- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുഖ്യമന്ത്രി ഞങ്ങൾക്കും വല്ലതും തരണേ; മതിലിൽ പങ്കെടുത്ത് പ്രതിഫലം പരസ്യമായി ചോദിച്ച് വെള്ളാപ്പള്ളിയുടെ ഭാര്യ; നവോത്ഥാനം ഗുരുവിന്റെ ചെലവിൽ വേണ്ടെന്ന് മറുപടി നൽകി ശിവഗിരി മഠം; വെള്ളാപ്പള്ളിയുടേയും വീട്ടുകാരുടേയും നേട്ടത്തിന് വേണ്ടി എസ് എൻ ഡി പിയെ ബലികൊടുത്തതിൽ പ്രവർത്തകർക്കിടയിൽ അമർഷം; വനിതാ മതിലിൽ കുലുങ്ങിയ എസ് എൻ ഡി പിയും ഈഴവ സമൂഹവും
ആലപ്പുഴ: ശബരിമല അയ്യപ്പ വിശ്വാസികളാണ് കേരളത്തിൽ ഈഴവ സമൂഹത്തിൽ ബഹുഭൂരിഭാഗവും. മിക്കവരും എസ് എൻ ഡി പിയുടെ ഭാഗം. ശ്രീനാരായണ ഗുരുദേവന്റെ നവോത്ഥാന ആശയങ്ങൾ തന്നെയാണ് ഇവരുടെ വഴികാട്ടി. അ്പ്പോഴും ശബരിമലയിലെ ആചാരത്തിനും വിശ്വാസത്തിനും ഏറെ പ്രധാന്യം കൊടുക്കുന്നവർ. ഇവരെയാണ് എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പിണറായി വിജയന്റെ നവോത്ഥാന മതിലിന്റെ ഭാഗമാക്കിയത്. ശബരിമല വിധിയുടെ പിറകെയുണ്ടായ നവോത്ഥാന ചർച്ചകൾ ശബരിമലയെ ലക്ഷ്യമിട്ടാണെന്ന് വിശ്വാസികൾ ഒന്നടങ്കം പറഞ്ഞു. ഇതോടെ ശബരിമലയുമായി നവോത്ഥാന മതിലിന് ബന്ധമില്ലെന്ന് വെള്ളാപ്പള്ളി വിശദീകരിച്ചു. ശാഖകളിൽ നിന്ന് ശ്രീനാരയണീയരെ വനിതാ മതിലിനും എത്തിച്ചു.
ഇതിന് പിന്നിൽ വെള്ളാപ്പള്ളിയുടെ വ്യക്തി താൽപ്പര്യമാണുള്ളതെന്ന വാദം സജീവമായിരുന്നു. ശിവഗിരി തീർത്ഥാടനത്തിന്റെ അവസാന ദിവസം വനിതാ മതിൽ വച്ചതും വിമർശിക്കപ്പെട്ടു. ഇതിനിടെയിലും വനിതാ മതിലിനെ പിന്തുണച്ച് വെള്ളാപ്പള്ളി ഉറച്ചു നിന്നു. ഇപ്പോഴിതാ മനസ് തുറക്കുകയാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ ഭാര്യയും എസ്എൻ ട്രസ്റ്റ് ബോർഡ് അംഗവുമായ പ്രീതി നടേശൻ. ഗുരു ഉഴുതിട്ട മണ്ണിൽ വിത്തെറിഞ്ഞു കമ്യൂണിസ്റ്റ് പാർട്ടി വിത കൊയ്യുമ്പോൾ തങ്ങളെക്കൂടി പരിഗണിക്കണമെന്നാണ് അവരുടെ ആവശ്യം. ആലപ്പുഴ ഇഎംഎസ് സ്റ്റേഡിയത്തിനു സമീപം വനിതാ മതിലിന്റെ പ്രതിജ്ഞ ചൊല്ലിക്കൊടുത്ത ശേഷം പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അവർ. അതായത് തങ്ങൾക്ക് കിട്ടേണ്ടത് കിട്ടണമെന്നാണ് പ്രീതി നടേശൻ പറയുന്നത്.
'ഞാൻ ബിഡിജെഎസ് അംഗമാണ്. എന്നാൽ, മുഖ്യമന്ത്രിയെ തെങ്ങുകയറ്റക്കാരനെന്നു വിളിക്കുമ്പോൾ തനിക്കടക്കം പ്രതിഷേധമുണ്ടാകും. ആർ.ശങ്കർ മുഖ്യമന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തേയും ഇതുപോലെ കളിയാക്കിയിരുന്നതിനാലാണത്' പ്രീതി നടേശൻ പറഞ്ഞു. എസ്എൻഡിപിയെ വർഗീയ കക്ഷിയായി ഒതുക്കരുതെന്നും അവർ പറഞ്ഞു. അങ്ങനെയൊക്കെ പറയുമ്പോഴും ലക്ഷ്യം സ്ഥാനവും പദവിയുമൊക്കെയാണെന്ന് പറയാതെ പറയുകയാണ് പ്രീതി. ഇതോടെ എസ് എൻ ഡി പിക്കുള്ളിൽ വനിതാ മതിൽ പുതിയ പ്രതിസന്ധിയുണ്ടാക്കുകയാണ്. വെള്ളാപ്പള്ളിക്കും കുടുംബത്തിനും നേട്ടമുണ്ടാക്കാനായി എസ് എൻ ഡി പിയെ ഒറ്റികൊടുത്തുവെന്ന വികാരമാണ് സജീവമാക്കുന്നത്. മകൻ തുഷാർ വെള്ളാപ്പള്ളിയെ ബിജെപിക്കൊപ്പം നിർത്തി കേന്ദ്ര സർക്കാരിന്റേയും പിണറായിയെ പുകഴ്ത്തി അച്ഛനും അമ്മയും ഇടതുപക്ഷത്തിന്റേയും അടുപ്പക്കാരാകുന്നു. ഇങ്ങനെ ഭരണത്തിന്റെ നേട്ടം കൊയ്യാനുള്ള ഒരു കുടുംബത്തിന്റെ നീക്കമാണ് ഇപ്പോൾ നടക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.
ശിവഗിരി തീർത്ഥാടനത്തെ അട്ടിമറിക്കുന്നതായിരുന്നു വനിതാ മതിൽ. ഇത് മനസ്സിലാക്കിയാണ് തീർത്ഥാടന ദിവസം വനിതാമതിൽ സംഘടിപ്പിച്ചതിൽ രൂക്ഷവിമർശനവുമായി ശിവഗിരി മഠം. എത്തുന്നത്. ശ്രീനാരായണ ഗുരുദേവൻ തീർത്ഥാടനത്തിനു തിരഞ്ഞെടുത്ത ദിവസം തന്നെ മതിൽ സംഘടിപ്പിച്ചത് ശിവഗിരിയെ ശുഷ്കമാക്കാനാണെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. ശിവഗിരി തീർത്ഥാടനത്തിന്റെ അവസാന ദിവസം എസ് എൻ ഡി പിക്കാരെ മുഴുവൻ നിർബന്ധിച്ച് വനിതാ മതിലിൽ വെള്ളാപ്പള്ളി അണിനിരത്തി. ഇതോടെ ശിവഗിരിയിലേക്കുള്ള തീർത്ഥാടകരുടെ വരവിനെ ബാധിച്ചു. എന്നും നിറഞ്ഞ സദസിൽ നടക്കുന്ന വേദികൾ ശുഷ്കമായി. ഇതോടെയാണ് ശിവഗിരി മഠം വിമർശനവുമായി എത്തിയത്.
മനുഷ്യൻ നന്നാവരുതെന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുള്ളത്. ജനുവരി ഒന്നിന് എന്തുകൊണ്ട് ശിവഗിരിയിലേക്കു ജനങ്ങളെ പോകാൻ അനുവദിച്ചില്ലെന്ന് നാം ചിന്തിക്കണം. ഇത് നേരത്തേ പറയാൻ കഴിഞ്ഞില്ല. പറയേണ്ട സമയത്ത് പറയാൻ ആഗ്രഹിച്ചിരുന്നതാണ്. ശിവഗിരിയെ ശുഷ്കമാക്കിയവരുടെ അന്തഃരംഗം ഇപ്പോൾ സന്തോഷിക്കുന്നുണ്ടാകാം. അവർക്കു മാപ്പുനൽകണമെന്ന് ഗുരുവിനോട് പ്രാർത്ഥിക്കാമെന്ന് മാത്രമാണ് ശിവഗിരി മഠത്തിനു പറയാനുള്ളതെന്നും സ്വാമി വിശുദ്ധാനന്ദ പറഞ്ഞു. ശിവഗിരി തീർത്ഥാടന ശാസ്ത്രസാങ്കേതിക പരിശീലന സമ്മേളനത്തിൽ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഇങ്ങനെ ശിവഗിരിക്ക് മോശമുണ്ടാകുമ്പോഴും വെള്ളാപ്പള്ളിയും കൂട്ടരും വനിതാ മതിലിന്റെ വിജയം ആഘോഷിക്കുകയാണ്. ഇതാണ് ശ്രീനാരായണിയരിൽ പ്രതിഷേധം ആളിക്കത്തിക്കുന്നത്.
വെള്ളാപ്പള്ളിക്കെതിരെ നിരവധി വിജിലൻസ് കേസുകൾ ഉണ്ട്. ഇതിൽ നിന്ന് രക്ഷപ്പെടാനാണ് പിണറായി സർക്കാരുമായി വെള്ളാപ്പള്ളി അടുക്കുന്നതെന്നാണ് ഉയരുന്ന വിലയിരുത്തലുകൾ. ഇതിന് വേണ്ടിയാണ് വനിതാ മതിലിൽ പങ്കെടുത്തത്. ശബരിമലയിലെ ആചാര ലംഘനത്തിന് ശ്രീനാരായണിയ വിശ്വാസികൾ എല്ലാം എതിരായിരുന്നിട്ടും വെള്ളാപ്പള്ളി വനിതാ മതിലിൽ പങ്കാളിയായി. ഇതിനൊപ്പം മെക്രോ ഫിനാൻസ് അടക്കുള്ള സഹായം നൽകില്ലെന്ന് വിശ്വാസികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇങ്ങനെയൊക്കെ മൈക്രോ ഫിനാൻസ് കാട്ടി ഭീഷണിപ്പെടുത്തിയാണ് എസ് എൻ ഡി പി യോഗം പ്രവർത്തകരെ വനിതാ മതിലിന് എത്തിച്ചത്. ഇത് പുതിയ സമവാക്യങ്ങൾ യോഗത്തിനുള്ളിൽ രൂപപ്പെടുത്തും. ശിവഗിരി തീർത്ഥാടനത്തെ അട്ടിമറിക്കാൻ ശ്രമിച്ചുവെന്ന മഠത്തിന്റെ ആരോപണവും പുതിയ തലത്തിൽ ചർച്ചയാകും.
കൊട്ടിഘോഷിച്ച് സർക്കാരും ഇടതുപക്ഷവും സംഘടിപ്പിച്ച വനിതാ മതിൽ ആലപ്പുഴ ജില്ലയിൽ പലയിടത്തും പൊളിഞ്ഞു. ജില്ലയിൽ കണിച്ചുകുളങ്ങര കവല, കലവൂർ, കൊമ്മാടി, ആലപ്പുഴ ടിഡി സ്കൂളിനു തെക്കുഭാഗം, കൊങ്ങിണി ചുടുകാട്, പുന്നപ്ര പവർ ഹൗസിനു തെക്കുവശം, പുറക്കാട് മുരിക്കുവേലി ക്ഷേത്രത്തിനു സമീപം തുടങ്ങിയ പ്രദേശങ്ങളിലാണ് മതിൽ പൂർത്തിയാക്കാൻ കഴിയാതിരുന്നെതെന്ന ആരോപണവും സജീവമാണ്. സംഘാടനത്തിലെ പിഴവാണ് പലയിടത്തും മതിൽ പൊളിയാൻ കാരണമെന്നാണ് ന്യായീകരണമെങ്കിലും ആളെക്കൂട്ടാൻ കഴിയാഞ്ഞത് വൻ വീഴ്ചയായാണ് വിലയിരുത്തൽ. വെള്ളാപ്പള്ളിയുടെ ആഹ്വാനം എസ് എൻഡിപിക്കാർ തള്ളിക്കളഞ്ഞതാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.
എസ്എൻഡിപിയോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ കുടുംബം പങ്കെടുത്ത ഭാഗത്തുപോലും യഥാസമയം ആളില്ലായിരുന്നു. കൈകൾ ചങ്ങലപോലെ പിടിച്ചാണ് ഇവിടെ മുഖം രക്ഷിച്ചത്. ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ ഭാര്യയും മതിലിൽ പങ്കാളിയായില്ല.