജൻസ് ഉദ്യോഗസ്ഥർ നേരിട്ടെത്തി മനസ്സിലാക്കി. തുടർന്ന് ഡോക്ടർക്കെതിരെ റിപ്പോർട്ട് സമർപ്പിച്ചിരിക്കുകയാണ്.
ഒൻപത് വർഷമായി ഹിന്ദുസ്ഥാൻ ലാറ്റെക്സിൽ ഡെപ്യൂട്ടി മാനേജരായി ജോലിചെയ്തിരുന്ന മോഹനന്റെ വീട്ടിൽ ജോലിക്ക് നിൽക്കുകയായിരുന്നു വയോധികയായ ഗ്രേസി. ഒരു മാസം 8000 രൂപ ശമ്പളത്തിനായിരുന്നു ജോലി ചെയ്തിരുന്നത്. എല്ലാ മാസവും കൃത്യമായി ശമ്പളം തന്നിരുന്നതാണ്. ഒരു ദിവസം ക്യാൻസർ ബാധിച്ച് മോഹനൻ കിടപ്പിലായതോടെ പരിചരണം ഉൾപ്പെടെയുള്ള ജോലി ചെയ്യേണ്ടി വന്നു. ഇതിനിടെ മോഹനൻ മരണപ്പെട്ടു. ഈ സമയം ജോലി ചെയ്ത വകയിൽ ഈ വയോധികയ്ക്ക് മൂന്ന് മാസത്തെ ശമ്പളമായ 24,000 നൽകാനുണ്ടായിരുന്നു.
ഇയാളുടെ ഭാര്യയും മക്കളും മരണശേഷം കമ്പനിയിൽ നിന്നും ലഭിക്കേണ്ട തുക കിട്ടിയാൽ ഉടൻ ശമ്പളം നൽകാമെന്ന് അറിയിച്ച് വയോധികയെ പറഞ്ഞു വിടുകയാണുണ്ടായത്. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഇവർക്ക് ശമ്പളം നൽകിയില്ല. മോഹനന്റെ ഭാര്യ ശോഭന റെയിൽവേ ആശുപത്രി പേട്ടയിലെ ഡോക്ടറാണ്. ഇവരുടെ മുക്കടയിലെ വീട്ടിലെത്തി ശമ്പളം ചോദിച്ചു. എന്നാൽ അവർ ശമ്പളം തരാൻ ഞങ്ങളുടെ കൈയിൽ പണമില്ലെന്നും പൊലീസിനെ വിളിക്കുമെന്നും പറഞ്ഞ് ആട്ടിയിറക്കുകയാണുണ്ടായത്. മാസങ്ങൾ പിന്നിട്ടിട്ടും തനിക്ക് കിട്ടാനുള്ള ശമ്പളം വേണമെന്നാവശ്യപ്പെട്ട് ഇപ്പോൾ ഗ്രേസി വനിതാ കമ്മീഷനിൽ പരാതി നൽകി.
ഗ്രേസി പരിചരിച്ചിരുന്ന മോഹനന് വിവിധ സ്ഥലങ്ങളിലായി ഫ്ളാറ്റുകൾ ഉണ്ട്. കൂടാതെ മക്കളൊക്കെ നല്ല നിലയിലാണ്. ഉയർന്ന ശമ്പളമുള്ള ഒരു ഡോക്ടറായിട്ട് പോലും വയോധികയ്ക്ക് ശമ്പളം നൽകാൻ ഇനിയും ശോഭ തയ്യാറാകുന്നില്ല. ഏറെ പ്രാരാബ്ദങ്ങളുള്ള വീടാണ് ഗ്രേസിയുടെത്. ഏകമകൻ ഓട്ടോ ഡ്രൈവറാണെങ്കിലും ഇയാൾ മദ്യപാനം മൂലം രോഗാവസ്ഥയിലാണുള്ളത്. ഗ്രേസി ജോലി ചെയ്ത് കിട്ടുന്ന ശമ്പളം കൊണ്ടായിരുന്നു വീട് പുലർന്ന് പോയിരുന്നത്.
ഇപ്പോൾ സർക്കാരിൽ നിന്നും ലഭിച്ച വീട് വച്ച വകയിൽ കുറച്ചു കടം കൂടിയുണ്ട്. ജോലി ചെയ്ത വകയിൽ കിട്ടേണ്ട തുക ലഭിച്ചിരുന്നെങ്കിൽ കടം കുറച്ചെങ്കിലും കൊടുക്കാൻ പറ്റുമായിരുന്നു. വനിതാ കമ്മീഷനിൽ പരാതി നൽകിയ ശേഷം മറുനാടൻ മലയാളിയോട് സംസാരിക്കുമ്പോഴാണ് ഗ്രേസി തന്റെ ദുരിത കഥ പറഞ്ഞത്.