- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
ദേശീയ നേതാക്കളും മന്ത്രിമാരും മുതൽ തദ്ദേശ ജനപ്രതിനിധികൾ വരെ; സംസ്ഥാനത്ത് നവോത്ഥാന മതിലുയരുന്നത് പെൺകരുത്തിൽ; ലക്ഷകണക്കിന് വനിതകൾ പങ്കെടുത്ത് ട്രയൽ റൺ; നവോത്ഥാന മൂല്യങ്ങളും സ്ത്രീ സമത്വവും പുലർത്താൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ അണിനിരക്കാനൊരുങ്ങി വനിതകൾ; വെള്ളയമ്പലത്തെ അവസാന കണ്ണിയായി വൃന്ദാ കാരാട്ട് അണിചേരും; മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പൊതുയോഗം വൈകുന്നേരം വെള്ളയമ്പലത്ത്
തിരുവനന്തപുരം: നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന് സംസ്ഥാന സർക്കാരിന്റെ ജനകീയ വനിതാമതിലുയരും. ദേശീയപാതയിൽ കാൽമണിക്കൂർ ഒരുമതിലിൽ ഒന്നിപ്പിക്കാൻ കൈകോർക്കുക അമ്പതുലക്ഷത്തോളം വനിതകൾ. കാസർകോട്ടുനിന്ന് തിരുവനന്തപുരം വെള്ളയമ്പലം അയ്യങ്കാളി പ്രതിമയ്ക്കടുത്തുവരെ 620 കിലോമീറ്റർ നീളത്തിലാണ് വൈകീട്ട് നാലിന് മതിലുയരുക.
ഒട്ടേറെ വിവാദങ്ങളുയർത്തിയാണ് വനിതാമതിലെന്ന ആശയം ഉടലെടുത്തത് മുതൽ ഉണ്ടായത്.നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെയും സർക്കാരിന്റെയും നേതൃത്വത്തിൽ ആണ് മതിൽ ഉയർത്തുന്നത്. ദേശീയപാതയുടെ പടിഞ്ഞാറുഭാഗത്തായിരിക്കും സ്ത്രീകൾ നിരക്കുക. സാമൂഹികസംഘടനകളും രാഷ്ട്രീയപ്പാർട്ടികളും നിശ്ചിതസ്ഥലത്ത് മൂന്നിനുതന്നെ വനിതകളെ എത്തിക്കും.
മൂന്നര കഴിഞ്ഞ് റിഹേഴ്സലിനായി നിരന്നു തുടങ്ങും. നാലുമുതൽ നാലേകാൽ വരെയാണ് മതിൽ ഉയരുക. ഇതിന് ശേഷം നവോത്ഥാനമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുമെന്ന പ്രതിജ്ഞയെടുക്കും. ഓരോ കിലോമീറ്ററിലും 620 സ്ത്രീകളുടെ കോർഗ്രൂപ്പ് നിയന്ത്രണത്തിനുണ്ടാകും.കേരളത്തിനകത്തും പുറത്തുമുള്ള കലാസാംസ്കാരിക പ്രമുഖർ ഉൾപ്പെടെയുള്ളവർ മതിലിനെത്തും. വെള്ളയമ്പലത്ത് പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാകാരാട്ട്, ആനി രാജ എന്നിവർ പങ്കെടുക്കുമ്പോൾ കാസർകോട്ട് മതിലിന്റെ തുടക്കത്തിൽ മന്ത്രി കെ.കെ. ശൈലജയുണ്ടാകും.
മതിൽ പൂർത്തിയായാൽ പ്രധാന കേന്ദ്രങ്ങളിലെ പൊതുയോഗത്തിൽ പ്രമുഖർ പങ്കെടുക്കും. മുഖ്യമന്ത്രിക്ക് പുറമേ മന്ത്രിമാരായ തോമസ് ഐസക്, കടകംപള്ളി സുരേന്ദ്രൻ എന്നിവരും വെള്ളയമ്പലത്ത് യോഗത്തിൽ പ്രസംഗിക്കും.മതിൽ ചിത്രീകരിക്കാൻ വിദേശമാധ്യമപ്രവർത്തകർ തലസ്ഥാനത്തുണ്ട്. ഗിന്നസ് റെക്കോഡിനായി യൂണിവേഴ്സൽ റെക്കോഡ്സ് ഫോറം വിവരങ്ങൾ ശേഖരിക്കും. നാൽക്കവലകളിൽ നിശ്ചിത സമയത്തിന് പത്തുമിനിറ്റുമുമ്പുമാത്രമേ മതിലൊരുക്കാവൂ. ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ പൊലീസ് ക്രമീകരണങ്ങൾ ഒരുക്കും.
വനിത മതിലിനെതിരെ ഇന്നും എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ രംഗത്ത് വന്നിരുന്നു.കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഇന്ന് സംഘടിപ്പിക്കുന്ന വനിത മതിലിനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് പ്രമേയം. ഇന്ന് നടക്കുന്ന വനിത മതിലിന് ശേഷം കേരളം ചെകുത്താന്റെ നാടായി മാറുമെന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ പറഞ്ഞു.ശബരിമലയിലെ സർക്കാർ നിലപാടിനെ എതിർത്ത് എൻഎസ്എസ് പ്രമേയം കൊണ്ട് വന്നു.എൻഎസ്എസ് എന്ന സംഘടനയ്ക്ക് രാഷ്ട്രീയമില്ലെന്നും അംഗങ്ങൾക്ക് ഇഷ്ടമുള്ള രാഷ്ട്രീയം സ്വീകരിക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.മന്നം ജയന്തിയോടനുബന്ധിച്ച് നടന്ന നായർ പ്രതിനിധി സഭയിൽ സംസാരിക്കുമ്പോഴായിരുന്നു സുകുമാരൻ നായരുടെ രൂക്ഷ വിമർശനം.
കേരളത്തെ മുന്നോട്ടു കൊണ്ടു പോവുന്ന ശക്തികളോടൊപ്പമാണോ അതോ പിന്നോട്ട് കൊണ്ടു പോവുന്ന ശക്തികൾക്കൊപ്പമാണോ കേരളത്തിന്റെ പൊതുമനസ്സെന്ന് വനിതാ മതിലോടെ വ്യക്തമാവുമെന്ന് മന്ത്രി തോമസ് ഐസക്ക്. അതോടെ തർക്കം തീരുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.എൻഎസ്എസ് നിലപാടെടുത്തതുകൊണ്ട് നായർ സമുദായം മുഴുവൻ അവർക്കൊപ്പംപോവും എന്ന് ഞങ്ങൾ കരുതുന്നില്ല.മന്നത്തിന്റെ പാരമ്പര്യമുള്ള ഒരു പാട് പേർ ആ സംഘടനയിൽ ഇപ്പോഴുമുണ്ട് ഐസക് പറഞ്ഞു.