- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അസഭ്യവർഷവും ആക്രോശവുമായി പാഞ്ഞടുത്ത സംഘപരിവാർ പ്രവർത്തകർ സ്ത്രീയെന്ന പരിഗണന പോലും നൽകാതെ ഷാജിലയെ മർദ്ദിച്ചു; വേദന കൊണ്ട് പുളഞ്ഞ് കരഞ്ഞപ്പോഴും കൊലവിളിയിൽ പതറാതെ ദൃശ്യങ്ങൾ പകർത്തി; കൈരളി പീപ്പിൾ ടിവി ക്യാമറാപേഴ്സണിന് അഭിനന്ദിച്ച് മാധ്യമപ്രവർത്തകരും സോഷ്യൽ മീഡിയയും; ഈ ആക്രമണത്തിലും തളരില്ലെന്ന് മാധ്യമ പ്രവർത്തക
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ പ്രതിഷേധിച്ച് ഇന്നലെ മുതൽ ആക്രമണം അഴിച്ചു വിടുകയാണ് ബിജെപി പ്രവർത്തകർ. മാധ്യമപ്രവർത്തകരെ തിരഞ്ഞു പിടിച്ചാണ് ഇന്നലെ ആക്രമിച്ചത്. ഇതിൽ വനിതയെന്ന പരിഗണന പോലും നൽകാതെ ബിജെപി പ്രവർത്തകർ ഇന്നലെ കൈരളി പീപ്പിൽ ടിവി പ്രവർത്തകയെ ആക്രമിച്ചിരുന്നു. ഇന്ന് മാധ്യമങ്ങളിൽ എല്ലാം കൈരളി പീപ്പിളിന്റെ ക്യാമറാ പേഴ്സൺ ഷാജില കണ്ണീരോടെ ക്യാമറയും ഏന്തി നിൽക്കുന്ന ചിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ദൃശ്യങ്ങൾ പകർത്തുന്നതിനിടെയാണ് ഷാജില ആക്രമിക്കപ്പെട്ടത്.
ഷാജിലയ്ക്ക് ഇന്ന് വലിയ തോതിൽ സൈബർ ലോകത്തിന്റെ പിന്തുണ ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന അക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തുന്ന ഷാജിലയുടെ ദൃശ്യങ്ങൾ മാധ്യമങ്ങൾ ഏറ്റെടുത്തു. ശബരിമല യുവതീപ്രവേശനത്തിന്റെ പേരിലുള്ള സംഘപരിവാർ അക്രമത്തിന്റെയും അഴിഞ്ഞാട്ടത്തിന്റെയും ഇരയായിരുന്നു ഷാജില. സെക്രട്ടറിയേറ്റിന് മുന്നിലെ അക്രമത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ഷാജിലയ്ക്ക് നേരെ ക്രൂരമായ അക്രമണമാണ് ആർഎസ്എസ് ബിജെപി കലാപകാരികൾ അഴിച്ചുവിട്ടത്.
സംഘപരിവാർ പ്രവർത്തകർ ഷാജിലയ്ക്ക് നേരെ അസഭ്യവർഷവും ആക്രോശവുമായി പാഞ്ഞടുക്കുകയായിരുന്നു. ഷാജിലയുടെ ക്യാമറ പിടിച്ചു വാങ്ങുകയും മൈക്ക് തല്ലിതകർക്കുകയും ചെയ്തു. സ്വന്തം ജീവൻപോലും അവഗണിച്ച് അക്രമകാരികൾക്ക് മുന്നിൽ നിന്ന് സധൈര്യം ദൃശ്യങ്ങൾ പകർത്തി. കൊലവിളിക്ക് മുന്നിലും പതറാതെ നിന്ന് കർത്തവ്യം നിർവഹിച്ച ഷാജിലയെ മുഖ്യധാരാ മാധ്യമങ്ങൾ സമൂഹമാധ്യമങ്ങളും പ്രകീർത്തിച്ചു. കൈവിടില്ല കർത്തവ്യം എന്ന തലക്കെട്ടോടെ മുഖ്യധാരാ മാധ്യമങ്ങൾ ഷാജില കർത്തവ്യനിരതയായിരിക്കുന്നതിന്റെ ഫോട്ടോ പ്രസിദ്ധീകരിച്ചു.
സ്ത്രീസ്വാതന്ത്രത്തിനും മാധ്യമസ്വതന്ത്രത്തിന് ഭീഷണിയായി നിൽക്കുന്ന സംഘപരിവാർ ഭീകരതയ്ക്കെതിരെ വലിയ പോരാട്ട പ്രതീകമായ ഈ ചിത്രം കേരളത്തിലെ മുഴുവൻ മാധ്യമങ്ങളും ഒന്നാം പേജിൽ തന്നെ പ്രസിദ്ധീകരിക്കേണ്ട ചിത്രമാണെന്നാണ് സമൂഹമാധ്യമങ്ങൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്. അതേസമയം ഈ ആക്രമണം കൊണ്ടൊന്നും തളരില്ലെന്നാണ് ഷാജില പറയുന്നു. ഒരു സ്ത്രീയെ ആക്രമിച്ചു കൊണ്ട് ഇവർ എന്താണ് നേടുന്നതെന്നാണ് ഷാജില ഉന്നയിക്കുന്ന ചോദ്യം.
അതേസമയം മാധ്യമപ്രവർത്തകർക്കുനേരെ തിരുവനന്തപുരത്ത് നടന്ന അക്രമത്തിൽ പ്രതിഷേധിച്ച് റിപ്പോർട്ടിങ് നിർത്തിവെച്ചു. സെക്രട്ടറിയേറ്റിനു മുന്നിലേയ്ക്ക് ബിജെപി-ആർഎസ്എസ് പ്രവർത്തകർ നടത്തിയ മാർച്ച് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകർക്കുനേരെയാണ് ആക്രമണമുണ്ടായത്. ഏഷ്യാനെറ്റിന്റെയും മനോരമയുടെയും ക്യാമറാ മാന്മാർക്ക് ക്രൂരമായ മർദ്ദനമേറ്റു.
അണികളാണ് അക്രമം നടത്തുന്നതെന്നും തങ്ങൾക്കൊന്നും ചെയ്യാനില്ലെന്നുമുള്ള നിലപാടാണ് നേതാക്കൾ സ്വീകരിച്ചത്. തുടർന്നാണ് അക്രമികളിൽനിന്ന് സംരക്ഷണം ലഭിക്കുന്നില്ലെന്ന് ആരോപിച്ച് വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽനിന്ന് മാധ്യമപ്രവർത്തകർ പിന്മാറിയത്. ശബരിമല കർമസമിതിയുടെ സമരവുമായി ബന്ധപ്പെട്ട വാർത്തകളൊന്നും നൽകേണ്ടെന്നാണ് തീരുമാനം.
മറുനാടന് മലയാളി ബ്യൂറോ