- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൂജാവിധികൾ വിവരിക്കുന്ന 'തന്ത്രസമുച്ചയ'മെന്ന ഗ്രന്ഥം പ്രതീകാത്മകമായി കത്തിച്ചു ശബരിമല വിഷയത്തിന് പുതിയ മാനം നൽകാൻ ഗീതാനന്ദനും കൂട്ടരും; ശബരിമലയിൽ നിന്നും തന്ത്രി കുടുംബത്തെ പുറത്താക്കാൻ സർക്കാരിന്റെ പിന്തുണയോടെ ദളിത് ആക്ടിവിസ്റ്റുകൾ ശ്രമം ഊർജ്ജിതമാക്കി; ആദിവാസിക്ക് അവകാശപ്പെട്ടത് എന്ന വാദം ഉയർത്തി മലയരയ സമുദായവും; യുവതി പ്രവേശന വിഷയത്തിൽ തന്ത്രി കുടുംബത്തെ സമ്മർദ്ദത്തിലാക്കാൻ സർക്കാർ വളഞ്ഞ വഴിയിലൂടെ
കോട്ടയം: ശബരിമലയിൽ നിന്ന് തന്ത്രികുടുംബമായ താഴ്മണ്ണുകാരെ പുറത്താക്കാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡും സംസ്ഥാന സർക്കാരും ശ്രമിക്കുന്നതെന്ന് വ്യക്തം. ഇതിനായി ആദിവാസി പ്രസ്ഥാനങ്ങളേയും മലയരയന്മാരേയും കൂടെ കൂട്ടാനാണ് സർക്കാർ തീരുമാനം. ശബരിമല ക്ഷേത്രം ആദിവാസികളുടേതാണെന്ന വാദം സജീവമാക്കാനാണ് നീക്കം. ഇതിലൂടെ തന്ത്രിയേയും മറ്റും ഒഴിവാക്കി ശബരിമലയുടെ രീതികൾ മാറ്റി മറിക്കാനാണ് നീക്കം. ഇതിന് വേണ്ടി ഗീതാനന്ദനേയും കൂട്ടരേയും മുന്നിൽ നിർത്താനാണ് നീക്കം. ഓർഡിനൻസിലൂടെ ശബരിമലയിൽ ആചാര സംരക്ഷണത്തിന് കേന്ദ്ര സർക്കാർ ഇടപെടൽ നടത്തുമെന്ന പ്രചരണങ്ങൾക്കിടെയാണ് ഈ നീക്കം.
തന്ത്രിയെ പുറത്താക്കുകയെന്ന ലക്ഷ്യത്തോടെ ബ്രാഹ്മണ്യവിരുദ്ധ-ജാതിവിരുദ്ധ നവോത്ഥാനസമരത്തിന്റെ ഭാഗമായി 14-ന് കോട്ടയത്ത് ശബരിമല ആദിവാസി അവകാശ പുനഃസ്ഥാപന സമിതിയുടെ സംസ്ഥാന കൺവെൻഷൻ സംഘടിപ്പിക്കും. സമരത്തിന്റെ ഭാഗമായി പൂജാവിധികൾ വിവരിക്കുന്ന 'തന്ത്രസമുച്ചയ'മെന്ന ഗ്രന്ഥം പ്രതീകാത്മകമായി കത്തിക്കും. ദേശീയ സാംസ്കാരികനേതാക്കൾ പങ്കെടുക്കും. ഗീതാനന്ദനാണ് ഈ കൂട്ടായ്മയ്ക്ക് പിന്നിലെ പ്രേരകശക്തി. യുവതീപ്രവേശനത്തെ തുടർന്ന് ശബരിമലയിൽ അയിത്താചരണം നടത്തിയ തന്ത്രിയെ വിചാരണ ചെയ്യണം. നിയമവാഴ്ചയെ അംഗീകരിക്കുന്നതിനുപകരം തന്ത്രി സാമുദായികസംഘർഷത്തിന് കാരണക്കാരനായി. യുവതികൾ ശബരിമലയിൽ പ്രവേശിച്ചുതുടങ്ങിയെന്നതിനാൽ സുപ്രീംകോടതി വിധി മാനിച്ച് തന്ത്രി ഇറങ്ങിപ്പോകണമെന്നാണ് ഇവരുടെ ആവശ്യം. ശബരിമല ആദിവാസി അവകാശ പുനഃസ്ഥാപന സമിതിയെന്ന സംഘടനയും രൂപീകരിച്ചിട്ടുണ്ട്. തന്ത്രിയെ പുറത്താക്കൽ മാത്രമാണ് ഇവരുടെ പ്രഖ്യാപിത നിലപാട്.
തന്ത്രശാസ്ത്ര ഗ്രന്ഥങ്ങൾ ഏറെയുണ്ടെങ്കിലും കേരളത്തിലെ തന്ത്രിമാരും പൂജാരിമാരും മുഖ്യമായി ആശ്രയിക്കുന്നത് പതിനാലാം നൂറ്റാണ്ടിൽ ചേന്നാസ് നാരായണൻ നമ്പൂതിരിപ്പാട് രചിച്ച തന്ത്ര സമുച്ചയം എന്ന ഗ്രന്ഥത്തെയാണ്. അടിസ്ഥാനപരമായി ആഗമ സിദ്ധാന്താന്താനുസാരിയാണെങ്കിലും ഭാരതത്തിലെ ഇതര പൂജാരീതികളിൽനിന്നും തീർത്തും വ്യത്യസ്തമാണ് കേരളീയ പൂജാ സമ്പ്രദായം. കേരളത്തിന്റെ ക്ഷേത്ര സങ്കൽപ്പത്തിന്റെ സവിശേഷത ബിംബ നിർമ്മാണത്തിൽ മാത്രമല്ല, പൂജാദികളിലും കാണുന്നു. മന്ത്രമൂർത്തിയും പൂജകനും ഒന്നാണെന്ന അടിസ്ഥാന സങ്കൽപ്പത്തിലാണ് പൂജ തുടങ്ങുന്നത്. ഇയൊരു സവിശേഷത കേരളാചാരത്തിൽ മാത്രമേ ഉള്ളൂ. ഈ പുസ്തകമാണ് കത്തിക്കാൻ ആദിവാസി സംഘടനകൾ തയ്യാറെടുക്കുന്നത്. ഇതിലൂടെ തന്ത്രിയെ സമ്മർദ്ദത്തിലാക്കാനും സർക്കാരിന് വിധേയനാക്കാനുമാണ് ശ്രമമെന്നും ആക്ഷേപമുണ്ട്.
ശബരിമലയുടെ അവകാശികൾ ഇപ്പോൾ ദേവസ്വം ബോർഡാണ്. അതുകൊണ്ട് തന്നെ ആദിവാസികൾക്ക് ഒരിക്കലും ക്ഷേത്രത്തെ വിട്ടുകൊടുക്കില്ല. ഇതിൽ നിന്ന് തന്നെ തന്ത്രിയെ മാറ്റി ശബരിമലയിൽ പുതിയ രീതികൾ കൊണ്ടു വരാനാണ് നീക്കമെന്ന് വ്യക്തമാണ്. ശബരിമലയിൽ ബുധനാഴ്ച രണ്ടു യുവതികൾ ദർശനം നടത്തിയതിനെത്തുടർന്ന് നടയടച്ച് ശുദ്ധിക്രിയ നടത്തിയ തന്ത്രി 15 ദിവസത്തിനകം ദേവസ്വംബോർഡിന് വിശദീകരണം നൽകേണ്ടതുണ്ട്. വെള്ളിയാഴ്ച നടന്ന തിരുവിതാംകൂർ ദേവസ്വംബോർഡ് യോഗമാണ് വിശദീകരണം തേടാൻ തീരുമാനിച്ചത്. ഈ വിശദീകരണം വാങ്ങിയ ശേഷം തന്ത്രിയെ പുറത്താക്കണമെന്ന അഭിപ്രായം സർക്കാരിൽ ശക്തമാണ്. സംഭവത്തെപ്പറ്റി കമ്മിഷണർ നൽകിയ വസ്തുതാവിവരണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിതെന്ന് പ്രസിഡന്റ് എ. പത്മകുമാർ പറഞ്ഞു. തന്ത്രിക്ക് വീഴ്ചയുണ്ടായെന്നാണ് കമ്മിഷണർ എൻ. വാസുവിന്റെ റിപ്പോർട്ട്.
യുവതീപ്രവേശത്തിൽ സുപ്രീംകോടതിവിധിയുടെ അന്തസ്സത്തയ്ക്ക് നിരക്കുന്നതല്ല ക്ഷേത്രം അടച്ച് ശുദ്ധിക്രിയ നടത്തിയ സംഭവമെന്ന് പത്മകുമാർ പറഞ്ഞു. ശബരിമലയിൽ യുവതികൾ പ്രവേശിച്ചത് മുഖ്യമന്ത്രി സ്ഥിരീകരിച്ചിട്ടുണ്ടെന്ന വിവരം മറ്റൊരു ഫോണിൽനിന്നാണ് അദ്ദേഹം വിളിച്ചറിയിച്ചത്. ശുദ്ധിക്രിയ ചെയ്യുക മാത്രമേ പോംവഴിയുള്ളൂവെന്നും മറ്റൊന്നും ചെയ്യാനാവില്ലെന്നും തന്ത്രി പറഞ്ഞു. കൂടുതൽ സംസാരിക്കുന്നതിനുമുമ്പ് ഫോൺ കട്ടായി. നടയടയ്ക്കാൻ ക്ഷേത്രം ഉടമയായ ദേവസ്വംബോർഡിന്റെ അനുമതി വാങ്ങണം. അതുണ്ടായില്ലെന്ന് പ്രസിഡന്റ് വിശദീകരിച്ചു. മകരവിളക്കുവരെ തിരക്കായതിനാൽ അതു കഴിഞ്ഞാണ് മറുപടി നൽകേണ്ടത്. തന്ത്രി ശബരിമലയിൽനിന്ന് ഇറങ്ങാനുള്ള കാലംകൂടി പരിഗണിച്ചാണ് 15 ദിവസത്തെ കാലാവധി. അതായത് മകരവിളക്കിന് ശേഷം ഈ തന്ത്രിയെ മാറ്റാനാണ് നീക്കം നടക്കുന്നത്.
നടയടച്ചത് കോടതിവിധി ലംഘിക്കലാണെന്നാണ് ബോർഡിനു കിട്ടിയ നിയമോപദേശം. ശബരിമല എക്സിക്യുട്ടീവ് ഓഫീസർ നൽകിയ വിശദാംശങ്ങൾ ഉൾപ്പെടുത്തിയാണ് കമ്മിഷണറുടെ റിപ്പോർട്ട്. നടയടയ്ക്കുന്ന കാര്യം കമ്മിഷണറോടും പറഞ്ഞിരുന്നെന്നും അദ്ദേഹം തന്ത്രിയെ വിലക്കിയെന്നുമാണ് വിവരം. യുവതികൾ കയറിയാൽ നടയടയ്ക്കുമെന്ന് തന്ത്രി പറഞ്ഞതായി ബിജെപി. സംസ്ഥാന അധ്യക്ഷന്റെ വെളിപ്പെടുത്തലിനെത്തുടർന്ന് നേരത്തേ തന്ത്രിയോട് വിശദീകരണം ചോദിച്ചിരുന്നു. മറുപടി തൃപ്തികരമായതിനാലാണ് തുടർനടപടികൾ ഉണ്ടാവാതിരുന്നത്. നടയടച്ച് ശുദ്ധിക്രിയ നടത്തിയതിനെ തന്ത്രിസമൂഹവും എൻ.എസ്.എസുമൊക്കെ അനുകൂലിച്ചിരുന്നു.
ഇത് രണ്ടാം തവണയാണ് തന്ത്രി ബോർഡിന് വിശദീകരണം നൽകുന്നത്. അതിനിടെ വിശദീകരണം ചോദിച്ച ദേവസ്വം ബോർഡ് നടപടിയോട് ഇപ്പോൾ പ്രതികരിക്കുന്നില്ലെന്ന് തന്ത്രി കണ്ഠര് രാജീവര് അറിയിച്ചു. നോട്ടീസ് കൈയിൽ കിട്ടിയിട്ട് പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു.