- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
രാധികമാരുടെ കള്ളക്കണ്ണൻ എന്ന പാട്ടിന്റെ അകമ്പടിയിൽ എത്തി അപമാനിക്കൽ; സന്തോഷ് പണ്ഡിറ്റിന്റെ വേഷം കെട്ടി എത്തിയത് കിരൺ ക്രിസ്റ്റഫർ; കയ്യടിച്ച് സന്തോഷ് പണ്ഡിറ്റ് കണ്ടു പഠിക്കട്ടെ എന്നു ഉപദേശിച്ച് സുരാജ് വെഞ്ഞാറമൂട്; ചാനൽ പരിപാടി മാനസിക ബുദ്ധിമുട്ടും ഉറക്ക നഷ്ടവും മറ്റു ക്ലേശങ്ങളും ഉണ്ടാക്കിയെന്ന് സന്തോഷ് പണ്ഡിറ്റും; ചാനൽ ഭീമന്മാരെ പ്രതിസന്ധിയിലാക്കി ഒടുവിൽ സെൻസർ ബോർഡ് ഇടപെടൽ; മഴവിൽ മനോരമയുടെ മിമിക്രി മഹാമേള കുരുക്കിൽ പെടുമ്പോൾ
കോഴിക്കോട്: മഴവിൽ മനോരമ ചാനലിലെ കോമഡി പരിപാടിയായ മിമിക്രി മഹാമേളക്കും പരിപാടിയിലെ ജഡ്ജിയായ സുരാജ് വെഞ്ഞാറുമൂടിനുമെതിരെ പരാതിയുമായി സംവിധായകനും നടനുമായി സന്തോഷ് പണ്ഡിറ്റ്. പരിപാടിയിൽ തന്നെ മനപ്പൂർവ്വം അവഹേളിക്കാൻ ശ്രമിച്ചു എന്ന ആരോപണമാണ് സന്തോഷ് പണ്ഡിറ്റ് ഉന്നയിച്ചത്. പരിപാടിയുടെ ഭാഗമായുള്ള ഒരു കോമഡി സ്കിറ്റിൽ തന്നെ അനുകരിച്ചു കൊണ്ട് ഒരു ടീം രംഗത്തുവന്നതാണ് പണ്ഡിറ്റിനെ ചൊടിപ്പിച്ചത്.
സന്തോഷ് പണ്ഡിറ്റിന്റെ പേരിൽ ഒരു മിമിക്രി കലാകാരനെ കെട്ടിയിറക്കുകയും തിരക്കുള്ള നടനും സംവിധായകനുമാണെന്ന് പറഞ്ഞു കൊണ്ട് തന്റെ പാട്ട് ഉപയോഗിക്കുകയും ചെയ്തുവെന്നാണ് പണ്ഡിറ്റിന്റെ പരാതി. രാധികമാരുടെ കള്ളക്കണ്ണൻ എന്ന പാട്ടിന്റെ അകമ്പടിയോടെ എത്തുന്ന സന്തോഷ് പണ്ഡിറ്റിനെ പോലുള്ള ആൾ തുടർന്നങ്ങോട്ട് തന്നെ അവഹേളിക്കുകയാണെന്നാണ് പണ്ഡിറ്റ് പറയുന്നത്. തന്റെ മോശക്കാരനാക്കാൻ ആസൂത്രിതമായി കെട്ടിച്ചമച്ചതാണ് ഇതെന്നും ഇതിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്നും അദ്ദേഹം പറയുന്നു. ഇതേ തുടർന്നാണ് നിയമ പോരാട്ടം തുടങ്ങിയത്. ചേർത്തല കോടിതയിലും ഹൈക്കോടതിയിലും നിയമപോരാട്ടമെത്തി.
സുരാജ് വെഞ്ഞാറമൂട് തന്നെ അവഹേളിക്കാൻവേണ്ടി ക്രിമിനൽ ഗൂഢാലോചന നടത്തിയെന്നാണ് പണ്ഡിറ്റ് പരാതിപ്പെടുന്നത്. തന്റെ പേര് എടുത്തു പറഞ്ഞു കൊണ്ട് അവഹേളിക്കുകയാണ് ചെയ്തിരിക്കുന്നത്. ഷോയിൽ തന്റെ അനുകരിച്ച കിരൺ ക്രിസ്റ്റിഫറിനെ താൻ കണ്ടു പഠിക്കണമെന്ന് ജഡ്ജിയായ സുരാജ് വെഞ്ഞാറമൂട് പറഞ്ഞു. അത് തന്നെ അവഹേളിക്കലാണ്. കൂടാതെ അഞ്ചിൽ അഞ്ച് മാർക്ക് കൊടുത്തു. മൂന്ന് സിനിമകളിൽ അവസരം കൊടുക്കുമെന്നും പറഞ്ഞു. ഒരു സിനിമ പോലും സംവിധാനം ചെയ്യാത്ത സുരാജ് വെഞ്ഞാറമൂടാണ് അവസരം നൽകിയത്. തന്നെ അപമാനിച്ചു എന്നു പറഞ്ഞ് ആദ്യം മഴവിൽ മനോരമയ്ക്ക് നോട്ടീസ് നൽകിയിരുന്നു. എന്നാൽ ചാനലും സുരാജ് വെഞ്ഞാറംമൂടും ഇക്കാര്യത്തിൽ മറുപടി നൽകിയില്ലെന്നും പണ്ഡിറ്റ് പറഞ്ഞു. എന്റെ പാട്ടും കോസ്റ്റൂമും അടക്കം ഉപയോഗിച്ചുവെന്നു പണ്ഡിറ്റ് പറഞ്ഞു. ഷോയിൽ ഇന്ത്യൻ കറൻസി ചൂതാട്ടത്തിന് ഉപയോഗിച്ചുവെന്നും പണ്ഡിറ്റ് ചൂണ്ടിക്കാട്ടി. ഇത് തെറ്റാണെന്ന് ഇക്കാര്യത്തിലും ഇടപെടൽ നടത്തുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞിരുന്നു.
മിമിക്രി മഹാമേളയിൽ കൊല്ലം ശാസ്തംകോട്ട സ്വദേശിയായ കിരൺ ക്രിസ്റ്റഫറാണ് സന്തോഷ് പണ്ഡിറ്റിനെ അനുകരിച്ചത്. അദ്ധ്യാപകനായ കിരൺ കേരളാ യൂണിവേഴ്സിറ്റിയിലെ മിമിക്രി വിന്നർ കൂടിയായിരുന്നു. സന്തോഷ് പണ്ഡിറ്റിനെ ഇതുവരെ കണ്ടിട്ടില്ലെന്നും ജീവിതത്തിൽ ആദ്യമായി അനുകരിക്കുന്നതെന്നും അദ്ദേഹം ഷോയിൽ പറഞ്ഞിരുന്നു. സന്തോഷ് മാസ്റ്റർ പീസിൽ അഭിനയിച്ച കാര്യം അടക്കം അനുകരിച്ചിരുന്നു. ബാഹുബലിയേക്കാൾ മികച്ചത് തന്റെ സിനിമയാണെന്നും അടക്കം പറഞ്ഞു കൊണ്ടാണ് പണ്ഡിറ്റിനെ അനുകരിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ലെന്നും മറ്റും പറഞ്ഞാണ് സന്തോഷ് നിയമ പോരാട്ടം നടത്തിയത്. ബാഹുബലിയുമായി സന്തോഷ് പണ്ഡിറ്റ് ഒരിക്കലും തന്റെ സിനിമയെ ചേർത്തു പിടിച്ചിരുന്നുമില്ല.
കഴിഞ്ഞ കുറെ കാലമായി ചില ചാനലുകൾ എന്നെ അപകീർത്തിപ്പെടുത്തുകയും ഞാൻ പറഞ്ഞ കാര്യങ്ങൾ, എന്റെ പേരും ചിത്രവും പാട്ട് രംഗങ്ങളും ഉപയോഗിച്ച് മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കുകയും അതിൽക്കൂടി പരസ്യ ലാഭവും മറ്റു സാമ്പത്തിക നേട്ടങ്ങളും ഉണ്ടാക്കുന്നത് ഒരു പതിവായി തീർന്നിരിക്കുകയുമാണെന്നാണ് സന്തോഷ് പണ്ഡിറ്റിന്റെ പരാതി. എന്നെ പോലെ സമൂഹത്തിലെ പല പ്രമുഖ വ്യക്തികളെയും മിമിക്രി എന്ന കലാപരിപാടികളിൽ കൂടി ചിലർ രൂപ കല്പന നടത്തി എതിർ കക്ഷികൾക്ക് നല്കുകയും അവർ ഇത് പ്രതിഫലം വാങ്ങി കോടിക്കണക്കിന് വരുന്ന പൊതുജന സമക്ഷം പ്രദർശിപ്പിക്കുകയുമാണ് ചെയ്യുന്നതെന്നും പറയുന്നു.
മഴവിൽ മനോരമയിൽ മിമിക്രി മഹാമേള എന്ന പേരിൽ ഉണ്ടായിരുന്ന പരിപാടിയുടെ ആറാം അദ്ധ്യായത്തിൽ എന്റെ വ്യക്തിപരമാകുന്ന ചില അഭിപ്രായങ്ങളെ ഉൾപ്പെടുത്തുകയും ചില പ്രമുഖ വ്യക്തികളെ എന്റെ രൂപ സാദൃശ്യമുള്ള ഒരാളെ മേക്കപ്പിൽ കൂടി രൂപ മാറ്റം വരുത്തി ഇയാളിൽക്കൂടി സുരാജ് വെഞ്ഞാറ മൂട് എന്ന സിനിമ നടൻ ഉൾപ്പെടെയുള്ളവർ ചേർന്നിരുന്ന് ചില സിനിമകളെയും പ്രമുഖ വ്യക്തികളെയും ആറ്റുകാൽ ക്ഷേത്രം ഉൾപ്പെടെയുള്ള ആരാധാനാലയങ്ങളെയും അധിക്ഷേപിക്കുന്ന രീതിയിൽ പറയിപ്പിക്കുകയും എന്റെ അഭിപ്രായം എന്ന നിലയിൽ എന്റെ വ്യാജനെ ഉപയോഗപ്പെടുത്തി പരിപാടിയുടെ മികവ് പറയിപ്പിക്കുകയും ചെയ്തിരുന്നതും ഇതിനൊന്നും എന്റെ അറിവോ സമ്മതമോ ഉണ്ടായിരുന്നില്ലെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.
ഇതിന്റെയൊക്കെ ലക്ഷ്യം എന്റെ സിനിമ മേഖലയെ തടയുകയും കൂടാതെ മുഖ്യധാര ചിത്രങ്ങളിലേക്കുള്ള എന്റെ വരവിനെ തടസപ്പെടുത്തുന്നതിനും വേണ്ടി ചെയ്തിട്ടുള്ള ബോധപൂർവ്വമായ കാര്യമാകുന്നു. മുമ്പും പല ചാനലുകളും ഇത്തരം പരിപാടികൾ പ്രക്ഷേപണം ചെയ്ത് എന്നെ ദ്രോഹിച്ചിട്ടുണ്ട്. മഴവില്ല് മനോരമയുടെ പ്രക്ഷേപണം കാരണം മാനസിക ബുദ്ധിമുട്ടും ഉറക്ക നഷ്ടവും മറ്റു ക്ലേശങ്ങളും ഉണ്ടായി.കൂടാതെ പ്രളയ ബാധിത പ്രദേശമായ വയനാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ പ്രളയകെടുതിയിൽ ദുരിതം അനുഭവിക്കുന്നവർക്ക് ആശ്വാസ നടപടികളുമായി ബന്ധപ്പെട്ട് സഹായങ്ങൾ ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് ഈ ചാനൽ മിമിക്രി മഹാമേള എന്ന പരിപാടിയിലൂടെ എന്നെ അപഹസിച്ചതെന്നും വിശദീകരിക്കുന്നു.
തുടർന്ന് മാനസിക ബുദ്ധിമുട്ട് ഉണ്ടായ കാരണത്താൽ താൽക്കാലികമായി എന്റെ ദുരിതാശ്വാസ പരിപാടികൾ നിർത്തി വെയ്ക്കേണ്ടി വന്നു.ഇങ്ങനെയുള്ള പരിപാടികൾ തുടർച്ചയായി സംപ്രേഷണം ചെയ്യുന്നതിനാൽ എന്റെ സിനിമകളുടെ സാറ്റലൈറ്റ് റൈറ്റ്, വീഡിയോ റൈറ്റ്, എന്നിവയുടെ കൈമാറ്റത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ഇത് എനിക്ക് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നതെന്നും പരാതിയിൽ പറയുന്നു.