- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല തന്ത്രിയും പന്തളം കൊട്ടാരവും ബിജെപി പ്രസിഡന്റും പ്രതിയായ കോടതി അലക്ഷ്യ കേസ് ഇന്ന് സുപ്രീം കോടതിക്ക് മുന്നിൽ; സുപ്രീം കോടതി വിധി നടപ്പാക്കാതിരിക്കാൻ നട അടച്ച തന്ത്രിയുടെ നടപടി കോടതി അലക്ഷ്യമെന്ന് ചൂണ്ടികാട്ടി കേസ് നിലനിർത്താൻ ശ്രമം; സോളിസിറ്റർ ജനറൽ കക്ഷി ചേരാൻ വിസമ്മതിച്ച് കേസ് സുപ്രീം കോടതി എടുക്കുമോ എന്ന് ഇന്നറിയാം
ന്യൂഡൽഹി: ശബരിമലയിൽ യുവതികൾ പ്രവേശിച്ചതിനെത്തുടർന്ന് ശുദ്ധികലശം നടത്തിയ തന്ത്രിക്കെതിരായ ഹർജി ഇന്ന് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് രജ്ഞൻ ഗൊഗോയുടെ ശ്രദ്ധയിൽപ്പെടുത്തും. കോടതിയലക്ഷ്യ ഹർജിയാണ് തന്ത്രിക്കെതിരായി നൽകിയിട്ടുള്ളത്. അഭിഭാഷകരായ ഗീനാ കുമാരി, എവി വർഷ എന്നിവരാണ് ഹർജി ഫയൽ ചെയ്തത്.
ശബരിമല തന്ത്രി കണ്ഠര് രാജീവര്, പന്തളം കൊട്ടാരത്തിലെ പി. രാമവർമ രാജ എന്നിവർക്കെതിരേ എ.വി. വർഷയും ബിജെപി. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ള, ബിജെപി. നേതാവ് മുരളീധരൻ ഉണ്ണിത്താൻ, നടൻ കൊല്ലം തുളസി എന്നിവർക്കെതിരേ ഗീനാ കുമാരിയുമാണ് കോടതിയലക്ഷ്യ ഹർജി നൽകിയത്.തന്ത്രിയുടെ നടപടി കോടതിയലക്ഷ്യമെന്ന് ചീഫ് ജസ്റ്റിസിനെ ചൂണ്ടിക്കാണിക്കുമെന്നും അവർ പറഞ്ഞു. നേരത്തെ തന്ത്രിക്കെതിരായി നൽകിയിട്ടുള്ള ഹർജിയിലായിരിക്കും ഉടനടി നടപടി ആവശ്യപ്പെടുക.
യുവതീ പ്രവേശനം സ്ഥിരീകരിച്ചതിന് പിന്നാലെ ശബരിമല നട അടച്ച തന്ത്രിയുടെ നടപടി കോടതിയലക്ഷ്യമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനും കോടിയേരി ബാലകൃഷ്ണനും വിമർശിച്ചിരുന്നു. ഇന്ന് പുലർച്ചെയാണ് ബിന്ദു, കനകദുർഗ എന്നീ സ്ത്രീകൾ സന്നിധാനത്തെത്തി ദർശനം നടത്തിയത്. പതിപതിനെട്ടാംപടി ഒഴിവാക്കി വിഐപി ലോഞ്ച് വഴിയാണ് ഇവർ ദർശനം നടത്തിയത്. തുടർന്ന് ശുദ്ധി കർമങ്ങൾക്കായി തന്ത്രി നട അടച്ചിടുകയായിരുന്നു.
വിധിക്കെതിരായ പരാമർശങ്ങൾ ക്രിയാത്മകവിമർശനമാണെന്നു ചൂണ്ടിക്കാട്ടി കോടതിയലക്ഷ്യ ഹർജിക്ക് സോളിസിറ്റർ ജനറൽ തുഷാർ മേത്ത അനുമതി നിഷേധിച്ചിരുന്നു. തുടർന്ന് സുപ്രീംകോടതി രജിസ്ട്രിയിൽ നേരിട്ട് ഹർജികൾ ഫയൽ ചെയ്യുകയായിരുന്നു. ഹർജികൾ ലിസ്റ്റ് ചെയ്ത് വാദം കേൾക്കണോ അതോ തള്ളണോ എന്ന് ചീഫ് ജസ്റ്റിസ് തീരുമാനിക്കും.
അതിനിടെയാണ്, പുതിയ സാഹചര്യങ്ങൾകൂടി ചൂണ്ടിക്കാട്ടി ഹർജി ശ്രദ്ധയിൽപ്പെടുത്താൻ ശ്രമിക്കുന്നത്. ശബരിമല വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ 22-ന് തുറന്ന കോടതിയിൽ കേൾക്കാനിരിക്കുന്നതിനാൽ കോടതിയലക്ഷ്യ ഹർജി വേഗം കേൾക്കണമെന്ന ആവശ്യത്തിൽ കോടതി എന്തുനിലപാടെടുക്കുമെന്ന് വ്യക്തമല്ല.
ശബരിമല വിധി വന്നയുടനെ, ആചാരലംഘനമുണ്ടായാൽ നടയടയ്ക്കണമെന്നാവശ്യപ്പെട്ട് തന്ത്രിക്ക് രാമവർമ രാജ കത്തെഴുതിയെന്ന മാധ്യമറിപ്പോർട്ടുകളാണ് കോടതിയലക്ഷ്യത്തിന് അടിസ്ഥാനമാക്കുന്നത്. യുവതികൾ കയറിയാൽ നടയടയ്ക്കേണ്ടിവരുമെന്ന തന്ത്രിയുടെ പ്രസ്താവനയും കോടതിയലക്ഷ്യമായി ചൂണ്ടിക്കാട്ടുന്നു.വിധിക്കെതിരായ പരാമർശം നടത്തിയതിനാണ് പി.എസ്. ശ്രീധരൻ പിള്ള, മുരളീധരൻ ഉണ്ണിത്താൻ, കൊല്ലം തുളസി എന്നിവർക്കെതിരേ കോടതിയലക്ഷ്യ ഹർജി നൽകുന്നത്.
മറുനാടന് ഡെസ്ക്