- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയ തമ്പ്രാക്കന്മാർക്ക് വേണ്ടി പരസ്പ്പരം വെട്ടി രക്തമൊഴുക്കി ഉത്തര മലബാറിലെ തീയ്യർ; ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ഹർത്താൽ ആചരിക്കാനും എതിർക്കാനും രംഗത്തിറങ്ങിയത് തീയ്യ സമുദായക്കാർ തന്നെ; അക്രമങ്ങൾ അരങ്ങേറിയത് സമുദായ ഭൂരിപക്ഷ പ്രദേശങ്ങളിൽ; ഈഴവരും നായരും ക്രൈസ്തവരും വസിക്കുന്ന കുടിയേറ്റ മേഖലയിൽ ഹർത്താൽ ഭാഗികം; എസ്എൻഡിപി വഴിയുള്ള ഇറക്കുമതി ആചാരങ്ങളോടും മുഖം തിരിച്ച് മലബാറിലെ തീയ്യർ
കണ്ണൂർ: ശബരിമല യുവതീ പ്രവേശന വിഷയത്തിലും രക്തമൊഴുക്കാൻ വടക്കേ മലബാറിലെ തീയ്യർ തന്നെ മുന്നിൽ. ഹർത്താലാചരിക്കാനും ഹർത്താലിനെ എതിർക്കാനും തീയ്യർ സജീവമായി ഇറങ്ങിയപ്പോൾ അക്രമങ്ങൾ അതിരു കടന്നു. കണ്ണൂർ, തലശ്ശേരി, കൂത്തുപറമ്പ്, പാനൂർ എന്നിവിടങ്ങളിലെ തീയ്യ ഭൂരിപക്ഷ പ്രദേശങ്ങളിലാണ് അക്രമങ്ങൾ അരങ്ങേറിയത്. ഹർത്താലിനെ എതിർത്തു കൊണ്ട് പ്രതിരോധം തീർത്ത ചൊക്ലി, കുട്ടി മാക്കൂൽ, ചമ്പാട്, മനേക്കര, എന്നീ പ്രദേശങ്ങളിലും തീയ്യർ തന്നെ മുന്നിൽ. എന്നാൽ കുടിയേറ്റ മേഖലയിലെ ഈഴവ, നായർ, ക്രൈസ്തവ മേഖലകളിൽ ഹർത്താൽ ഭാഗികമായിരുന്നു എന്ന് മാത്രമല്ല സംഘർഷവും നാമമാത്രമായിരുന്നു. മലയോര മേഖലയിലെ ഈഴവർ എസ്.എൻ.ഡി.പി.യും ബി.ഡി. ജെ.എസുമായി ബന്ധപ്പെട്ടവരായിരുന്നു. അവരിൽ മഹാഭൂരിപക്ഷവും ഹർത്താലിനെ അനുകൂലിക്കാനോ എതിർക്കാനോ രംഗത്തുണ്ടായിരുന്നില്ല.
രാഷ്ട്രീയ അക്രമങ്ങൾ തുടർക്കഥയാവുന്ന വടക്കേ മലബാറിൽ സിപിഎം. നും ബിജെപി.ക്കും വേണ്ടി അങ്കത്തിനിറങ്ങുന്നത് തീയ്യരാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കയാണ്. മലബാറിലെ തീയ്യർ തെക്കൻ കേരളത്തിലെ ഈഴവരുമായി വംശീയമായി യാതൊരു ബന്ധവുമില്ലാത്തവരാണെന്ന് ഡി.എൻ.എ. പരിശോധന വഴി കാനഡയിലെ മലയാളി ഡോ. ശ്യാമളൻ തെളിയിച്ചിട്ടുണ്ട്. മുൻകാലങ്ങളിൽ ഒരേ ഗോത്രത്തിലുള്ള തീയ്യർ തന്നെ തറവാട്ടു മഹിമയുടെ പേരിലും ദേശത്തിന്റെ പേരിലും പരസ്പരം അങ്കം വെട്ടിയിരുന്നു. രാഷ്ട്രീയ കാരണങ്ങളല്ലാതെ തന്നെ വംശീയമായ ആധിപത്യത്തിന് വേണ്ടി പോരടിച്ച സമൂഹമായിരുന്നു തീയ്യർ. 15, 16 നൂറ്റാണുകളിൽ കുന്തം പ്രധാന ആയുധമായി തീയ്യർ കൊണ്ടു നടന്നിരുന്നുവെന്നും കുലമഹിമയുടേയും തറവാട്ടു മഹിമയുടേയും പേരിൽ പരസ്പരം പോരടിച്ചിരുന്നുവെന്നും യശശ്ശരീരനായ പത്ര പ്രവർത്തകൻ കെ. രാമകൃഷ്ണൻ ചൂണ്ടിക്കാട്ടിയിരുന്നു.
കുറുമ്പ്രനാട് രാജവംശത്തിന്റെ പടയാളികളായിരുന്നു ഒരു കാലത്ത് തീയ്യർ. നടുവിൽ ആസ്ഥാനമായുള്ള മന്നനാർ രാജവംശം തീയ്യരുടേതായിരുന്നു. അതുകൊണ്ടു തന്നെ ശൂരതക്കും പരാക്രമത്തിനും പേര് കേട്ടവരായിരുന്നു. ഒട്ടേറെ നാട്ടുരാജാക്കന്മാരുടെ സേനാനായകന്മാരായും തീയ്യറെയാണ് നിയോഗിച്ചിരുന്നത്. ഗോത്ര വൈരം വംശീയമായി തന്നെ അലിഞ്ഞു ചേർന്ന ഈ സമുദായം ജാതിയുടേയോ മതത്തിന്റേയോ പിന്നിൽ അണി നിരന്നിരുന്നില്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് വേണ്ടി കൊല്ലുന്നവരും കൊല്ലപ്പെടുന്നവരും മഹാഭൂരിപക്ഷവും തീയ്യരാണ്. കടത്തനാട്ടെ കളരികളിൽ കുടിപ്പക തീർക്കാനുള്ള ലക്ഷ്യം വച്ചായിരുന്നു പഴയകാലത്ത് കൗമാരക്കാരായ തീയ്യർ പോയിരുന്നത്. അക്കാലത്തെ കളരി പരിശീലനത്തിന് പോകുന്നവരുടെ ലക്ഷ്യം തന്നെ പൊയ്ത്തായിരുന്നു.
നാട്ടുരാജാക്കന്മാർക്കും ഭൂപ്രഭുക്കന്മാർക്കും വേണ്ടി പൊയ്ത്തിനു പോകുന്ന പോരാളികളായിരുന്നു തീയ്യർ. പൊയ്ത്ത് കഴിഞ്ഞ് ജയിച്ചു വന്നാൽ നാട്ടിൽ ആരാധനാ പാത്രമാകുന്നതിന് പുറമേ രാജാവിന്റെ മകളെ വിവാഹം കഴിക്കാനും രാജ്യത്തിന്റെ ഒരു ഭാഗവും സ്വർണ്ണവും ഉൾപ്പെടെയുള്ള പാരിതോഷികങ്ങളും നൽകിയിരുന്നു. മലബാറിൽ ടിപ്പു സുൽത്താന്റെ സേന പടയോട്ടം നടത്തിയ കാലത്ത് പിണറായിയിലും പാനൂരിലും മൈസൂർ സേനയെ ചെറുത്തു തിരിച്ചു വിട്ട സംഭവവും ഉണ്ടായിട്ടുണ്ട്. തീയ്യ പടയാളികൾ അനന്തൻ എന്ന നേതാവിന്റെ ആജ്ഞ അനുസരിച്ചായിരുന്നു മൈസൂർ പടയെ തുരത്തിയത്. സുൽത്താന്റെ പടയോട്ടം നടക്കുമെന്നറിഞ്ഞതോടെ ഈ മേഖലയിലെ ബ്രാഹ്മണരും നായന്മാരും സ്ഥലം വിട്ട് പോയിരുന്നു. വർഷങ്ങൾക്ക് ശേഷം മലപ്പുറത്ത് കഴിഞ്ഞിരുന്ന അവർ തിരിച്ച് വന്നപ്പോൾ അവരെ ഉൾക്കൊള്ളാൻ പ്രദേശവാസികളായ തീയ്യർ തയ്യാറായില്ല.
അതോടെയാണ് ഈ മേഖല തീയ്യ ഭൂരിപക്ഷ പ്രദേശമായത്. അതിന്റെ ശേഷിപ്പായി ബ്രാഹ്മണ വീടുകളുടെ നാമമുള്ള ഇല്ലം, മന, എന്നീ പേരുകൾ തീയ്യത്തറവാടുകൾക്ക് ഇന്നുമുണ്ട്. വംശീയമായി തീയ്യരും ഈഴവരും രണ്ടാണെന്നാണ് മലബാറിലെ തീയ്യർ വിശ്വസിക്കുന്നത്. അതുകൊണ്ട് തന്നെ മലബാറിലെ ഈഴവ ജനസംഖ്യയിൽ അഞ്ച് ശതമാനം പോലും എസ്.എൻ.ഡി.പി.യിലോ മറ്റ് സമുദായ സംഘടനകളിലോ ഇല്ല. തങ്ങൾ ജനിച്ചു വളർന്ന ആചാരാനുഷ്ഠാനങ്ങൾക്ക് പകരം ഈഴവരുടെ അന്ധവിശ്വാസങ്ങൾ അടിച്ചേൽപ്പിക്കാനാണ് എസ്. എൻ.ഡി.പി. ശ്രമിക്കുന്നതെന്ന് തീയ്യറിലെ മഹാഭൂരിപക്ഷവും കരുതുന്നു. മലബാറിലെ തീയ്യരെ സംബന്ധിച്ച് സ്വന്തമായി കാവുകളും ആരാധനാലയവുമുണ്ട്. അതുകൊണ്ട് തന്നെ ക്ഷേത്ര പ്രവേശനമോ മറ്റ് ക്ഷേത്ര വിഷയങ്ങളോ അവരെ അലട്ടാറില്ല. വർഷത്തിൽ രണ്ടോ മൂന്നോ ദിവസം നീണ്ടു നിൽക്കുന്ന കാവുകളിലെ കളിയാട്ടമാണ് അവർക്ക് പ്രധാനം. അതിനപ്പുറത്തേക്കുള്ള ആചാരാനുഷ്ഠാനങ്ങൾ തീയ്യർക്കില്ലായിരുന്നു.
എന്നാൽ എസ്.എൻ.ഡി.പി.യിലൂടെ ഈഴവരുടെ അന്ധവിശ്വാസങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നതിനെ മഹാഭൂരിപക്ഷവും എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്. ജനിതക സൂചിക പ്രകാരം ഇന്തോ ആര്യൻ-കൗകാസിയൻ, വംശ വിഭാഗത്തിൽ പെടുന്നവരാണ് തീയ്യരെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തീയ്യരുടെ അടിവേരുകൾ തേടിയുള്ള യാത്രയിൽ കിർഗിസ്ഥാനിലെ തിയാൻഷാൻ മലനിരകളിലാണ് എത്തിച്ചേരുന്നത്. ദക്ഷിണ കേരളത്തിലെ ഈഴവർ ദ്രാവിഡ ആസ്ട്രലോയിഡുകളാണ്. അതുകൊണ്ടു തന്നെ വംശപരമായി ഈഴവരും തീയ്യരും യാതൊരു ബന്ധവുമില്ല. എന്നാൽ മതപരിവർത്തനം പോലെ തീയ്യരെ ഈഴവർ എസ്. എൻ.ഡി.പി.യുടെ പേരിൽ ജാതി പരിവർത്തനം നടത്താൻ ശ്രമിക്കുകയാണ്.
വിവാഹം, ചരമം, എന്നിവയിലും ഈഴവരുമായി യാതൊരു ബന്ധവുമില്ല. സ്ത്രീധന സമ്പ്രദായം തീയ്യരിലില്ല. കാരണവന്മാരും തറയിൽ പ്രമാണിമാരുമാണ് തീയ്യരുടെ വിവാഹ കർമ്മം നടത്തുന്നത്. അതിന് ശാന്തിയോ തന്ത്രിയോ ഉണ്ടായിരുന്നില്ല. എന്നാൽ എസ്.എൻ.ഡി.പി. വഴി ഇതെല്ലാം ഇറക്കുമതി ചെയ്യപ്പെടുന്നു. സമീപകാലത്ത് ഇതിനെ ചെറുത്ത് തോൽപ്പിക്കാൻ കോഴിക്കോടും കണ്ണൂരും കാസർഗോഡും ജനങ്ങൾ തയ്യാറായിട്ടുണ്ട്. എന്നിരുന്നാലും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ കുഴലൂത്ത്കാരായി എന്തിനും പോകുന്ന യുവാക്കളാണ് ഈ സമുദായത്തിന്റെ ഉന്നമനത്തിന് വിലങ്ങു തടിയാകുന്നതെന്നും അഭിപ്രായമുയർന്നിട്ടുണ്ട്. ഏതായാലും ഈഴവരുടെ കടന്നു കയറ്റത്തെ ചെറുക്കണമെന്നും തീയ്യരുടെ അസ്ഥിത്വം കാത്തു സൂക്ഷിക്കണമെന്നുമുള്ള അഭിപ്രായം തീയ്യരിൽ സജീവമായിരിക്കയാണ്.